ETV Bharat / sports

ഇംഗ്ലീഷ് പടയെ തളയ്ക്കാൻ ‘സഞ്ജു തന്ത്രം’ പ്രയോഗിക്കുമോ? ഇന്ത്യക്ക് ഇന്ന് നിർണായക പോരാട്ടം

ഇന്ത്യ–ഇംഗ്ലണ്ട് നാലാം പോരാട്ടം ഇന്ന്, തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്‌ടമാകും.

India vs England 4th T20I
India vs England 4th T20I (IANS)
author img

By ETV Bharat Sports Team

Published : July 9, 2026 at 12:28 PM IST

2 Min Read
Choose ETV Bharat

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യ ഇന്ന് നിർണായകമായ നാലാം പോരാട്ടത്തിനിറങ്ങുന്നു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും, തുടർന്നുള്ള രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രേയസ് അയ്യരും സംഘവും പരമ്പരയിൽ നിലവിൽ 0-2 ന് പിന്നിലാണ്. ഇന്ന് ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. പുതിയ നേതൃത്വത്തിന് കീഴിൽ ഇറങ്ങിയ ഇന്ത്യൻ ടീമിന്‍റെ തന്ത്രങ്ങളെയും പ്രകടനങ്ങളെയും ചോദ്യം ചെയ്യുന്നതാണ് നിലവിലെ സാഹചര്യം.

സഞ്ജു സാംസൺ തിരിച്ചെത്തുമോ?

തുടർച്ചയായ മത്സരങ്ങളിൽ ഇംഗ്ലീഷ് പേസർമാർക്ക് മുന്നിൽ ഇന്ത്യൻ മുൻനിര തകർന്നടിയുന്നതാണ് പ്രധാന പ്രതിസന്ധി. വിക്കറ്റുകൾ കൂട്ടത്തോടെ വീഴുന്നത് മധ്യനിരയ്ക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ആദ്യ മത്സരത്തിന് ശേഷം സഞ്ജുവിനെ പുറത്തിരുത്തി കൗമാര താരം വൈഭവ് സൂര്യവംശിക്കാണ് മാനേജ്മെന്‍റ് അവസരം നൽകിയത്. സഞ്ജുവിനെ തിരികെ വിളിക്കുകയാണെങ്കിൽ ഓപ്പണിങ് സഖ്യത്തെ മാറ്റാതെ മധ്യനിരയിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. മോശം ഫോമിലുള്ള വൈസ് ക്യാപ്റ്റൻ തിലക് വർമ്മയ്ക്കും ഫിനിഷർമാർക്കും മേൽ വലിയ സമ്മർദ്ദമുണ്ട്. നോട്ടിങ്‌ഹാമില്‍ നേരിട്ട വൻ പരാജയത്തിന് പിന്നാലെ ടീമിന്‍റെ ബാറ്റിങ് ഓർഡറിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ബൗളിങ്ങിലെ പോരായ്‌മകള്‍

ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും ഇന്ത്യക്ക് സ്ഥിരത കണ്ടെത്താനായിട്ടില്ല. പേസ് ബൗളർമാർ ചില നിമിഷങ്ങളിൽ തിളങ്ങിയെങ്കിലും കൃത്യമായ സമ്മർദ്ദം നിലനിർത്താൻ കഴിഞ്ഞില്ല. മധ്യ ഓവറുകളിൽ ഇംഗ്ലീഷ് ബാറ്റർമാരെ നിയന്ത്രിക്കാൻ സ്‌പിന്നർമാർക്കും സാധിക്കാത്തത് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി.

ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ട്

മറുവശത്ത് മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് പൂർണ്ണ ആത്മവിശ്വാസത്തിലാണ്. ഓപ്പണർ ഫിൽ സാൽറ്റും ക്യാപ്റ്റൻ ഹാരി ബ്രൂക്കും മികച്ച ഫോമിലാണ്. എന്നാൽ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നത് ജോഫ്ര ആർച്ചർ - ജോഷ് ടങ് സഖ്യത്തിന്‍റെ പേസ് ബൗളിങ്ങാണ്. തങ്ങളുടെ വേഗതയും കൃത്യതയും കൊണ്ട് ഇന്ത്യൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.

ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ശനിയാഴ്‌ച സൗതാംപ്ടണിൽ നടക്കുന്ന അവസാന മത്സരത്തിന് മുൻപ് തന്നെ പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ പരമ്പര ജീവനോടെ നിലനിർത്താൻ ഇന്ത്യക്ക് ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും പോരാ.

സ്ക്വാഡുകൾ

ഇന്ത്യ : ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്ണോയ്, അഭിഷേക് ശർമ്മ, സൂര്യൻഷ് ഷെഡ്ഗെ, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്‌സര്‍ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അർഷ്‌ദീപ് സിംഗ്, ശിവം ദുബെ, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബേക്കർ, ടോം ബാന്‍റണ്‍ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥേൽ, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ജെയിംസ് കോൾസ്, ജോർദാൻ കോക്‌സ്, സാം കറൻ, ലിയാം ഡോസൺ, വിൽ ജാക്‌സ്, സാഖിബ് മഹ്മൂദ്, ആദിൽ റഷീദ്, ഫിൽ സാൽട്ട്, ജോഷ് ടംഗ്, ലൂക്ക് വുഡ്.

Also Read: മൈതാനത്തെ രാജകുമാരൻ ഇതിഹാസങ്ങളുടെ പട്ടികയിൽ; ഗാംഗുലിക്ക് ഐസിസി ഹാൾ ഓഫ് ഫെയിം പദവി