ETV Bharat / sports

സെനറ്റിൽ എംബാപ്പെയ്ക്ക് തെറിവിളി! പരാഗ്വേ സെനറ്ററുടെ അതിരുകടന്ന വംശീയ അധിക്ഷേപം

എംബാപ്പെയ്‌ക്കെതിരെ വീണ്ടും വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ; സെനറ്റിൽ വച്ച് മോശം പരാമർശം.

Celeste Amarilla insulted Kylian Mbappe again
Celeste Amarilla insulted Kylian Mbappe again (AP)
author img

By ETV Bharat Sports Team

Published : July 9, 2026 at 9:40 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെയ്‌ക്കെതിരായ വംശീയ അധിക്ഷേപങ്ങൾ അവസാനിപ്പിക്കാതെ പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല. എംബാപ്പെയ്‌ക്കെതിരെ നേരത്തെ നടത്തിയ വംശീയ പരാമർശങ്ങൾക്ക് കടുത്ത വിമർശനം നേരിടുന്നതിനിടയിലാണ്, സെനറ്റിൽ നടത്തിയ പ്രസംഗത്തിൽ താരത്തെ വീണ്ടും അധിക്ഷേപിച്ച് സെലസ്റ്റെ രംഗത്തെത്തിയത്. തന്‍റെ മുൻ നിലപാടുകളെ ന്യായീകരിച്ച സെനറ്റർ, എംബാപ്പെയെ (son of a...) എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്.

ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ നടന്ന മത്സരത്തിന് പിന്നാലെയാണ് തർക്കങ്ങളുടെ തുടക്കം. ലിബറൽ റാഡിക്കൽ പാർട്ടി അംഗമായ സെലസ്റ്റെ അമറില്ല, എംബാപ്പെയുടെ ജനന പശ്ചാത്തലത്തെ പരിഹസിച്ച് നിരന്തരം വംശീയ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

ഇതിന് മറുപടിയായി എംബാപ്പെയും രംഗത്തെത്തിയിരുന്നു. 'നിങ്ങളുടെ പദവിക്ക് ഒട്ടും യോഗ്യതയില്ലാത്ത ഒരു അപലപനീയമായ സ്ത്രീയാണ് നിങ്ങൾ. ഈ ടൂർണമെന്‍റിലുടനീളം കഠിനാധ്വാനവും ആത്മാർത്ഥതയും പ്രകടിപ്പിച്ച പരാഗ്വേ എന്ന രാജ്യത്തെ പ്രതിനിധീകരിക്കാൻ നിങ്ങൾക്ക് അർഹതയില്ല."താരം പറഞ്ഞു

സെനറ്റിലെ പുതിയ അധിക്ഷേപം

പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധം നേരിട്ടിട്ടും സെനറ്റിൽ വച്ച് തന്‍റെ വാക്കുകളെ ന്യായീകരിക്കാനാണ് അമറില്ല ശ്രമിച്ചത്. മത്സരത്തിന് ശേഷം പരാഗ്വേയുടെ യുവ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിനെ എംബാപ്പെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു സെനറ്ററുടെ പുതിയ പ്രതികരണം.

'ആദ്യമായി ലോകകപ്പ് കളിക്കാൻ യൂറോപ്പിലെത്തിയ ഒർലാൻഡോ ഗിൽ എന്ന ചെറുപ്പക്കാരൻ ഒരു പരാഗ്വേക്കാരന്‍റെ എല്ലാ വിനയത്തോടെയും കൈ നീട്ടിയപ്പോൾ, (son of a...) അയാൾക്ക് കൈ കൊടുക്കാൻ വിസമ്മതിക്കുകയും മുഖത്തുനോക്കി ആക്രോശിക്കുകയുമാണ് ചെയ്‌തത്. ഇത് ഒരിക്കലും ഒരു ഫ്രഞ്ചുകാരന്‍റെ സ്വഭാവമല്ല," സെനറ്റിൽ അമറില്ല പറഞ്ഞു.

നിയമനടപടി ഭീഷണി

എംബാപ്പെയുടെ മറുപടി തന്‍റെ സ്ത്രീത്വത്തെയും രാഷ്ട്രീയ പ്രതിനിധി എന്ന നിലയിലുള്ള അന്തസ്സിനെയും ചോദ്യം ചെയ്യുന്നതാണെന്ന് അമറില്ല ആരോപിച്ചു. ലിംഗവിവേചനപരമായ അതിക്രമം കാട്ടിയെന്ന് ആരോപിച്ച് എംബാപ്പെ പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അമറില്ല കത്തിലൂടെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഫ്രാൻസ് ക്യാമ്പിന്‍റെ പ്രതികരണം

താരത്തിനെതിരെ രാഷ്ട്രീയ അധിക്ഷേപങ്ങളും വംശീയ അധിക്ഷേപങ്ങളും ശക്തമായി തുടരുമ്പോഴും, എംബാപ്പെ മാനസികമായി പൂർണ്ണ സജ്ജനാണെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് വ്യക്തമാക്കി.

'കിലിയൻ മാനസികമായി വളരെ നല്ല നിലയിലാണ്. അവൻ നാളത്തെ മത്സരത്തിന് പൂർണ്ണ സജ്ജനാണ്," വാർത്താ സമ്മേളനത്തിൽ ദെഷാംപ്‌സ് പറഞ്ഞു. വരാനിരിക്കുന്ന വലിയ മത്സരങ്ങൾക്ക് മുന്നോടിയായി പുറത്തുനിന്നുള്ള ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ടീമിന്‍റെ ഒത്തൊരുമ കളിക്കാരെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: റഫറിമാരെ മാറ്റണം, അന്വേഷണം വേണം; തോൽവിക്ക് പിന്നാലെ ഫിഫയിൽ പരാതിയുമായി ഈജിപ്‌ത്