ETV Bharat / sports

പതറിത്തുടങ്ങി പൊരുതിക്കയറി പ്രോട്ടീസ്; കൊൽക്കത്തയിൽ ന്യൂസിലൻഡിന് 170 റൺസ് വിജയലക്ഷ്യം

SA vs NZ Live Updates
SA vs NZ Live Updates (ETV Bharat)
author img

By ETV Bharat Sports Team

Published : March 4, 2026 at 7:00 PM IST

Choose ETV Bharat

കൊൽക്കത്ത: ടി20 ലോകകപ്പിലെ ആവേശകരമായ ഒന്നാം സെമി ഫൈനലിൽ ന്യൂസിലൻഡിന് വെല്ലുവിളിയായി ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ ഉയർത്തി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 169 റൺസ് നേടി. ഒരു ഘട്ടത്തിൽ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായി വൻ തകർച്ചയെ അഭിമുഖീകരിച്ച പ്രോട്ടീസിനെ മധ്യനിരയുടെ പോരാട്ടവീര്യമാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

മാറ്റ് ഹെൻറിയുടെ അവസാന ഓവർ മിന്നലാട്ടം

ഇന്നിംഗ്‌സിലെ നിർണ്ണായകമായ ഇരുപതാം ഓവർ എറിഞ്ഞ മാറ്റ് ഹെൻറി വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കി. അവസാന പന്തിൽ മാർക്കോ യാൻസനും കേശവ് മഹാരാജും ചേർന്ന് ഓടിയെടുത്ത രണ്ട് റൺസോടെയാണ് ഇന്നിംഗ്‌സ് അവസാനിച്ചത്. മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന് അവസാന ഓവറിൽ കൂടുതൽ റൺസ് കണ്ടെത്താൻ ഹെൻറി അനുവദിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. രണ്ടാം ഓവറിൽ സ്പിന്നർ കോൾ മക്കോഞ്ചി ഇരട്ട പ്രഹരം ഏൽപ്പിച്ചതോടെ ഡി കോക്കും റയാൻ റിക്കൽട്ടണും പുറത്തായി. പിന്നാലെ നായകൻ എയ്ഡൻ മാർക്രമും യുവതാരം ഡെവാൾഡ് ബ്രെവിസും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക അക്ഷരാർത്ഥത്തിൽ പതറി. എന്നാൽ മധ്യനിരയിൽ ട്രിസ്റ്റൻ സ്റ്റബ്സും മാർക്കോ യാൻസനും നടത്തിയ പക്വതയാർന്ന ബാറ്റിംഗ് ടീമിനെ 160 കടത്തുന്നതിൽ നിർണ്ണായകമായി.

നേരത്തെ ടോസ് നേടിയ കിവി നായകൻ മിച്ചൽ സാന്‍റ്‌നര്‍ പ്രോട്ടീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെമി ഫൈനലിലെ സമ്മർദ്ദം അതിജീവിക്കാൻ ശക്തമായ ടീമിനെയാണ് എയ്‌ഡന്‍ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക കളത്തിലിറക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ 8 പോരാട്ടങ്ങളിലും തോൽവി അറിയാതെ കുതിക്കുന്ന പ്രോട്ടീസ് മൂന്ന് പ്രധാന മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. സൂപ്പർ താരം കാഗിസോ റബാഡ, മാർക്കോ യാൻസൻ, കേശവ് മഹാരാജ് എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയത് ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ന്യൂസിലൻഡ് നിരയിൽ സ്പിന്നർ ഇഷ് സോധിക്ക് പകരം വെടിക്കെട്ട് ഓൾറൗണ്ടർ ജെയിംസ് നീഷം ഇടംപിടിച്ചു.

അതേസമയം ലോകകപ്പ് ചരിത്രത്തിൽ ന്യൂസിലൻഡിനെതിരെ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച റെക്കോർഡ് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമാണ്. ഈ ടൂർണമെന്‍റിലെ ഗ്രൂപ്പ് ഘട്ടത്തിലും കിവികളെ പരാജയപ്പെടുത്തിയതിന്‍റെ മുൻതൂക്കം പ്രോട്ടീസിനുണ്ട്. കൊൽക്കത്തയിലെ പിച്ചിൽ ഈ റെക്കോർഡ് തിരുത്തി ഫൈനലിലേക്ക് മുന്നേറാനാണ് മിച്ചൽ സാന്‍റ്‌നറും സംഘവും ലക്ഷ്യമിടുന്നത്.

LIVE FEED

9:24 PM, 4 Mar 2026 (IST)

കിവീസിന്‍റെ അതിവേഗ തുടക്കം

ആദ്യ 6 ഓവറുകൾ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 84 റൺസ് എന്ന ശക്തമായ നിലയിലാണ് ന്യൂസിലൻഡ്. ഫിൻ അല്ലൻ വെറും 15 പന്തിൽ നിന്ന് 3 സിക്സറുകളും 5 ഫോറുകളുമടക്കം 43 റൺസുമായി ക്രീസിലുണ്ട്. മറുവശത്ത് ടിം സെയ്‌ഫെർട്ട് 21 പന്തിൽ 2 സിക്സറുകളും 4 ഫോറുകളുമായി 41 റൺസ് നേടി മികച്ച പിന്തുണ നൽകുന്നു.

