ശിഖർ ധവാന് ആശ്വാസം; മുൻഭാര്യ അയേഷ 5.7 കോടി രൂപ തിരികെ നൽകണമെന്ന് കോടതി ഉത്തരവ്
ശിഖർ ധവാന് നിയമപോരാട്ടത്തിൽ വിജയം,5.7 കോടി രൂപ തിരികെ നൽകാൻ മുൻഭാര്യയോട് ഡൽഹി കോടതി

Published : February 25, 2026 at 1:32 PM IST
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് അനുകൂലമായി ഡൽഹി കുടുംബ കോടതിയുടെ നിർണ്ണായക വിധി. ഓസ്‌ട്രേലിയയിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ധവാനിൽ നിന്ന് കൈപ്പറ്റിയ 5.7 കോടി രൂപ (8,94,397 ഓസ്‌ട്രേലിയൻ ഡോളർ) തിരികെ നൽകാൻ മുൻഭാര്യ അയേഷ മുഖർജിയോട് കോടതി ഉത്തരവിട്ടു. ഭീഷണപ്പെടുത്തിയും കബളിപ്പിച്ചുമാണ് ധവാനിൽ നിന്ന് സെറ്റിൽമെന്‍റ് കരാറിൽ ഒപ്പിടുവിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പട്യാല ഹൗസ് കോടതിയിലെ ജഡ്‌ജി ദേവേന്ദർ കുമാർ ഗാർഗിന്‍റെ നടപടി.
സെറ്റിൽമെന്‍റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ചു. ഭീഷണി, പണം തട്ടിയെടുക്കൽ, ചതി, വഞ്ചനാപരമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് അയേഷ ധവാനെക്കൊണ്ട് രേഖകളിൽ ഒപ്പിടുവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ധവാൻ കേസ് ഫയൽ ചെയ്‌ത തീയതി മുതൽ തുകയ്ക്ക് 9 ശതമാനം വാർഷിക പലിശ നൽകാനും അയേഷയോട് കോടതി നിർദ്ദേശിച്ചു. ദമ്പതികളുടെ ദാമ്പത്യ തർക്കങ്ങൾ കൈകാര്യം ചെയ്യാൻ ഓസ്‌ട്രേലിയൻ കോടതിക്ക് അധികാരമില്ലെന്നും ജഡ്‌ജി വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ കോടതി ഉത്തരവുകൾ റദ്ദാക്കി
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ നിന്ന് അയേഷയെ ഡൽഹി കോടതി തടഞ്ഞു. ധവാന്‍റെ ഇന്ത്യയിലെ സ്വത്തുക്കളും സാമ്പത്തിക സ്രോതസ്സുകളും ഉൾപ്പെടെയുള്ള ആഗോള ആസ്തികൾ വിഭജിക്കാനായിരുന്നു ഓസ്‌ട്രേലിയൻ കോടതി നേരത്തെ ഉത്തരവിട്ടത്. ആസ്തികളുടെ 15 ശതമാനം അയേഷയ്ക്ക് നൽകണമെന്നും 7.46 കോടി രൂപയുടെ ആസ്തികൾ അവർ കൈവശം വെക്കുന്നതിനൊപ്പം ധവാൻ 15.95 കോടി രൂപ കൂടി നൽകണമെന്നും ഓസ്‌ട്രേലിയൻ കോടതി വിധിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വിവാഹ നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനങ്ങളെന്ന് ധവാൻ കോടതിയിൽ വാദിച്ചു.
ധവാന്‍റെ ആരോപണങ്ങൾ
2012-ൽ വിവാഹം കഴിഞ്ഞയുടനെ തന്‍റെ കരിയറും സൽപ്പേരും നശിപ്പിക്കുമെന്ന് അയേഷ ഭീഷണിപ്പെടുത്തിയതായി ധവാൻ വെളിപ്പെടുത്തി. തന്‍റെ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കൾ അയേഷയുടെ പേരിൽ എഴുതിനൽകാൻ താൻ നിർബന്ധിതനായി. ഒരു സ്വത്തിൽ 99 ശതമാനം ഉടമസ്ഥാവകാശം അയേഷയുടെ പേരിലായിരുന്നുവെന്നും ധവാൻ കോടതിയെ ബോധിപ്പിച്ചു. തെളിവുകൾ പരിശോധിച്ച കോടതി ധവാന്‍റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു.
വർഷങ്ങളോളം മകൻ സൊരാവറിൽ നിന്ന് അകറ്റിനിർത്തിയത് ധവാന് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്ന് നിരീക്ഷിച്ച ഡൽഹി കോടതി 2023-ൽ ഇവർക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. മകനെ കാണാനുള്ള അവകാശവും വീഡിയോ കോൾ സൗകര്യവും കോടതി നൽകിയിരുന്നെങ്കിലും, പിന്നീട് മകനുമായുള്ള എല്ലാ ആശയവിനിമയങ്ങളും തടയപ്പെട്ടതായി ധവാൻ വ്യക്തമാക്കിയിരുന്നു. അയേഷ മുഖർജിയുമായുള്ള വേർപിരിയലിന് ശേഷം, 2025 ഫെബ്രുവരി 22-ന് സോഫി ഷൈനുമായി ധവാൻ രണ്ടാം വിവാഹിതനായിരുന്നു.
Also Read: ന്യൂസിലൻഡ് വീണാൽ പാകിസ്ഥാൻ കയറും! ലോകകപ്പ് ഗ്രൂപ്പ് ബിയിലെ സെമി സാധ്യത ഇങ്ങനെ

