ETV Bharat / sports

കാനഡയെ പറത്തി മൊറോക്കൻ കൊടുങ്കാറ്റ്; കരുത്തുകാട്ടി അറ്റ്ലസ് ലയൺസ്, ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീം

കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മൊറോക്കോ 2026 ഫിഫ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി മാറി.

FIFA  Morocco vs Canada  Round of 16  Quarter Finals
Morocco vs Canada (AP)
author img

By ETV Bharat Kerala Team

Published : July 5, 2026 at 7:28 AM IST

2 Min Read
Choose ETV Bharat

ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026 ൽ ആതിഥേയരായ കാനഡയുടെ സ്വപ്‌നക്കുതിപ്പിന് അന്ത്യം കുറിച്ച് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. റൗണ്ട് ഓഫ് 16 ൽ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നിലംപരിശാക്കിയാണ് ആഫ്രിക്കൻ വമ്പന്മാർ അവസാന എട്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. ഈ വിജയത്തോടെ തോൽവിയറിയാതെയുള്ള തങ്ങളുടെ കുതിപ്പ് 10 മത്സരങ്ങളിലേക്ക് നീട്ടാനും മൊറോക്കോയ്ക്ക് സാധിച്ചു.

ആദ്യ പകുതിയിൽ വിറപ്പിച്ച് കാനഡ

സ്കോർലൈൻ മൊറോക്കോയുടെ ഏകപക്ഷീയമായ ആധിപത്യം കാണിക്കുന്നുണ്ടെങ്കിലും, സ്വന്തം കാണികൾക്ക് മുന്നിൽ കളിച്ച കാനഡ ആദ്യ പകുതിയിൽ മൊറോക്കോയെ വല്ലാത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. കാനഡ പരിശീലകൻ ജെസ്സി മാർഷിൻ്റെ തന്ത്രങ്ങൾ തുടക്കത്തിൽ തന്നെ മൊറോക്കൻ പ്രതിരോധത്തെ പരീക്ഷിച്ചു. കളിയുടെ ആദ്യ 15 മിനിറ്റിനുള്ളിൽ കാനഡയുടെ താനി ഒലുവസെയിക്ക് മികച്ചൊരു അവസരം ലഭിച്ചങ്കിലും മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയുടെ മികച്ച സേവ് രക്ഷക്കെത്തി. തൊട്ടുപിന്നാലെ അലിസ്റ്റർ ജോൺസ്റ്റണിൻ്റെ ഹെഡറും മൊറോക്കൻ പ്രതിരോധത്തിൽ തട്ടി നിഷ്‌ഫലമായി. ആദ്യ പകുതിയിൽ ബുദ്ധിമുട്ടിയ മൊറോക്കോയ്ക്ക് സുഫിയാൻ റഹീമിയുടെ ഒരു ലോംഗ് റേഞ്ചർ മാത്രമാണ് കനേഡിയൻ ഗോൾകീപ്പർ മാക്‌സിം ക്രെപ്പോയ്ക്ക് ഭീഷണിയുയർത്താൻ കഴിഞ്ഞത്.

FIFA  MOROCCO VS CANADA  ROUND OF 16  QUARTER FINALS
MOROCCO VS CANADA (AP)

രണ്ടാം പകുതിയിൽ കളി മാറ്റി ഔനാഹി

എന്നാൽ രണ്ടാം പകുതിയിൽ മുഹമ്മദ് വഹാബിയുടെ മൊറോക്കോ തികച്ചും വ്യത്യസ്‌തമായ ഊർജ്ജത്തോടെയാണ് കളത്തിലിറങ്ങിയത്. രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ അവർ കാനഡയുടെ പ്രതിരോധപ്പൂട്ട് പൊളിച്ചു. അഷ്റഫ് ഹക്കിമി ബോക്‌സിൻ്റെ അരികിലേക്ക് നൽകിയ ഫ്രീ-കിക്ക് പാസ് സ്വീകരിച്ച മധ്യനിര താരം അസ്സെദ്ദീൻ ഔനാഹി പന്ത് വലയിലെത്തിച്ചു (1-0). ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി കാനഡ ആക്രമണം കടുപ്പിച്ചു. ജൊനാഥൻ ഡേവിഡിൻ്റെ ഫ്രീ-കിക്ക് ബാറിന് മുകളിലൂടെ പറന്നുപോയപ്പോൾ, പകരക്കാരനായി ഇറങ്ങിയ താജോൺ ബുക്കാനൻ തൊടുത്ത ശക്തമായ ഷോട്ട് ബോണോ വീണ്ടും തടഞ്ഞിട്ടു.

FIFA  MOROCCO VS CANADA  ROUND OF 16  QUARTER FINALS
MOROCCO VS CANADA (AP)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൗണ്ടർ അറ്റാക്കിൽ കാനഡ തകർന്നു

കാനഡ സമനിലയ്ക്കായി മുന്നേറുന്നതിനിടെ കൗണ്ടർ അറ്റാക്കിലൂടെ മൊറോക്കോ തങ്ങളുടെ രണ്ടാം ഗോളും നേടി. വലതുവിങ്ങിലൂടെ കുതിച്ചുപാഞ്ഞ ബ്രാഹിം ഡയസ് നൽകിയ ക്രോസ് സ്വീകരിച്ച് ഔനാഹി തൻ്റെ രണ്ടാം ഗോൾ നേടി മൊറോക്കോയുടെ വിജയം ഉറപ്പിച്ചു (2-0). മത്സരത്തിൻ്റെ അവസാന നിമിഷത്തിൽ സുഫിയാൻ റഹീമി മൊറോക്കോയുടെ മൂന്നാം ഗോളും നേടി കാനഡയുടെ പതനം പൂർത്തിയാക്കി (3-0).

ചരിത്രമെഴുതി കാനഡ; കുതിപ്പ് തുടർന്ന് മൊറോക്കോ

വലിയ ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളിൽ കളിച്ച അവസാന 9 മത്സരങ്ങളിൽ 7 എണ്ണത്തിലും വിജയിച്ച മൊറോക്കോ തങ്ങളുടെ നോക്കൗട്ട് റെക്കോർഡ് ഒരിക്കൽക്കൂടി കാത്തുസൂക്ഷിച്ചു. അതേസമയം, ടൂർണമെൻ്റിൽ നിന്ന് പുറത്തായെങ്കിലും, ചരിത്രത്തിലാദ്യമായി ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ടിലെത്താൻ കഴിഞ്ഞു എന്ന അഭിമാനത്തോടെയാണ് സഹ ആതിഥേയരായ കാനഡ മടങ്ങുന്നത്.

Also Read: കിരീടപ്പോരിലേക്ക് ഇനി ഏതാനും മത്സരങ്ങൾ; വമ്പൻ ടീമുകളുടെ ഫൈനൽ സാധ്യതകൾ ഇങ്ങനെ