തെറ്റുകൾ സമ്മതിച്ച് മാപ്പ് ചോദിച്ച് ഇൻഫാന്‍റിനോ; കസേര തെറിക്കാതെ കഷ്‌ടിച്ച് തടിയൂരി!
വീഴ്‌ചകളിൽ ഖേദം പ്രകടിപ്പിച്ച് ഇൻഫാന്‍റിനോ; പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ പൂർണ്ണ പിന്തുണ ആവശ്യപ്പെട്ടു.

Published : August 6, 2026 at 1:35 PM IST
റബാത്ത് (മൊറോക്കോ): ലോകകപ്പ് ടൂർണമെന്‍റുകളുടെ വാണിജ്യ-പ്രവർത്തന ചുമതലകൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള വിവാദ പദ്ധതിയിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. കടുത്ത ആഭ്യന്തര-ബാഹ്യ സമ്മർദ്ദങ്ങളെത്തുടർന്ന് ഈ പദ്ധതി ഔദ്യോഗികമായി പിൻവലിച്ചെങ്കിലും, മൊറോക്കോയിൽ ചേർന്ന അടിയന്തര യോഗത്തിൽ ഫിഫയുടെ മുതിർന്ന ഉദ്യോഗസ്ഥരും മാനേജ്‌മെന്‍റ് ബോർഡും ഇൻഫാന്‍റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 211 ഫിഫ അംഗ അസോസിയേഷനുകൾ ചേർന്ന് ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഏക ഔദ്യോഗിക തലവൻ ഇൻഫാന്‍റിനോ ആണെന്ന് യോഗം അടിവരയിട്ടു.
കടുത്ത എതിർപ്പും പദ്ധതിയിൽ നിന്നുള്ള പിന്മാറ്റവും
ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 'ഫിഫ ഫോർവേഡ് എന്‍റര്‍പ്രൈസ്' എന്ന പേരിൽ ഒരു സ്വകാര്യ കമ്പനി രൂപീകരിക്കാനായിരുന്നു ഇൻഫാന്‍റിനോയുടെ നീക്കം. എന്നാൽ യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ, കോൺകകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ പ്രാദേശിക ഫുട്ബോൾ ബോഡികളും നിരവധി ദേശീയ അസോസിയേഷനുകളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഫിഫയ്ക്കുള്ളിൽ നിന്ന് തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ ഇൻഫാന്‍റിനോയ്ക്ക് ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാകാതെ പിൻവാങ്ങേണ്ടി വരികയായിരുന്നു.
FIFA Backs Infantino, Apologises For World Cup Privatisation Plan
— Channels Television (@channelstv) August 6, 2026
FIFA president Gianni Infantino has received the “full support” of senior directors on Wednesday, but world football’s governing body apologised for the controversy surrounding the now-shelved plan to open the… pic.twitter.com/CKJpwqgyvW
ഈ സംഭവവികാസങ്ങളെ തുടർന്ന് ഫിഫ ജനറൽ സെക്രട്ടറി മാറ്റിയാസ് ഗ്രാഫ്സ്ട്രോം ജീവനക്കാർക്ക് അയച്ച ആഭ്യന്തര കുറിപ്പിൽ, നിലവിലെ സാഹചര്യങ്ങൾ "അങ്ങേയറ്റം സങ്കടകരവും അപലപനീയവുമായ സംഭവങ്ങളുടെ പരമ്പരയാണ്" എന്ന് വിശേഷിപ്പിച്ചിരുന്നു.
തെറ്റുകൾ സമ്മതിച്ച് ഫിഫ; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്
മൊറോക്കോയിലെ റബാത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ എഫ്എഫ്ഇ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതിലുണ്ടായ വീഴ്‌ചകൾ ഭരണസമിതി വിശദമായി ചർച്ച ചെയ്‌തു. ഫിഫ കൗൺസിലിനെയും മറ്റ് അംഗരാജ്യങ്ങളെയും ഈ പ്രക്രിയയിൽ നിന്ന് മാറ്റിനിർത്തിയതായി അവർക്ക് തോന്നാനിടയായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും, ഈ വിഷയം കൈകാര്യം ചെയ്‌ത രീതി തെറ്റായിപ്പോയെന്നും യോഗം വിലയിരുത്തി. കൂടാതെ, പദ്ധതിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നതിന് ശേഷം കാര്യങ്ങൾ കൈകാര്യം ചെയ്തതിലും വലിയ പിഴവുകൾ സംഭവിച്ചതായി ഫിഫ സമ്മതിച്ചു.
സംഭവിച്ച പിഴവുകൾക്ക് മാപ്പ് ചോദിച്ചുകൊണ്ട് ഫിഫ കൗൺസിലിനും അംഗങ്ങൾക്കും പ്രത്യേക കത്തുകൾ അയച്ചിട്ടുണ്ട്. ഇത്തരം വീഴ്‌ചകൾ ഇനി ആവർത്തിക്കില്ലെന്ന് ഫിഫ ഉറപ്പുനൽകി. ഈ പ്രക്രിയയെക്കുറിച്ച് സമഗ്രമായ ഒരു പുനരവലോകനം നടത്തുമെന്നും, അടുത്ത ഫിഫ കൗൺസിൽ യോഗത്തിൽ ഇതിന്‍റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി.
നിലപാട് കടുപ്പിച്ച് ഫിഫ
വിവാദ പദ്ധതി പിൻവലിച്ചെങ്കിലും, ഫിഫയുടെ സുതാര്യതയ്ക്കും സൽപേരിനും എതിരെ ഉണ്ടാകുന്ന യാതൊരുവിധ ആക്രമണങ്ങളും ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് മാനേജ്‌മെന്‍റ് ബോർഡ് മുന്നറിയിപ്പ് നൽകി. സംഘടനയുടെ അന്തസ്സും ജനവിശ്വാസവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഈ അനുഭവത്തിൽ നിന്ന് ഫിഫ പല പാഠങ്ങളും ഉൾക്കൊണ്ടിട്ടുണ്ടെന്നും ഭാവിയിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കിയ പ്രസ്‌താവന, വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഫിഫയുടെ നിലവിലെ ഭരണഘടനാ ചട്ടക്കൂടുകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്‌തതെന്ന് ഉറപ്പിച്ചു പറഞ്ഞു.

