ETV Bharat / sports

ലോകകപ്പ് 2026: ഇറാൻ്റെ പങ്കാളിത്തം പ്രതിസന്ധിയിൽ; യുഎസ് സൈനിക നീക്കത്തിന് പിന്നാലെ ആശങ്ക

അമേരിക്കയിലെ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറിയേക്കും.

FIFA 2026 Football World Cup
FIFA 2026 Football World Cup (AFP)
author img

By ETV Bharat Sports Team

Published : March 2, 2026 at 8:21 PM IST

2 Min Read
Choose ETV Bharat

ഹെെദരാബാദ്: ഫിഫ ലോകകപ്പിന് അമേരിക്കയിൽ പന്തുരുളാൻ 100 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെൻ്റിൽ ഇറാൻ്റെ പങ്കാളിത്തം കടുത്ത അനിശ്ചിതത്വത്തിലായി. ഇസ്രായേലുമായി ചേർന്ന് അമേരിക്ക ഇറാനിൽ നടത്തിയ സൈനിക നീക്കങ്ങളും, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയുമാണ് ലോകകപ്പ് ആവേശത്തിന് മേൽ നിഴൽ വീഴ്ത്തിയിരിക്കുന്നത്.

തുടർച്ചയായ നാലാം തവണയും ലോകകപ്പിന് യോഗ്യത നേടിയ ഇറാൻ ടീം, ഗ്രൂപ്പ് ഘട്ടത്തിൽ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമായി ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്‌ത് എന്നിവരെ നേരിടാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ലോകകപ്പിൽ പങ്കെടുക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഉചിതമാണോ എന്ന കാര്യത്തിൽ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി മെഹ്ദി താജ് ആശങ്ക പ്രകടിപ്പിച്ചു. ഖമേനിയുടെ മരണശേഷം ഇറാൻ്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.

നിലവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചു. എങ്കിലും, ഇറാൻ ടൂർണമെൻ്റിൽ നിന്ന് പിന്മാറില്ലെന്നാണ് ഫിഫയുടെ ആഭ്യന്തര വിലയിരുത്തലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. "എല്ലാ ടീമുകളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതമായ ഒരു ലോകകപ്പ് നടത്തുക എന്നതാണ് ഫിഫയുടെ പ്രഥമ പരിഗണന" എന്ന് ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം വ്യക്തമാക്കി.

പകരക്കാർ വരാൻ സാധ്യത

ഇറാൻ ലോകകപ്പ് ബഹിഷ്‌കരിക്കുകയോ അല്ലെങ്കിൽ പിന്മാറാൻ തീരുമാനിക്കുകയോ ചെയ്‌താല്‍, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ നിന്നുള്ള ഇറാഖ് അല്ലെങ്കിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ടീമുകൾക്ക് ലോകകപ്പിലേക്ക് വഴിതുറന്നേക്കും.

സുരക്ഷാ വെല്ലുവിളികൾ

അമേരിക്കയിലെ ഇറാനിയൻ വംശജരുടെ പ്രധാന കേന്ദ്രമായ ലോസ് ആഞ്ചലസിലാണ് ഇറാൻ്റെ രണ്ട് മത്സരങ്ങൾ നടക്കുന്നത്. ഇത് വലിയ സുരക്ഷാ വെല്ലുവിളിയാണ് അമേരിക്കൻ അധികൃതർക്ക് ഉയർത്തുന്നത്. 2022-ലെ ഖത്തർ ലോകകപ്പിൽ ഇറാൻ്റെ മത്സരങ്ങൾക്കിടെ ഇറാൻ സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഗാലറിയിൽ ഏറ്റുമുട്ടിയിരുന്നു. സമാനമായ പ്രതിഷേധങ്ങൾ ഇത്തവണയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.

പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ഉൾപ്പെടെയുള്ള 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ കർശനമായ യാത്രാ വിലക്ക് നിലവിലുണ്ട്. എന്നാൽ ലോകകപ്പിൻ്റെ ഭാഗമായി എത്തുന്ന താരങ്ങൾക്കും പരിശീലകർക്കും ഈ വിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. എങ്കിലും നിലവിലെ യുദ്ധസമാനമായ സാഹചര്യം ടീമിൻ്റെ യാത്രയെ ബാധിക്കുമോ എന്ന് കണ്ടറിയണം.

Also Read: ദുബായില്‍ കുടുങ്ങിയത് തിരിച്ചടിയായി: പിവി സിന്ധു ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തേക്ക്!