ലക്ഷ്യം വൈറ്റ് വാഷ് ഒഴിവാക്കൽ; പക്ഷേ പാകിസ്ഥാനെ വേട്ടയാടി ബാബറിന്‍റെ പനിയും ടീമിലെ ആഭ്യന്തര കലഹവും
ബാബർ അസമിന് പനി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുൻപ് പാകിസ്ഥാൻ ടീം കൂടുതൽ പ്രതിസന്ധിയിലേക്ക്.

Published : September 2, 2026 at 2:53 PM IST
ഹെെദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 0-2ന് പിന്നിലായ പാകിസ്ഥാൻ ടീമിന് കനത്ത തിരിച്ചടി. പരമ്പരയിലെ വൈറ്റ് വാഷ് ഒഴിവാക്കാൻ പാകിസ്ഥാൻ കഠിനശ്രമം നടത്തുന്നതിനിടെ, ക്യാപ്റ്റൻ ബാബർ അസം കടുത്ത പനിയെത്തുടർന്ന് ചികിത്സയില്‍. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീം മാനേജ്‌മെന്‍റിനു വലിയ തലവേദനയാണ് ഈ വാർത്ത നൽകുന്നത്.
നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റിൽ വലിയ അഴിച്ചുപണികളാണ് നടക്കുന്നത്. ടീമിലെ ഏഴ് കളിക്കാരെ ഒഴിവാക്കാനും, മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദ്, ബോളിംഗ് പരിശീലകൻ ഉമർ ഗുൽ എന്നിവരെ മാറ്റാനും ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാബറിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്. എന്നാൽ ബാബറിന് പനിയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്നും ടീം മാനേജർ നവീദ് അക്രം ചീമ വ്യക്തമാക്കിയിട്ടുണ്ട്.
ലോർഡ്‌സില്‍ നടന്ന മത്സരത്തിൽ രണ്ടിന്നിങ്സുകളിലായി യഥാക്രമം എട്ടും ആറും റൺസ് മാത്രമാണ് ബാബറിന് നേടാനായത്. ഈ മത്സരത്തിൽ 194 റൺസിന്‍റെ വൻ തോൽവിയാണ് പാകിസ്ഥാൻ വഴങ്ങിയത്. പരിക്കിനെത്തുടർന്ന് ആദ്യ ടെസ്റ്റ് ബാബറിന് നഷ്ടമായിരുന്നു. പകരം സൽമാൻ അലി ആഘയാണ് ടീമിനെ നയിച്ചത്.
Pakistan make major changes to squad and coaching staff ahead of the third #WTC27 Test against England 👀https://t.co/RLSTnnizg7
— ICC (@ICC) August 31, 2026
2022 ഡിസംബറിൽ ന്യൂസിലാൻഡിനെതിരെ 161 റൺസ് നേടിയ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടാൻ ബാബർ അസമിന് സാധിച്ചിട്ടില്ല. അതേസമയം വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 193 റൺസ് നേടി മികച്ച ഫോമിലായിരുന്നു അദ്ദേഹം.
പ്രതിസന്ധിയിലായ ടീമിലേക്ക് അഞ്ച് പുതുമുഖ താരങ്ങളെയാണ് പാകിസ്ഥാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. അരാഫത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസാവുള്ള എന്നിവരാണ് ടീമിലെത്തിയ അൺക്യാപ്പ്ഡ് താരങ്ങൾ. ഇവർക്കൊപ്പം ആകെ 10 മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള സൈം അയൂബ്, അബ്ദുള്ള ഫസൽ എന്നിവരും ടീമിലുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിലെ കോച്ചിംഗ് സ്റ്റാഫായ മൈക്ക് ഹെസ്സൻ, ആഷ്‌ലി നോഫ്കെ എന്നിവരെ ടെസ്റ്റ് ടീമിന്‍റെ പരിശീലക സംഘത്തിലേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, പാകിസ്ഥാൻ ടെസ്റ്റ് ടീമിലും കോച്ചിംഗ് സ്റ്റാഫിലും വരുത്തിയ വലിയ മാറ്റങ്ങളിൽ പ്രതിഷേധിച്ച് മുൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ് സെലക്ഷൻ കമ്മിറ്റിയിൽ നിന്നും ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ബാറ്റിംഗ് കൺസൾട്ടന്‍റ് സ്ഥാനത്തുനിന്നും രാജിവെക്കാൻ സന്നദ്ധത അറിയിച്ചു. എന്നാൽ മിസ്ബായുടെ രാജി ക്രിക്കറ്റ് ബോർഡ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: റെക്കോർഡുകൾ തകർത്ത് വമ്പൻ ട്രാൻസ്‌ഫര്‍; 1600 കോടിക്ക് എൻസോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്!

