ETV Bharat / sports

നാല് ഗോളുകളുമായി മെസ്സി ഷോ! ഇന്‍റര്‍ മയാമിക്ക് 7-1ന്‍റെ തകർപ്പൻ ജയം!

മെസ്സിയുടെ മാന്ത്രികതയിൽ ഗോൾമഴ; മോൺട്രിയലിനെ 7-1 ന് തകർത്തെറിഞ്ഞ് ഇന്‍റര്‍ മയാമി.

LIONEL MESSI GOALS  മെസ്സി  LIONEL MESSI 4 GOALS INTER MIAMI  CASEMIRO FIRST GOAL INTER MIAMI
MLS: Lionel Messi Scores 4 Goals as Inter Miami Thrash Montreal 7-1 (AP)
author img

By ETV Bharat Sports Team

Published : August 30, 2026 at 2:31 PM IST

2 Min Read
Choose ETV Bharat

ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ അഞ്ച് മത്സരങ്ങളുടെ വിജയമില്ലാത്ത വരൾച്ചയ്ക്ക് വിരാമമിട്ട് ഇന്‍റര്‍ മയാമിക്ക് തകർപ്പൻ വിജയം. ലയണൽ മെസ്സിയുടെ നാല് ഗോളുകളുടെ കരുത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് മയാമി മോൺട്രിയലിനെ തകർത്തെറിഞ്ഞത്. ലോകകപ്പിന് ശേഷമുള്ള മത്സരങ്ങളിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മയാമിക്ക് ഈ വിജയം ശക്തമായ തിരിച്ചുവരവായി.

മത്സരത്തിന്‍റെ 20-ാം മിനിറ്റിൽ ബ്രസീൽ താരം കാസെമിറോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെയാണ് മയാമി ആദ്യ ഗോൾ നേടിയത്. ലോകകപ്പിന് ശേഷം ടീമിലെത്തിയ കാസെമിറോയുടെ മയാമി ജേഴ്‌സിയിലെ ആദ്യ ഗോളായിരുന്നു ഇത്. എന്നാൽ 37-ാം മിനിറ്റിൽ ജർമ്മൻ മിഡ്‌ഫീൽഡർ ഫാബിയൻ ഹെർബേഴ്‌സിലൂടെ മോൺട്രിയൽ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു.

മെസ്സി ഷോയുടെ തുടക്കം

സമനില വഴങ്ങിയെങ്കിലും മയാമിക്ക് ലീഡ് തിരിച്ചുപിടിക്കാൻ അധികസമയം കാത്തിരിക്കേണ്ടി വന്നില്ല. 40-ാം മിനിറ്റിൽ ബോക്‌സിനു പുറത്തുനിന്ന് ലയണൽ മെസ്സി ഉതിർത്ത ഫ്രീ-കിക്ക് മോൺട്രിയൽ ഗോൾകീപ്പർ തോമസ് ഗില്ലിയറെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (2-1). രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് താരം തന്‍റെ രണ്ടാം ഗോളും നേടി മയാമിയുടെ ലീഡ് വർധിപ്പിച്ചു.

ടീമിന്‍റെ നാലാം ഗോളിലും മെസ്സി നിർണ്ണായക പങ്കുവഹിച്ചു. ബാഴ്‌സലോണയിലെ തന്‍റെ പഴയ സഹതാരം ലൂയിസ് സുവാരസിന് മെസ്സി നൽകിയ പാസ് താരം കൃത്യമായി വലയിലെത്തിച്ചു. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 83-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്‍റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് ഗോൾകീപ്പർക്ക് മുകളിലൂടെ ചിപ്പ് ചെയ്‌ത് മെസ്സി തന്‍റെ ഹാട്രിക് തികച്ചു (5-1).

ഗോൾപട്ടിക തികച്ച് അലക്‌സ് ഷാ

89-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൗമാര താരം അലക്‌സ് ഷാ ബോക്സിന് പുറത്തുനിന്നുള്ള ലോങ് ഷോട്ടിലൂടെ മയാമിയുടെ ആറാം ഗോൾ കണ്ടെത്തി. എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിൽ ബോക്‌സിന്‍റെ തൊട്ടുപുറത്തുനിന്നും മെസ്സി തന്‍റെ സിഗ്നേച്ചർ ശൈലിയിലുള്ള മനോഹരമായ ഒരു ഫ്രീ-കിക്ക് ഗോളിലൂടെ മയാമിയുടെ ഏഴാമത്തെയും തന്‍റെ നാലാമത്തെയും ഗോൾ പൂർത്തിയാക്കി.

ഈ തകർപ്പൻ വിജയത്തോടെ ഈസ്റ്റേൺ കോൺഫറൻസ് പോയിന്‍റ് പട്ടികയിൽ ഇന്‍റര്‍ മയാമി രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള നാഷ്‌വില്ലേയുമായി ഇനി ഏഴ് പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാണുള്ളത്.

Also Read: കിരീടം തിരിച്ചുപിടിക്കാൻ ഹർമൻപ്രീതും സംഘവും; ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് തായ്‌ലൻഡിനെതിരെ