ETV Bharat / sports

വൈഭവ് തകർത്തടിക്കുമോ, സഞ്ജു ടീമിന് പുറത്തുതന്നെ? മൂന്നാം ടി20 ഇന്ന് നോട്ടിങ്ഹാമിൽ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20: പരമ്പര നിലനിർത്താൻ ഇന്ത്യ ഇന്ന് നിർണ്ണായക പോരാട്ടത്തിൽ

India vs England 3rd T20I
India vs England 3rd T20I (IANS)
author img

By ETV Bharat Sports Team

Published : July 7, 2026 at 2:27 PM IST

3 Min Read
Choose ETV Bharat

നോട്ടിങ്ഹാം: ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യ വിജയത്തിനായി പതറുന്ന ഇന്ത്യൻ ടീം ഇന്ന് ട്രെന്‍റ് ബ്രിഡ്‌ജില്‍ ആതിഥേയർക്കെതിരെ മൂന്നാം ടി20 മത്സരത്തിന് ഇറങ്ങുന്നു. മാഞ്ചസ്റ്ററിലെ തോൽവിക്ക് പുറമെ, അയർലൻഡിനെതിരായ പരമ്പരയും 2-0 ന് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഈ മത്സരം അതീവ നിർണ്ണായകമാണ്. ലോക റെക്കോർഡുകൾ തിരുത്തിക്കുറിച്ച വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനവും, ടി20 ലോകകപ്പിലെ ഹീറോ ആയിട്ടും വെറും മൂന്ന് മത്സരങ്ങളിലെ മോശം ഫോമിന്‍റെ പേരിൽ ടീമിൽ നിന്ന് പുറത്തായ മലയാളി താരം സഞ്ജു സാംസന്‍റെ വിധിയും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഈ നിർണ്ണായക ഘട്ടത്തിലാണ് പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും സംഘവും പരമ്പര ജീവനോടെ നിലനിർത്താൻ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി പത്തുമണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ബൗളിങ് നിരയിലെ മാറ്റങ്ങൾ

ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ബൗളിങ് നിര പൂർണ്ണമായി അഴിച്ചുപണിയാനാണ് മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ വിക്കറ്റൊന്നും നേടാനാകാതെ, ഒരു ഓവറിൽ മൂന്ന് നോ-ബോളുകൾ ഉൾപ്പെടെ 60 റൺസ് വഴങ്ങിയ സ്‌പിന്നർ രവി ബിഷ്ണോയിയുടെ മോശം ഫോം ഇന്ത്യയ്ക്ക് കടുത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ ബിഷ്ണോയിക്ക് പകരം ഒരു അധിക ഫാസ്റ്റ് ബൗളറെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഇംഗ്ലീഷ് ബാറ്റർമാർക്ക് എളുപ്പത്തിൽ റൺസ് വിട്ടുകൊടുക്കുന്ന പ്രസിദ്ധ് കൃഷ്‌ണയ്ക്ക് പകരം, യുവതാരം പ്രിൻസ് യാദവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ശക്തമായ സാധ്യതയുണ്ട്.

ബാറ്റിങ്ങിലെ വെല്ലുവിളികൾ

ഇന്ത്യൻ ബാറ്റർമാർക്ക് ഇംഗ്ലണ്ടിലെ പിച്ചുകളിലെ അധിക ബൗൺസും സ്വിങ്ങും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഓപ്പണർ അഭിഷേക് ശർമ്മ (59, 43 റൺസ്) മാത്രമാണ് ഇതുവരെ മികച്ച ഫോമിൽ കളിച്ചത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും കളിയിൽ ആധിപത്യം സ്ഥാപിക്കാൻ അവർക്കായിട്ടില്ല. അതേസമയം, അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി ഈ മത്സരത്തിൽ തിളങ്ങുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ പുറത്തിരുത്തിയാണ് വൈഭവിനെ ഇന്ത്യ ഓപ്പണറായി ഇറക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വൈഭവ് തിരുത്തി. അരങ്ങേറ്റത്തിൽ 14 റൺസ് മാത്രമാണ് നേടിയതെങ്കിലും രണ്ട് കൂറ്റൻ സിക്‌സറുകളിലൂടെ താരം തന്‍റെ വെടിക്കെട്ട് ശേഷി തെളിയിച്ചു.

അതേസമയം, മൂന്ന് മാസം മുമ്പ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് ആകുകയും ചെയ്‌ത സഞ്ജുവിനെ, വെറും 3 ഇന്നിങ്സുകളിലെ പരാജയത്തിന്‍റെ (5, 0, 1 റൺസ്) പേരിൽ ടീമിൽ നിന്ന് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. മുൻ താരങ്ങൾ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതിനുപിന്നാലെ സിംബാബ്‌വെ പര്യടനത്തിനുള്ള ടി20 ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് താരത്തിന്‍റെ കരിയറിന് മേൽ വലിയ ചോദ്യചിഹ്നം ഉയർത്തുന്നു.

സ്ക്വാഡുകൾ

ഇന്ത്യ : ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്ണോയ്, അഭിഷേക് ശർമ്മ, സൂര്യൻഷ് ഷെഡ്ഗെ, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്‌സര്‍ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അർഷ്‌ദീപ് സിംഗ്, ശിവം ദുബെ, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബേക്കർ, ടോം ബാന്‍റണ്‍ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥേൽ, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ജെയിംസ് കോൾസ്, ജോർദാൻ കോക്‌സ്, സാം കറൻ, ലിയാം ഡോസൺ, വിൽ ജാക്‌സ്, സാഖിബ് മഹ്മൂദ്, ആദിൽ റഷീദ്, ഫിൽ സാൽട്ട്, ജോഷ് ടംഗ്, ലൂക്ക് വുഡ്.

Also Read: ബിസിസിഐ നൽകിയത് വിശ്രമമോ അതോ ശിക്ഷയോ? സിംബാബ്‌വെ പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്ന് സഞ്ജു സാംസൺ പുറത്ത്