ETV Bharat / sports

ബ്രസീലിനെയും ഉറുഗ്വേയെയും നേരിടാൻ ഇന്ത്യ; നീലപ്പടയിൽ കരുത്തായി നാല് മലയാളി താരങ്ങൾ

ബ്രസീൽ, ഉറുഗ്വേ, പാനമ ടീമുകൾക്കെതിരെയുള്ള സൗഹൃദ മത്സരം: ഇന്ത്യൻ ടീമിൽ നാല് മലയാളി താരങ്ങൾ

INDIA VS BRAZIL FOOTBALL FRIENDLY  INDIA VS URUGUAY FOOTBALL MATCH  MALAYALI PLAYERS IN INDIAN FOOTBALL  INDIA VS PANAMA FOOTBALL 2026
India Announces 26-Member Squad for Friendlies (IANS)
author img

By ETV Bharat Sports Team

Published : September 1, 2026 at 1:07 PM IST

2 Min Read
Choose ETV Bharat

ഹെെദരാബാദ്: സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിനെ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. പാനമ, അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ, രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേ എന്നിവർക്കെതിരെയാണ് ഇന്ത്യ കളിക്കുന്നത്.

കേരളത്തില്‍ നിന്ന് നാല് മലയാളി താരങ്ങൾ അന്തിമ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. മിഡ്‌ഫീൽഡിൽ കളി മെനയാൻ സഹലും സനാനും ആഷിഖും എത്തുമ്പോൾ, പ്രതിരോധക്കോട്ട കാക്കാൻ ബിജോയ് വർഗീസും ടീമിലുണ്ട്. ഈ വർഷം നടന്ന ഫിഫ ലോകകപ്പിൽ പങ്കെടുത്ത മൂന്ന് ശക്തരായ ടീമുകൾക്കെതിരെ കളിക്കുന്നത് റാങ്കിംഗിൽ മുന്നിലുള്ള അന്താരാഷ്ട്ര ടീമുകളുമായി ഇന്ത്യയ്ക്ക് സ്വയം വിലയിരുത്താനുള്ള വലിയൊരു അവസരമായിരിക്കും.

മത്സരങ്ങൾക്കായി സെപ്റ്റംബർ 14 മുതൽ ഇന്ത്യൻ ടീം ബംഗളൂരുവിൽ ഒരുക്കങ്ങൾ ആരംഭിക്കും. സെപ്റ്റംബർ 26-ന് പാനമയ്ക്കെതിരെയാണ് ആദ്യ മത്സരം. അതിനുശേഷം ഒക്ടോബർ 3-ന് ബ്രസീലിനെയും ഒക്ടോബർ 6-ന് ഉറുഗ്വേയെയും നേരിടാനായി ടീം കൊൽക്കത്തയിലേക്ക് തിരിക്കും. കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീഡാംഗനിലാണ് ഈ രണ്ട് വമ്പൻ പോരാട്ടങ്ങളും നടക്കുക.

ഇന്ത്യൻ സ്ക്വാഡ്:

ഗോൾകീപ്പർമാർ: അൽബിനോ ഗോമസ്, ഗുർപ്രീത് സിംഗ് സന്ധു, പ്രഭ്സുഖാൻ സിംഗ് ഗിൽ, സോം കുമാർ.

ഡിഫൻഡർമാർ: ബിജോയ് വർഗീസ്, ആകാശ് മിശ്ര, അൻവർ അലി, അഭിഷേക് സിംഗ് തെക്ചാം, ഹമിംഗ്തൻമാവിയ റാൾട്ടെ, ജയ് ഗുപ്‌ത, പ്രംവീർ, റിക്കി മീതേയ് ഹയോബാം.

മിഡ്‌ഫീൽഡർമാർ: സഹൽ അബ്ദുൾ സമദ്, മുഹമ്മദ് സനാൻ, ആഷിഖ് കുരുണിയൻ, അനിരുദ്ധ് ഥാപ്പ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൾട്ടെ, മക്കാർട്ടൺ നിക്‌സണ്‍, റിക്കി ഷാബോങ്.

ഫോർവേഡ്‌സ്: എഡ്‌മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിംഗ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പ്രതാപ് സിംഗ്.

കൂടാതെ ഹൃതിക് തിവാരി, ചിങ്ലൻസാന സിംഗ് കൊൻഷാം, റോഷൻ സിംഗ് നവോറെം, സുരേഷ് സിംഗ് വാങ്ജാം എന്നിവരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമിന്റെ മത്സരക്രമം

  • സെപ്റ്റംബര്‍ 26: ഇന്ത്യ vs പനാമ (ശ്രീ കണ്ഠീരവ സ്റ്റേഡിയം, ബംഗളൂരു)
  • ഒക്ടോബര്‍ 3: ഇന്ത്യ vs ബ്രസീല്‍ (സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം, കൊല്‍ക്കത്ത)
  • ഒക്ടോബര്‍ 6: ഇന്ത്യ vs ഉറുഗ്വായ് (സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം, കൊല്‍ക്കത്ത)

Also Read: മെസിയുടെ പിൻഗാമി, 10ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്ക്?