ടി20 ലോകകപ്പ് മുതൽ ഫിഫ ലോകകപ്പ് വരെ..! 2026ല്‍ കായികലോകം കാത്തിരിക്കുന്നത് നിരവധി ടൂര്‍ണമെന്‍റുകള്‍
2026 ൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പ്രധാന ടൂർണമെന്‍റുകൾ നോക്കാം.

Published : January 1, 2026 at 1:00 PM IST
ഹൈദരാബാദ്: 2025 കായിക ലോകത്തിന് അവിസ്‌മരണീയമായ ഒരു വർഷമായിരുന്നു. നിരവധി ടീമുകൾ ആദ്യമായി കിരീടങ്ങൾ നേടി ചരിത്രം സൃഷ്ടിച്ചു. 2025ന്‍റെ തുടക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചാമ്പ്യൻസ് ട്രോഫി നേടിയപ്പോള്‍ ആർസിബി അവരുടെ കന്നി ഐപിഎൽ ട്രോഫി സ്വന്തമാക്കി. വർഷാവസാനം, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പില്‍ മുത്തമിട്ടു. 2026 നിരവധി പ്രധാന ടൂർണമെന്‍റുകൾക്ക് സാക്ഷ്യം വഹിക്കും. ക്രിക്കറ്റിലെ ടി 20 ലോകകപ്പും ഫുട്ബോളിലെ ഫിഫ ലോകകപ്പുമാണ് കായികലോകം ഉറ്റുനോക്കുന്നത്. 2026 ൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പ്രധാന ടൂർണമെന്‍റുകൾ നോക്കാം.
ഐസിസി അണ്ടർ 19 ലോകകപ്പ്
ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പോടെയാണ് 2026 വർഷം ആരംഭിക്കുന്നത്. ആകെ 16 ടീമുകളാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുന്നത്. ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് മത്സരങ്ങള്‍ നടക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐസിസി ടി20 ലോകകപ്പ്
ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. ആദ്യമായി 20 ടീമുകൾ ടി20 ലോകകപ്പിൽ പങ്കെടുക്കും. എല്ലാ ടീമുകളെയും നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
ഫിഫ ലോകകപ്പ്
ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്‍റായ ഫിഫ ലോകകപ്പും 2026 ൽ നടക്കും. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ടൂർണമെന്‍റിനു അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. ആകെ 48 ടീമുകൾ പങ്കെടുക്കും.
The schedule for ICC Men’s @T20WorldCup 2026 is here! 📅
— ICC (@ICC) November 25, 2025
The matches and groups were unveiled at a gala event in Mumbai led by ICC Chairman @JayShah, and with new tournament ambassador @ImRo45 and Indian team captains @surya_14kumar and Harmanpreet Kaur in attendance.
✍️:… pic.twitter.com/fsjESpJPlE
പുരുഷ ഹോക്കി ലോകകപ്പ്
പുരുഷ ഹോക്കി ലോകകപ്പിന്‍റെ 16-ാമത് പതിപ്പ് ഓഗസ്റ്റ് 14 മുതൽ 30 വരെ ബെൽജിയത്തിലും നെതർലാൻഡ്‌സിലുമായി നടക്കും. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ലോകകപ്പ് പുരുഷ ദേശീയ ഹോക്കി ടീമുകൾക്കായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ്
(ഐപിഎൽ) 2026 ന്‍റെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പതിവുപോലെ, ഈ വർഷം മാർച്ചിൽ ടൂർണമെന്‍റ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിലെ 10 ഫ്രാഞ്ചൈസികൾ ഇതിനകം തന്നെ അവരുടെ സ്ക്വാഡുകളെ അന്തിമമാക്കി.
വിന്‍റര്‍ ഒളിമ്പിക് ഗെയിംസ്
2026 ലെ വിന്‍റര്‍ ഒളിമ്പിക് ഗെയിംസ് ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 22 വരെ ഇറ്റലിയിലെ മിലാനിലെ കോർട്ടിനയിൽ നടക്കും.
വിംബിൾഡൺ (ടെന്നീസ്)
വിംബിൾഡൺ ഒരു ആഗോള ടെന്നീസ് ടൂർണമെന്‍റാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ താരങ്ങള്‍ പങ്കെടുക്കുന്നു. ഇംഗ്ലണ്ടാണ് വിംബിൾഡണിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 29 മുതൽ ജൂലൈ 12 വരെ ടൂർണമെന്‍റ് നടക്കും.
ഓസ്‌ട്രേലിയൻ ഓപ്പൺ (ടെന്നീസ്)
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് 2026 ജനുവരിയിൽ നടക്കും. മെൽബണിലാണ് നടക്കുക.
👀 #FIFAWorldCup 26 will kick off on 11 June 2026!#WeAre26 pic.twitter.com/BbJ4qMj7zy
— FIFA World Cup (@FIFAWorldCup) February 4, 2024
യുവേഫ ചാമ്പ്യൻസ്
ലീഗ് ഫൈനൽ 2026 മെയ് 30 ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കും. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണിത്.
ഐസിസി വനിതാ ടി20 ലോകകപ്പ് 2026
ജൂൺ-ജൂലൈ മാസങ്ങളിൽ ഐസിസി വനിതാ ടി20 ലോകകപ്പും നടക്കും. ഇത്തവണ വനിതാ ടി20 ലോകകപ്പിന് ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കും.
വിന്‍റര്‍ പാരാലിമ്പിക് ഗെയിംസ്
2026 മാർച്ച് 6 മുതൽ മാർച്ച് 15 വരെയാണ് വിന്‍റര്‍ പാരാലിമ്പിക് ഗെയിംസ് നടക്കുക. ഇറ്റലിയിലെ മിലാനാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

