മെസ്സിയുടെ റെക്കോർഡും വഴിമാറി; 50 ഗോളുകൾ തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമായി യമാൽ
യൂറോപ്യൻ ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി ബാഴ്‌സലോണയുടെ വണ്ടര്‍കിഡ് ലാമിൻ യമാൽ.

Published : September 1, 2026 at 4:20 PM IST
ഹെെദരാബാദ്: യൂറോപ്യൻ ഫുട്ബോളിന്‍റെ ചരിത്രതാളുകൾ വീണ്ടും തിരുത്തിക്കുറിച്ച് ബാഴ്‌സലോണയുടെ 19 കാരൻ വിങ്ങർ ലാമിൻ യമാൽ. റായോ വല്ലെക്കാനോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ, ബാഴ്‌സ ജേഴ്‌സിയിൽ 51 ഔദ്യോഗിക ഗോളുകൾ എന്ന നാഴികക്കല്ല് യമാൽ പിന്നിട്ടു. ഇതോടെ യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ 50 ഗോളുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് ഇനി യമാലിന് സ്വന്തം.
വെറും 19 വയസ്സും 49 ദിവസവും പ്രായമുള്ളപ്പോഴാണ് യമാൽ ഈ സമാനതകളില്ലാത്ത നേട്ടത്തിലെത്തിയത്. റായോ വല്ലെക്കാനോയെ 5-2 ന് തകർത്ത മത്സരത്തിന്‍റെ 21-ാം മിനിറ്റിൽ ബോക്‌സിനു വെളിയിൽ നിന്ന് തൊടുത്ത മനോഹരമായ ഒരു ലോങ് റേഞ്ചറിലൂടെയാണ് യമാൽ തന്‍റെ ആദ്യ ഗോൾ കണ്ടെത്തിയത്. പിന്നാലെ അവസാന നിമിഷങ്ങളിൽ രണ്ടാം ഗോളും നേടി താരം ബാഴ്‌സയുടെ വിജയം പൂർത്തിയാക്കി. സ്പോട്ടിഫൈ ക്യാമ്പ് നൗവിൽ ലയണൽ മെസ്സിയുടെ യഥാർത്ഥ പിൻഗാമി താൻ തന്നെയെന്ന് തെളിയിക്കുന്നതായിരുന്നു യമാലിന്‍റെ ഈ പ്രകടനം. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, എർലിങ് ഹാളണ്ട് എന്നിവരുടെ റെക്കോർഡുകളാണ് ഈ സ്പാനിഷ് കൗമാരക്കാരൻ തകർത്തത്.
കിലിയൻ എംബാപ്പെ: മൊണാക്കോ, പി.എസ്.ജി ക്ലബ്ബുകൾക്കായി കരിയറിലെ ആദ്യ 50 ഗോളുകൾ തികയ്ക്കുമ്പോൾ എംബാപ്പെയുടെ പ്രായം 19 വയസ്സും 241 ദിവസവും ആയിരുന്നു.
എർലിങ് ഹാളണ്ട്: മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീനായ ഹാളണ്ട് തന്‍റെ 50-ാം ഗോൾ നേടുന്നത് 20 വയസ്സും 196 ദിവസവും പ്രായമുള്ളപ്പോഴാണ്.
ഇരുവരുടെയും റെക്കോർഡുകൾ വലിയ മാർജിനിലാണ് യമാൽ മറികടന്നത്. ഇതോടെ ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ യുവ മുന്നേറ്റനിര താരം താനാണെന്ന് യമാൽ ഒരിക്കൽ കൂടി അടിവരയിട്ടു.
മെസ്സിയുടെ റെക്കോർഡും വഴിമാറി
ബാഴ്‌സലോണയുടെ ചരിത്രത്തിൽ മെസ്സിയേക്കാൾ വേഗത്തിലാണ് യമാൽ ഗോളുകൾ അടിച്ചുകൂട്ടുന്നത്. എട്ട് തവണ ബാലൺ ഡി ഓർ നേടിയ മെസ്സി ബാഴ്‌സലോണയ്ക്കായി 50 ഗോളുകൾ തികയ്ക്കുമ്പോൾ പ്രായം 21 വയസ്സായിരുന്നു. ബാഴ്‌സയുടെ മറ്റൊരു ഇതിഹാസമായ ജോസെപ് എസ്കോള 20-ാം വയസ്സിലാണ് ഈ നേട്ടത്തിലെത്തിയത്. ഇവരെല്ലാവരും യമാലിന് പിന്നിലായി.
മറ്റൊരു പ്രത്യേകത, മെസ്സി തന്‍റെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് യമാൽ ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിലെ തന്‍റെ ആദ്യ ഗോളിലൂടെ മെസ്സിക്ക് മൈതാനത്ത് വെച്ച് മനോഹരമായ ഒരു ആദരമർപ്പിക്കാനും യമാലിന് കഴിഞ്ഞു. മെസ്സിയുടെ കളിശൈലിയെ അനുസ്മരിപ്പിക്കും വിധം വലതുവിങ്ങിൽ നിന്നും പന്തുമായി അകത്തേക്ക് കയറി, തന്‍റെ ഇടതുകാൽ കൊണ്ട് പോസ്റ്റിന്‍റെ ടോപ്പ് കോർണറിലേക്ക് പായിച്ചാണ് യമാൽ ആ ചരിത്ര ഗോൾ നേടിയത്.
Also Read: 'മറ്റൊരു മെസ്സി ഇനി ഉണ്ടാകില്ല'; അർജന്‍റീനൻ ഇതിഹാസത്തിന്‍റെ വിരമിക്കലിൽ ഐ.എം വിജയൻ