8:49 PM, 4 Mar 2026 (IST)

ദക്ഷിണാഫ്രിക്ക 169 റൺസിന് പുറത്ത്

നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു. ഒരു ഘട്ടത്തിൽ വൻ തകർച്ചയെ അഭിമുഖീകരിച്ച പ്രോട്ടീസിനെ ട്രിസ്റ്റൻ സ്റ്റബ്സും മാർക്കോ യാൻസനും ചേർന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന ഓവറിലെ അവസാന പന്തിൽ യാൻസനും മഹാരാജും ചേർന്ന് ഓടിയെടുത്ത രണ്ട് റൺസോടെയാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

7:58 PM, 4 Mar 2026 (IST)

ദക്ഷിണാഫ്രിക്ക 81/5

11 ഓവറുകള്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്‌ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്.

7:58 PM, 4 Mar 2026 (IST)

ദക്ഷിണാഫ്രിക്കയുടെ തകർച്ച പൂർത്തിയാകുന്നു!

യുവതാരം ഡെവാൾഡ് ബ്രെവിസും പുറത്ത്. ബൗളിംഗിൽ തിരിച്ചെത്തിയ ജെയിംസ് നീഷം തന്‍റെ രണ്ടാം പന്തിൽ തന്നെ ബ്രെവിസിനെ മടക്കി അയച്ചു. കവറിൽ നായകൻ മിച്ചൽ സാന്‍റ്‌നര്‍ക്ക് ലളിതമായ ഒരു ക്യാച്ച് നൽകിയാണ് ബ്രെവിസ് മടങ്ങിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ പകുതി ബാറ്റിംഗ് നിരയും പവലിയനിൽ തിരിച്ചെത്തിക്കഴിഞ്ഞു.

7:51 PM, 4 Mar 2026 (IST)

ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത ആഘാതം!

നായകൻ എയ്‌ഡന്‍ മാർക്രമും പുറത്തായി. ഡീപ്പ് മിഡ്-വിക്കറ്റിൽ ഡാരിൽ മിച്ചൽ എടുത്ത മികച്ചൊരു ക്യാച്ചിലൂടെയാണ് മാർക്രം മടങ്ങിയത്. ക്യാച്ച് കൃത്യമാണോ എന്ന് പരിശോധിക്കാൻ തേർഡ് അമ്പയറുടെ സഹായം തേടിയെങ്കിലും വിരലുകൾ പന്തിനടിയിലുണ്ടായിരുന്നു എന്ന് വ്യക്തമായതോടെ ഔട്ട് വിധിക്കുകയായിരുന്നു.

7:16 PM, 4 Mar 2026 (IST)

റിക്കൽട്ടൺ സംപൂജ്യൻ

തൊട്ടടുത്ത പന്തിൽ തന്നെ റയാൻ റിക്കൽട്ടണും പുറത്തായതോടെ ദക്ഷിണാഫ്രിക്ക അക്ഷരാർത്ഥത്തിൽ സ്‌തംഭിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ഗള്ളിയിൽ ഫിൻ അല്ലന് ക്യാച്ച് നൽകിയാണ് റിക്കൽട്ടൺ മടങ്ങിയത്.

7:15 PM, 4 Mar 2026 (IST)

ഡി കോക്ക് ഔട്ട്

രണ്ടാം ഓവറിലെ നാലാം പന്തിൽ മക്കോഞ്ചിയെ ഫോറിന് ശിക്ഷിച്ച ക്വിന്‍റണ്‍ ഡി കോക്ക്, തൊട്ടടുത്ത പന്തിൽ വീണ്ടും വലിയ ഷോട്ടിന് ശ്രമിക്കവേ മിഡ്-ഓണിൽ ലോക്കി ഫെർഗൂസണ് ക്യാച്ച് നൽകി പുറത്തായി.

7:10 PM, 4 Mar 2026 (IST)

എയ്‌ഡന്‍ മാർക്രമും ഡി കോക്കും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നു

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നായകൻ എയ്‌ഡന്‍ മാർക്രമും ഡി കോക്കും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നു. ന്യൂസിലൻഡിനായി പേസർ മാറ്റ് ഹെൻറിയാണ് ബോളിംഗ് ആരംഭിക്കുന്നത്. ആദ്യ പന്തിൽ തന്നെ സിംഗിൾ എടുത്തുകൊണ്ട് മാർക്രം തന്‍റെ അക്കൗണ്ട് തുറന്നു. ലെഗ് സൈഡിലേക്ക് പന്ത് തട്ടിയിട്ടാണ് താരം റൺസ് കണ്ടെത്തിയത്.

7:02 PM, 4 Mar 2026 (IST)

പ്ലെയിങ് ഇലവൻ

ന്യൂസിലൻഡ് ടീം: മിച്ചൽ സാന്‍റ്‌നര്‍ (ക്യാപ്റ്റൻ), ടിം സെയ്‌ഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അല്ലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം, കോൾ മക്കോഞ്ചി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ.

ദക്ഷിണാഫ്രിക്ക ടീം: എയ്‌ഡന്‍ മാർക്രം (ക്യാപ്റ്റൻ), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കൽട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.