ETV Bharat / sports

അപരാജിത കുതിപ്പ്! നൽഗൊണ്ട നൈറ്റ്സിനെ തകർത്ത് ഹൈദരാബാദ് ഇ-ചാമ്പ്യൻസ് ടിജി ലീഗ് ടോപ്പർമാർ

ലീഗ് ഘട്ടത്തിൽ തോൽവി അറിയാതെ ഇ-ചാമ്പ്യൻസ്; വ്യാഴാഴ്‌ച നടക്കുന്ന ക്വാളിഫയറിൽ ഖമ്മം ഏസസുമായി പോരാട്ടം.

Hyderabad E-Champions
Hyderabad E-Champions (Etv Bharat)
author img

By ETV Bharat Sports Team

Published : July 7, 2026 at 12:54 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ടിജി20 ലീഗിൽ ഹൈദരാബാദ് ഇ-ചാമ്പ്യൻസിന് തുടർച്ചയായ വിജയം. ആവേശപ്പോരാട്ടത്തിൽ അനുരാഗ് നൽഗൊണ്ട നൈറ്റ്സിനെ 5 വിക്കറ്റിന് തകർത്ത ഇ-ചാമ്പ്യൻസ്, ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് യോഗ്യത നേടി. ജൂലൈ 9നു നടക്കുന്ന ഒന്നാം ക്വാളിഫയറിൽ ഇ-ചാമ്പ്യൻസ് അൻവിത ഖമ്മം ഏസസിനെ നേരിടും.

ആവേശം നിറഞ്ഞ റൺ വേട്ട

നൈറ്റ്സ് ഉയർത്തിയ 188 റൺസ് എന്ന ശക്തമായ വിജയലക്ഷ്യം 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇ-ചാമ്പ്യൻസ് മറികടന്നു. വെറും 16 പന്തിൽ നിന്ന് 4 സിക്സറുകൾ ഉൾപ്പെടെ 41 റൺസുമായി പുറത്താകാതെ നിന്ന വൈഷ്‌ണവ് റെഡ്ഡിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇ-ചാമ്പ്യൻസിന്‍റെ വിജയം എളുപ്പമാക്കിയത്. ഇല്ല്യാൻ സതാനി എറിഞ്ഞ 18-ാം ഓവറിൽ 4 സിക്സറുകൾ പറത്തി വൈഷ്‌ണവ് 26 റൺസാണ് അടിച്ചുകൂട്ടിയത്. അഭിരത് റെഡ്ഡി (20 പന്തിൽ 39), അൻവിത് റെഡ്ഡി (30 പന്തിൽ 40), പുറത്താകാതെ 34 റൺസെടുത്ത അജയ് ദേവ് ഗൗഡ് എന്നിവരും ബാറ്റിംഗിൽ മികച്ച പിന്തുണ നൽകി.

ഷണ്‍മുഖ അശ്വിന്‍റെ ബോളിംഗ് കരുത്ത്

ആദ്യം ബാറ്റ് ചെയ്‌ത നൽഗൊണ്ട 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. വരുൺ ഗൗഡിന്‍റെ അർധസെഞ്ചുറിയും (32 പന്തിൽ 53), ഓപ്പണർമാരായ ജശ്വന്ത് മോതെ (36), ഗൗരവ് റെഡ്ഡി (25) എന്നിവരുടെ പ്രകടനവുമാണ് നൈറ്റ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ ഹർഷവർദ്ധൻ സിംഗും (23*) നൈറ്റ്സിനായി അതിവേഗം റൺസ് ഉയർത്തി.

എന്നാൽ മധ്യ ഓവറുകളിൽ ഇ-ചാമ്പ്യൻസിന്‍റെ സ്പിന്നർമാർ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. 4 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി 4 പ്രമുഖ വിക്കറ്റുകൾ വീഴ്ത്തിയ ഷണ്മുഖ അശ്വിനാണ് നൈറ്റ്സിന്‍റെ ബാറ്റിംഗ് നിരയെ തകർത്തത്. പ്രണവ് വർമ്മ, അജയ് ദേവ് ഗൗഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നൈറ്റ്സിന്‍റെ ഭാവി നെറ്റ് റൺറേറ്റിൽ

ഈ തോൽവിയോടെ നൽഗൊണ്ട നൈറ്റ്സിന്‍റെ പ്ലേഓഫ് സാധ്യതകൾ മറ്റ് മത്സരങ്ങളുടെ ഫലത്തെയും നെറ്റ് റൺറേറ്റിനെയും ആശ്രയിച്ചാണിരിക്കുന്നത്. ലീഗ് ഘട്ടത്തിലെ അവസാന ദിവസത്തെ മത്സരങ്ങളായ ഇ.ഐ.പി.എൽ-കരീംനഗർ ഡയമണ്ട്സ് വേഴ്സസ് പാലമൂർ സ്ട്രൈക്കേഴ്‌സ്, രംഗറെഡ്ഡി റൈസേഴ്‌സ് vs വാറങ്കൽ വാരിയേഴ്‌സ് പോരാട്ടങ്ങൾക്ക് ശേഷമേ നാലാം സ്ഥാനക്കാരെ നിശ്ചയിക്കാൻ സാധിക്കൂ.

Also Read: ലോകകപ്പില്‍ ഇനി ആ ‘സ്യൂൂ’ ഗർജ്ജനമില്ല; കനൽവഴിയിൽ റെക്കോർഡുകൾ എഴുതിച്ചേർത്ത് ഇതിഹാസം പടിയിറങ്ങി!