ETV Bharat / sports

ബംഗ്ലാദേശ് പര്യടനം: സർക്കാർ പച്ചക്കൊടി കാട്ടിയാൽ മാത്രം പരമ്പര; ബിസിസിഐ

ബംഗ്ലാദേശ് പര്യടനം: കേന്ദ്ര സർക്കാരിന്‍റെ അനുമതി കാത്ത് ബിസിസിഐ.

India's Bangladesh Tour
India's Bangladesh Tour Awaits Government Clearance (IANS)
author img

By ETV Bharat Sports Team

Published : August 13, 2026 at 8:32 PM IST

1 Min Read
Choose ETV Bharat

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നിർദ്ദിഷ്ട ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാരിൽ നിന്ന് പച്ചക്കൊടി ലഭിച്ചാൽ മാത്രമേ പരമ്പരയുടെ അന്തിമ സമയക്രമം പ്രഖ്യാപിക്കുകയുള്ളൂ എന്ന് ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.

ക്രിക്കറ്റ് ബന്ധങ്ങളിലെ മുൻകാല അസ്വാരസ്യങ്ങൾ

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി നിലവിൽ നല്ല ബന്ധമാണുള്ളതെന്നും ബിസിസിഐ സൂചിപ്പിച്ചു. ബംഗ്ലാദേശിലെ ആഭ്യന്തര കലാപങ്ങളെയും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളെയും തുടർന്ന് ഈ വർഷം ആദ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങളിൽ വലിയ വിള്ളലുകൾ വീണിരുന്നു.

ബംഗ്ലാദേശിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 9.20 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ബംഗ്ലാദേശ് പേസർ മുസ്‌തഫിസുർ റഹ്മാനെ റിലീസ് ചെയ്യാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് 2026 ടി20 ലോകകപ്പിനായി തങ്ങളുടെ ദേശീയ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റാൻ അവർ ഐസിസിയോട് ആവശ്യപ്പെട്ടെങ്കിലും ഐസിസി അത് നിരസിക്കുകയായിരുന്നു.

പുതിയ ചർച്ചകളും പര്യടന സാധ്യതകളും

കഴിഞ്ഞ ഏപ്രിലിൽ ധാക്കയിൽ ചേർന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് യോഗത്തിന് ശേഷം ഇരു ബോർഡുകളും തമ്മിൽ ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പുരുഷ ടീമിന്‍റെ ബംഗ്ലാദേശ് പര്യടനം, ബംഗ്ലാദേശ് വനിതാ ടീമിന്‍റെ ഇന്ത്യൻ പര്യടനം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി ആശയവിനിമയം നടത്തിവരികയാണ്. കേന്ദ്ര സർക്കാർ സുരക്ഷാ മുൻനിർത്തി അനുമതി നൽകുന്ന മുറയ്ക്ക് പര്യടനത്തിന്‍റെ തീയതികൾ പ്രഖ്യാപിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

Also Read: ഗ്രൗണ്ടിൽ ഗോളടി വീരൻ, ലഹരി വിപണിയിൽ 'ബ്രാൻഡ്'? ഹാലണ്ടിന്‍റെ ചിത്രം കണ്ട് അന്തംവിട്ട് പോലീസ്