രഞ്ജി ട്രോഫിയിൽ പുതുചരിത്രം; കർണാടകയെ നിഷ്പ്രഭരാക്കി ജമ്മു കശ്‌മീര്‍ ചാമ്പ്യന്മാർ
കർണാടകയെ പരാജയപ്പെടുത്തി ജമ്മു കശ്‌മീര്‍ രഞ്ജി ചാമ്പ്യന്മാർ.

Published : February 28, 2026 at 2:56 PM IST
ഹുബ്ലി: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ജമ്മു കശ്‌മീര്‍. കരുത്തരായ കർണാടകയെ തകർത്ത് ജമ്മു കശ്‌മീര്‍ തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. ഹുബ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനലിൽ എട്ടുതവണ ചാമ്പ്യന്മാരായ കർണാടകയെ ഒന്നാം ഇന്നിങ്‌സ് ലീഡിന്‍റെ കരുത്തിൽ പിന്തള്ളിയാണ് ജമ്മു കശ്‌മീര്‍ കിരീടമുയർത്തിയത്.
ചരിത്ര നേട്ടം 67 വർഷത്തെ കാത്തിരിപ്പിന് ശേഷം
രഞ്ജി ട്രോഫി ഫൈനലിൽ ആദ്യമായി കളിക്കാനിറങ്ങിയ ജമ്മു കശ്‌മീര്‍, സമ്മർദ്ദങ്ങളില്ലാതെ ആധികാരികമായ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് ജമ്മു കശ്‌മീര്‍ രണ്ടാം ഇന്നിംഗ്സിൽ 342/4 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. എന്നാൽ ഒന്നാം ഇന്നിംഗ്സിൽ നേടിയ 291 റൺസിന്‍റെ കൂറ്റൻ ലീഡ് അവർക്ക് കന്നി കിരീടം ഉറപ്പാക്കി നൽകി. 67 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.
A maiden First-Class century 💯
— BCCI Domestic (@BCCIdomestic) February 28, 2026
On the grandest stage of all 🏟️
A moment he will never forget ✨
Sahil Lotra puts up a performance that he will remember for a lifetime 🫡
Updates ▶️ https://t.co/G0ytZLEyNB#RanjiTrophy | @IDFCFIRSTBank pic.twitter.com/YOl1SgTEmD
ബാറ്റിംഗിലും ബോളിംഗിലും സർവ്വാധിപത്യം
ആദ്യ ഇന്നിംഗ്സിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജമ്മു കശ്‌മീര്‍, ശുഭം പുന്ദീറിന്‍റെ (117) ചരിത്ര സെഞ്ചുറിയുടെ കരുത്തിൽ 584 റൺസെന്ന വമ്പൻ സ്കോർ പടുത്തുയർത്തി. രഞ്ജി ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ജമ്മു കശ്‌മീര്‍ താരമായി പുന്ദീർ മാറി. യാവർ ഹസൻ (88), ക്യാപ്റ്റൻ പരസ് ഡോഗ്ര, കനയ്യ വാധ്വാൻ (70), സഹിൽ ലോട്ടറ (57*) എന്നിവരും മികച്ച പ്രകടനം നടത്തി. കർണാടകയ്ക്കായി പ്രസിദ്ധ് കൃഷ്‌ണ അഞ്ച് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കർണാടകയെ 293 റൺസിന് ജമ്മു കശ്‌മീര്‍ എറിഞ്ഞൊതുക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ആഖിബ് നബി ദാർ ആണ് കർണാടകയുടെ നട്ടെല്ലൊടിച്ചത്. കെ.എൽ രാഹുൽ, കരുൺ നായർ തുടങ്ങിയ പ്രമുഖരെ ആഖിബ് പുറത്താക്കി. കർണാടക ക്യാപ്റ്റൻ മായങ്ക് അഗർവാൾ (160) പോരാട്ടം നയിച്ചെങ്കിലും ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാനായില്ല.
രണ്ടാം ഇന്നിങ്‌സിലും കരുത്ത് കാട്ടി
291 റൺസിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ജമ്മു കശ്‌മീരിനായി ഓപ്പണർ ഖമ്രാൻ ഇഖ്ബാലും (160) സഹിൽ ലോട്ടറയും (101*) സെഞ്ചുറികൾ നേടി. ഇതോടെ കർണാടകയുടെ വിജയപ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചു. ലോട്ടറ ഈ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും ബാറ്റിംഗിൽ തിളങ്ങി വിജയശില്‍പികളിലൊരാളായി.
മത്സരം സമനിലയിൽ അവസാനിച്ചതായി ഇരു ക്യാപ്റ്റന്മാരും ധാരണയിലെത്തിയതോടെ ജമ്മു കശ്‌മീര്‍ താരങ്ങളും ആരാധകരും ആവേശകരമായ ആഘോഷങ്ങളിലേക്ക് കടന്നു. ജമ്മു കശ്‌മീരിന്‍റെ ഈ ചരിത്ര നേട്ടം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ വലിയൊരു മാറ്റത്തിന്‍റെ തുടക്കമാണ്.
Also Read: 65 റൺസ് ജയം അല്ലെങ്കിൽ 13 ഓവറിൽ ലക്ഷ്യം; ലങ്കയെ തളച്ച് സെമി പിടിക്കുമോ പാക് പട?

