ETV Bharat / sports

അനിശ്ചിതത്വങ്ങൾക്ക് വിരാമം; ഐഎസ്എൽ ഫെബ്രുവരി 14ന് തുടങ്ങും, 14 ടീമുകൾ, 91 മത്സരങ്ങൾ

ഇനിമുതൽ എഐഎഫ്എഫ് നേരിട്ടായിരിക്കും ലീഗ് നടത്തുക.

ISL  INDIAN FOOTBALL  INDIAN SUPER LEAGUE  FOOTBALL
INDIAN SUPER LEAGUE (IANS)
author img

By ETV Bharat Kerala Team

Published : January 6, 2026 at 7:32 PM IST

2 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി കേന്ദ്ര കായിക മന്ത്രി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എല്‍) 2025-26 സീസൺ പുനരാരംഭിക്കുന്നു. ഫെബ്രുവരി 14 മുതൽ പന്ത് ഉരുളുമെന്നും ലീഗിലെ മുഴുവൻ 14 ക്ലബ്ബുകളും ടൂർണമെന്‍റിൽ പങ്കെടുക്കുമെന്നും കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ന്യൂഡൽഹിയിൽ കായിക മന്ത്രാലയം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF), ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്ത നിർണായക യോഗത്തിലാണ് മാസങ്ങൾ നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്.

വാണിജ്യ പങ്കാളിയായ എഫ്എസ്എഡില്ലുമായുള്ള (FSDL) കരാർ കാലാവധി സംബന്ധിച്ച സുപ്രീം കോടതിയിലെ നിയമതടസങ്ങളെത്തുടർന്നാണ് ഇത്തവണത്തെ ഐഎസ്എൽ പാതിവഴിയിൽ നിലച്ചുപോയത്.

സെപ്റ്റംബറിൽ ആരംഭിക്കേണ്ടിയിരുന്ന ലീഗ് അനിശ്ചിതമായി നീണ്ടതോടെ സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഫെഡറേഷന്‍റെ ഇടപെടൽ പോലും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചത്. ഇനിമുതൽ എഐഎഫ്എഫ് നേരിട്ടായിരിക്കും ലീഗ് നടത്തുക.

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിൽ സിംഗിൾ ലെഗ് ഫോർമാറ്റിലായിരിക്കും ഇത്തവണ മത്സരങ്ങൾ നടക്കുക. ആകെ 91 മത്സരങ്ങൾ ഈ സീസണിലുണ്ടാകും. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം സജീവമായി രംഗത്തുണ്ടാകും. ലീഗ് നടത്തിപ്പിനായി 25 കോടി രൂപയുടെ പ്രത്യേക ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ 10 ശതമാനം തുക എഐഎഫ്എഫ് നൽകും. ക്ലബ്ബുകൾക്ക് അവരുടെ ഫ്രാഞ്ചൈസി ഫീസായ ഒരു കോടി രൂപ അടയ്ക്കാൻ ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്.

ഐഎസ്എല്ലിനൊപ്പം തന്നെ ഐ-ലീഗും ആരംഭിക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ വ്യക്തമാക്കി. ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ പൂർണ്ണമായ ഫിക്‌സ്‌ചർ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തിറക്കും.

നേരത്തേ, ലീഗിന്‍റെ ഭാവിയില്‍ വ്യക്തത തേടി 12 ഐ‌എസ്‌എൽ ക്ലബ്ബുകൾ സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ടെൻഡറുകൾ ലഭിക്കാത്തതിന്‍റെ കാരണവും ടെൻഡർ നിബന്ധനകളിൽ വരുത്തേണ്ട മാറ്റവും ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി റിപ്പോർട്ട് രൂപത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചു. പിന്നാലെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഈസ്റ്റ് ബംഗാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് കത്തെഴുതിയിരുന്നു. നിലവിലെ അനിശ്ചിതത്വം ഫുട്ബോൾ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് ക്ലബ് പ്രസിഡന്‍റ് മുരാരി ലാൽ ലോഹ്യ കത്തിൽ പറഞ്ഞിരുന്നു.

'ഐഎസ്എൽ എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തതയില്ല. ഈ അനിശ്ചിതത്വം വ്യാപകമായ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്, കായികരംഗത്തിന്‍റെ സമഗ്രതയെയും ഭാവിയെയും ഇത് ഭീഷണിപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു. കോർപ്പറേറ്റ് പിന്തുണയിൽ ഗുരുതരമായ ഇടിവ് ഉണ്ടായതായി ക്ലബ് ചൂണ്ടിക്കാട്ടി, ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Also Read: 14 സിക്‌സറുകള്‍..! വെടിക്കെട്ട് ബാറ്റിങ്ങുമായി വിഷ്‌ണു വിനോദ്; പോണ്ടിച്ചേരിക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ ജയം