രോഹിത്തിന്‍റെ തിരിച്ചുവരവ് വൈകിപ്പോയോ? മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളെക്കുറിച്ച് ഹർഭജൻ സിംഗ്
രോഹിത് നേരത്തെ തിരിച്ചെത്തിയിരുന്നെങ്കിൽ മുംബൈയുടെ വിധി മാറുമായിരുന്നുവെന്ന് ഹർഭജൻ സിംഗ്

Published : May 5, 2026 at 5:19 PM IST
ന്യൂഡൽഹി: ഐപിഎൽ 2026ൽ മുംബൈ ഇന്ത്യൻസിന്‍റെ സീസൺ മറ്റൊരു രീതിയിൽ മാറുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. പരിക്കേറ്റ് പുറത്തിരുന്ന രോഹിത് ശർമ്മ അല്‍പം കൂടി നേരത്തെ ടീമിലേക്ക് തിരിച്ചെത്തിയിരുന്നെങ്കിൽ മുംബൈ ഇപ്പോഴും പ്ലേ ഓഫ് പോരാട്ടത്തിൽ സജീവമായി ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഖ്‌നൗവിനെതിരായ മത്സരത്തിൽ രോഹിത് കാഴ്ചവെച്ച തകർപ്പൻ മാച്ച് വിന്നിംഗ് പ്രകടനത്തിന് പിന്നാലെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
മാറ്റമുണ്ടാക്കിയത് രോഹിത്തിന്‍റെ സാന്നിധ്യം
വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ രോഹിത് ശർമ്മ നയിച്ച ബാറ്റിംഗ് പ്രകടനമാണ് മുംബൈയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. ജിയോ സ്റ്റാറിനോട് സംസാരിക്കവെ ഹർഭജൻ രോഹിത്തിന്‍റെ സ്വാധീനത്തെക്കുറിച്ച് വാചാലനായി.
"മൈതാനത്തിന്‍റെ മധ്യത്തിൽ നിൽക്കുക എന്നത് ഏതൊരു താരത്തിനും പ്രധാനമാണ്. ഡഗ് ഔട്ടിലിരുന്ന് നിങ്ങൾക്ക് കളിയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. രോഹിത് ചെയ്‌തത് അതാണ്. വലിയൊരു സ്കോർ പിന്തുടരുമ്പോൾ വേണ്ട അടിത്തറ അദ്ദേഹം നൽകി. വെറുമൊരു അടിത്തറ മാത്രമല്ല, അതിനു മുകളിൽ രണ്ട് നിലകൾ കൂടി പണിതിട്ടാണ് അദ്ദേഹം മടങ്ങിയത്. ബാക്കിയുള്ളവർക്ക് പണി വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ," ഹർഭജൻ പറഞ്ഞു.
Harbhajan Singh on Rohit Sharma:
— Johns. (@CricCrazyJohns) May 5, 2026
" i wish his injury had healed a little earlier - who knows, they might have won a game or two during that losing streak & would have still been alive in the competition. they will give themselves a chance if they win every game from here and get… pic.twitter.com/HubcnivoNi
പരിക്കുണ്ടാക്കിയ ആഘാതം
ഈ സീസണിൽ പരിക്കും താരങ്ങളുടെ മോശം ഫോമും മുംബൈ ഇന്ത്യൻസിനെ വല്ലാതെ അലട്ടിയിരുന്നു. രോഹിത് ശർമ്മ പരിക്കേറ്റ് പുറത്തിരുന്ന ഘട്ടത്തിലാണ് മുംബൈയ്ക്ക് നിർണ്ണായകമായ പല പോയിന്‍റുകളും നഷ്ടമായത്. "രോഹിത്തിന്റെ പരിക്ക് അല്പം കൂടി നേരത്തെ ഭേദമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കിൽ തോൽവികളുടെ ആ പരമ്പരയ്ക്കിടയിൽ ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി ജയിക്കാൻ മുംബൈയ്ക്ക് സാധിക്കുമായിരുന്നു. അത് അവരെ ടൂർണമെന്‍റില്‍ ഇപ്പോഴും സജീവമായി നിലനിർത്തുമായിരുന്നു," ഹർഭജൻ വ്യക്തമാക്കി. രോഹിത് സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു എങ്കിൽ അത് കൂടുതൽ മനോഹരമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലേ ഓഫ് സാധ്യതകൾ
നിലവിൽ പോയിന്‍റ് പട്ടികയിൽ പിന്നിലാണെങ്കിലും അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈയ്ക്ക് ഇപ്പോഴും നേരിയ പ്രതീക്ഷകൾ ഹർഭജൻ നൽകുന്നുണ്ട്. ഇനി വരുന്ന എല്ലാ മത്സരങ്ങളും ജയിച്ച് 14 പോയിന്‍റില്‍ എത്തിയാൽ അവർക്ക് ഒരു അവസരമുണ്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മറ്റ് ടീമുകൾ തോൽക്കുകയാണെങ്കിൽ നെറ്റ് റൺറേറ്റ് നോക്കി പ്ലേ ഓഫ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Also Read: ഹാർദിക് പുറത്തായതറിഞ്ഞ് സഹതാരങ്ങൾ പോലും ഞെട്ടി! ക്യാപ്റ്റന്‍റെ പരിക്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

