ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി; കന്നി വനിതാ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയില്‍, പാക്കിസ്ഥാൻ കളിക്കില്ല
വനിതാ ക്രിക്കറ്റിൽ വീണ്ടും ചരിത്രമെഴുതാൻ ഇന്ത്യ; കന്നി ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകും, ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി.

Published : September 3, 2026 at 9:20 AM IST
ഹെെദരാബാദ്: 2027ൽ നടക്കാനിരിക്കുന്ന കന്നി വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയരാകും. ടൂര്‍ണമെന്‍റ് ശ്രീലങ്കയിലായിരുന്നു കളിക്കേണ്ടത്. എന്നാൽ മത്സരങ്ങൾ ഇന്ത്യയിലേക്കു മാറ്റാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ സർക്കാർ ഇടപെടലുകളും ഭരണപരമായ പ്രതിസന്ധികളുമാണ് വേദി ഇന്ത്യയിലേക്ക് മാറ്റാൻ ഐസിസിയെ പ്രേരിപ്പിച്ചത്. 2027 ഫെബ്രുവരി 14 മുതൽ 28 വരെയാണ് ടൂർണമെന്‍റ് അരങ്ങേറുക.
ഇന്നലെ ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് ഇന്ത്യയെ വേദിയായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ആതിഥേയത്വത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ കടുത്ത വിലയിരുത്തലുകൾക്ക് ശേഷം ഇന്ത്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ഭരണപരമായ പ്രശ്‌നങ്ങള്‍ കാരണം സമീപകാലത്ത് ശ്രീലങ്കയ്ക്ക് നഷ്ടമാകുന്ന രണ്ടാമത്തെ ആഗോള ടൂർണമെന്‍റാണിത്. ഇതിന് മുൻപ് 2024-ലെ പുരുഷ അണ്ടർ-19 ലോകകപ്പ് വേദിയും ശ്രീലങ്കയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.
A landmark moment for women’s cricket awaits.
— ICC (@ICC) September 2, 2026
The dates and venues for the inaugural Women’s Champions Trophy in 2027 are now confirmed, as India prepares to welcome the world’s best teams from 14-28 February.
Read more ➡️ https://t.co/QrY2iyDwyU pic.twitter.com/m7cWLxY8I8
മത്സര വേദികൾ
ആറ് ലോകോത്തര ടീമുകൾ പങ്കെടുക്കുന്ന ഈ പോരാട്ടം ഇന്ത്യയിലെ രണ്ട് പ്രമുഖ സ്റ്റേഡിയങ്ങളിലായാകും നടക്കുകയെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു:
- ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ (CCI), മുംബൈ
- വഡോദര ക്രിക്കറ്റ് സ്റ്റേഡിയം
2025-ലെ വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയ നവി മുംബൈയിലെ പ്രശസ്‌തമായ ഡി.വൈ പാട്ടീൽ സ്റ്റേഡിയം ഇത്തവണത്തെ വേദികളുടെ പട്ടികയിലില്ല.
ശ്രീലങ്കയ്ക്ക് വേദി നഷ്‌ടപ്പെടാൻ കാരണം
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ സർക്കാർ രാഷ്ട്രീയമായി ഇടപെട്ടതിനെ തുടർന്ന് ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്കായി അവിടെ ഒരു ഇടക്കാല 'ട്രാൻസ്ഫോർമേഷൻ കമ്മിറ്റി' നിലവിൽ വന്നിരുന്നു. എന്നാൽ ക്രിക്കറ്റ് ഭരണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഐസിസി കർശനമായി വിലക്കുന്നുണ്ട്. ഈ കമ്മിറ്റി രൂപീകരിച്ചതു മുതൽ ഐസിസി ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ശ്രീലങ്കൻ ക്രിക്കറ്റ് പ്രതിനിധികളെ വിലക്കിയിട്ടുമുണ്ട്. കഴിഞ്ഞ ജൂലൈയിൽ നടന്ന ഐസിസി വാർഷിക സമ്മേളനത്തിൽ നിർദ്ദേശിച്ച പരിഷ്‌കാരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രീലങ്കയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ടൂർണമെന്‍റ് ഇന്ത്യയിലേക്ക് മാറ്റിയത്.
ഫോർമാറ്റും യോഗ്യത നേടിയ ടീമുകളും
ഐസിസി വനിതാ ടി20 റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ 2026 ജൂലൈ 6-ലെ കട്ട്-ഓഫ് തീയതി പ്രകരം യോഗ്യത നേടിയ ആറ് കരുത്തരായ ടീമുകളാണ് ടൂർണമെന്‍റില്‍ മാറ്റുരയ്ക്കുന്നത്. റാങ്കിങ്ങിൽ എട്ടാമതുള്ള പാക്കിസ്ഥാന് യോഗ്യതയില്ല.
- പങ്കെടുക്കുന്ന ടീമുകൾ: ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക.
- മത്സരക്രമം: റൗണ്ട് റോബിൻ ലീഗ് ഘടനയിലാണ് മത്സരങ്ങൾ. ലീഗ് ഘട്ടത്തിൽ മുന്നിലെത്തുന്ന മികച്ച രണ്ട് ടീമുകൾ ഫെബ്രുവരി 28-ന് നടക്കുന്ന ആവേശകരമായ ഫൈനലിൽ ഏറ്റുമുട്ടും.
Also Read: ബ്രസീൽ താരങ്ങളെ കാണാന്‍ വെറും 999 രൂപയോ..! ഭൂരിഭാഗം ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു

