ലോകകപ്പ് തകർച്ചയ്ക്ക് പിന്നാലെ നാഗൽസ്‌മാന്‍ രാജിവെച്ചു; യുർഗൻ ക്ലോപ്പിനെ കോച്ചാക്കാൻ ജർമ്മനി
ലോകകപ്പിലെ കനത്ത പരാജയം; ജർമ്മൻ പരിശീലകൻ ജൂലിയൻ നാഗൽസ്‌മാന്‍ രാജിവെച്ചു.

Published : July 3, 2026 at 8:02 PM IST
ബെർലിൻ: ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനും അപ്രതീക്ഷിത പുറത്താകലിനും പിന്നാലെ ജർമ്മൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകൻ ജൂലിയൻ നാഗൽസ്‌മാന്‍ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. നാഗൽസ്‌മാനുമായുള്ള കരാർ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയതായി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ടീമിന്‍റെ പുതിയ അമരക്കാരനായി മുൻ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പുമായി അസോസിയേഷൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പെനാൽറ്റി ഷൂട്ടൗട്ടിലെ ആദ്യ തോൽവിയും പുറത്താകലും
ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32-ൽ പരാഗ്വെയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയാണ് ജർമ്മനി ടൂർണമെന്‍റില്‍ നിന്ന് പുറത്തായത്. നിശ്ചിത സമയത്ത് സമനില പാലിച്ചതിനെ തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4 എന്ന സ്കോറിനായിരുന്നു ജർമ്മനിയുടെ പരാജയം. ലോകകപ്പ് ചരിത്രത്തിൽ ജർമ്മനി പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് ഇതാദ്യമായാണ്. ലോകവേദിയിൽ തുടർച്ചയായി നാല് പെനാൽറ്റി ഷൂട്ടൗട്ടുകൾ ജയിച്ച ജർമ്മനിയുടെ അജയ്യമായ റെക്കോർഡാണ് ഇതോടെ അവസാനിച്ചത്.

നാഗൽസ്‌മാന്‍ സ്വയം ഒഴിഞ്ഞതു തന്നെയെന്ന് ഡി.എഫ്.ബി
പരാഗ്വെയോടേറ്റ കനത്ത പരാജയത്തിന് തൊട്ടടുത്ത ദിവസം തന്നെ അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ രഹസ്യ ചർച്ചയിൽ നാഗൽസ്‌മാന്‍ തന്നെയാണ് സ്ഥാനമൊഴിയാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് തന്നെ ചുമതലകളിൽ നിന്ന് ഒഴുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നു. ബോർഡ് അംഗങ്ങൾ ഈ ആവശ്യം ഐകകണ്ഠേന അംഗീകരിച്ചു. നാഗൽസ്‌മാനോടൊപ്പം അസിസ്റ്റന്‍റ് കോച്ചുമാരായ ബെഞ്ചമിൻ ഗ്ലക്കും ബെഞ്ചമിൻ ഹ്യൂബറും ടീം വിടുമെന്ന് ഡി.എഫ്.ബി അറിയിച്ചു.
⚽ 🇩🇪 Jurgen Klopp has told the German FA (DFB) he is "fundamentally willing" to take over as Germany coach after Julian Nagelsmann handed in his resignation, the DFB confirmed on Friday ➡️ https://t.co/VCwzuXW3WH pic.twitter.com/7euiQscIpp
— AFP News Agency (@AFP) July 3, 2026
ടീമിന്‍റെ ഭാവി പ്രധാനം: നാഗൽസ്‌മാന്‍
തീരുമാനം കഠിനമായിരുന്നുവെങ്കിലും ടീമിന്‍റെ ഭാവിക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. 'ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഒരുപാട് ചിന്തിച്ചു. എന്‍റെ വ്യക്തിപരമായ സർക്കിളിലുള്ളവരുമായും അസോസിയേഷനുമായും സംസാരിച്ചു. ഈ തീരുമാനം എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. ടീമിന്‍റെ വിജയമായിരുന്നു എപ്പോഴും ലക്ഷ്യം. ഇത്രയും വേദനാജനകമായ തോൽവിക്ക് ശേഷം, പുതിയൊരു തുടക്കം അർഹിക്കുന്ന ടീമിനായി ഞാൻ വഴിമാറുന്നു. സഹപരിശീലകർക്കും കളിക്കാർക്കും ആരാധകർക്കും ഞാൻ നന്ദി പറയുന്നു. ബുദ്ധിമുട്ടേറിയ സമയത്തും ആരാധകർ തന്ന ഊർജ്ജം ചെറുതല്ല. നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതിൽ എനിക്ക് അങ്ങേയറ്റം വിഷമമുണ്ട്," നാഗൽസ്‌മാന്‍ പറഞ്ഞു.

യുർഗൻ ക്ലോപ്പിലേക്ക് കണ്ണുവെച്ച് ജർമ്മനി
നാഗൽസ്‌മാന്‍റെ ഒഴിവിലേക്ക് യുർഗൻ ക്ലോപ്പിനെ കൊണ്ടുവരാനാണ് ഡി.എഫ്.ബി ശ്രമിക്കുന്നത്. ദേശീയ ടീമിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ ക്ലോപ്പ് താല്‍പര്യം പ്രകടിപ്പിച്ചതായാണ് സൂചന. നിലവിൽ റെഡ് ബുൾ ഗ്രൂപ്പിന്‍റെ ഗ്ലോബൽ ഫുട്ബോൾ ഓപ്പറേഷൻസ് തലവനായ ക്ലോപ്പിന്‍റെ കരാറിൽ, ജർമ്മൻ ദേശീയ ടീമിന്‍റെ കോച്ചാകാൻ അവസരം ലഭിച്ചാൽ ക്ലബ്ബ് വിടാമെന്ന പ്രത്യേക വ്യവസ്ഥയുണ്ട്. ഇത് ഡി.എഫ്.ബിയുടെ നീക്കങ്ങൾക്ക് വേഗത കൂട്ടും.
2023 സെപ്റ്റംബറിൽ ചുമതലയേറ്റ നാഗൽസ്‌മാന് 2028-ലെ യൂറോ കപ്പ് വരെ കരാറുണ്ടായിരുന്നു. 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമ്മനിക്ക് 2026-ലും നേരത്തെ മടങ്ങേണ്ടി വന്നത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Also Read: കിരീടം നേടാതെ അടങ്ങില്ല; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ

