'ഗോട്ട് ഡിബേറ്റ് സെറ്റില്‍ഡ്'! കരിയർ റെക്കോർഡുകളുടെ 'ഫൈനൽ ബില്ല്' പുറത്തുവിട്ട് മെസ്സി
കരിയറിലെ നേട്ടങ്ങളുടെ 'ബില്ല്' പങ്കുവെച്ച് താൻ തന്നെയാണ് 'ഗോട്ട്' എന്ന് പ്രഖ്യാപിച്ച് ലയണൽ മെസ്സി!

Published : September 3, 2026 at 12:24 PM IST
ഹെെദരാബാദ്: ലോക ഫുട്ബോളിൽ എക്കാലത്തെയും മികച്ച താരം (GOAT) ആരാണെന്ന തർക്കങ്ങൾക്ക് കൗതുകകരമായ രീതിയിൽ വിരാമമിട്ടിരിക്കുകയാണ് ലയണൽ മെസ്സി. തന്‍റെ വിരമിക്കലിന് പിന്നാലെ, ഒരു പുതിയ ബ്രാൻഡ് കാമ്പെയ്‌ന്‍റെ ഭാഗമായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച 'റസീപ്റ്റ്' (ബില്ല്) മാതൃകയിലുള്ള പോസ്റ്റാണ് ഇപ്പോൾ തരംഗമാകുന്നത്. അർജന്‍റീന ദേശീയ ടീമിനൊപ്പമുള്ള തന്‍റെ കരിയർ യാത്രയിലെ നേട്ടങ്ങളെല്ലാം ഒരു ഹോട്ടൽ ബില്ലിലെ വിഭവങ്ങൾ പോലെ അക്കമിട്ട് നിരത്തിയാണ് മെസ്സി ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഒരു സാധാരണ ബില്ലിലെ അവസാന വരികൾക്ക് പകരം "GOAT debate - settled" (ആരാണ് മികച്ചതെന്ന തർക്കം ഇവിടെ അവസാനിച്ചിരിക്കുന്നു) എന്ന ശക്തമായ കുറിപ്പോടെയാണ് ഈ റസീപ്റ്റ് അവസാനിക്കുന്നത്. അർജന്‍റീനയുടെ ജേഴ്‌സിയിൽ താൻ നേടിയ ഗോളുകൾ, അസിസ്റ്റുകൾ, കളിക്കളത്തിൽ ചിലവഴിച്ച മിനിറ്റുകൾ, ഒപ്പം താൻ രാജ്യത്തിന് നേടിക്കൊടുത്ത പ്രധാന കിരീടങ്ങൾ എന്നിവയെല്ലാം ഇതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ ഫിഫ ലോകകപ്പ് കിരീടം, കോപ അമേരിക്ക കിരീടങ്ങൾ, ഒളിമ്പിക് സ്വർണ്ണം, ഫൈനലിസിമ കിരീടം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇതിനൊപ്പം തന്‍റെ കരിയറിലുടനീളം പ്രചോദനമായ ദശലക്ഷക്കണക്കിന് ആരാധകരെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്.
🚨 Leo Messi via IG:
— MessiXtra (@MessiXtraHQ) September 2, 2026
pic.twitter.com/M3xGKTCKQG
വിജയത്തിന്‍റെ കൊടുമുടിയിലേക്ക്
അർജന്‍റീനയുടെ നായകനായി ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷമാണ് മെസ്സി കരിയർ പൂർത്തിയാക്കിയത്. 2014 ലോകകപ്പ് ഫൈനലിൽ ജർമ്മനിയോടേറ്റ തോൽവിയും, തുടർന്ന് 2016 കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിന് ശേഷമുള്ള വിരമിക്കൽ പ്രഖ്യാപനവും മെസ്സിയുടെ കരിയറിലെ കറുത്ത അധ്യായങ്ങളായിരുന്നു. എന്നാൽ ആ തീരുമാനത്തിൽ നിന്ന് പിന്മാറി ശക്തമായി തിരിച്ചെത്തിയ മെസ്സി പിന്നീട് കണ്ടത് ചരിത്ര വിജയങ്ങളാണ്.
2021 കോപ അമേരിക്ക കിരീടത്തിലൂടെ അർജന്‍റീനയുടെ 28 വർഷത്തെ കിരീട വരൾച്ചയ്ക്ക് താരം അറുതി വരുത്തി. തൊട്ടടുത്ത വർഷം ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ എംബാപ്പെയുടെ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് 36 വർഷങ്ങൾക്ക് ശേഷം അർജന്‍റീനയ്ക്ക് മൂന്നാം ലോകകപ്പ് കിരീടവും മെസ്സി സമ്മാനിച്ചു. ആ ഫൈനലിൽ രണ്ട് ഗോളുകളും പെനാൽറ്റിയും താരം സ്വന്തമാക്കിയിരുന്നു. തുടർന്ന് 2024-ൽ വീണ്ടും കോപ അമേരിക്ക കിരീടവും അർജന്‍റീന നിലനിർത്തി.
റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലോകകപ്പ് കരിയർ
2006 മുതൽ 2026 വരെയുള്ള കാലയളവിൽ ആകെ ആറ് ഫിഫ ലോകകപ്പുകളിലാണ് മെസ്സി അർജന്‍റീനയ്ക്കായി ബൂട്ട് കെട്ടിയത്. ലോകകപ്പുകളിൽ നിന്ന് മാത്രം 34 മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ താരം അക്കൗണ്ടിലാക്കി. ഈ വർഷത്തെ ലോകകപ്പിൽ മാത്രം 8 ഗോളുകളും 4 അസിസ്റ്റുകളുമായി മെസ്സി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതിൽ അൾജീരിയയ്ക്കെതിരെ നേടിയ തന്‍റെ ആദ്യ ലോകകപ്പ് ഹാട്രിക്കും ഉൾപ്പെടുന്നു. ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പ് ഗോൾ റെക്കോർഡ് മെസ്സി മറികടന്നിരുന്നുവെങ്കിലും, ഫ്രാൻസിന്‍റെ എംബാപ്പെ (22 ലോകകപ്പ് ഗോളുകൾ) നിലവിൽ മെസ്സിയേക്കാൾ തൊട്ടു മുന്നിലുണ്ട്.
വിരമിക്കലിന് പിന്നാലെ കരിയറിലെ എല്ലാ നേട്ടങ്ങളും ആരാധകർക്ക് മുന്നിൽ ഒരു 'റസീപ്റ്റ്' രൂപത്തിൽ വെച്ചുകൊണ്ട്, താൻ തന്നെയാണ് ഫുട്ബോളിലെ അദ്വിതീയനായ രാജാവെന്ന് പ്രഖ്യാപിച്ചാണ് ലയണൽ മെസ്സി അന്താരാഷ്ട്ര കരിയറിന് പൂർണ്ണ വിരാമമിടുന്നത്.
Also Read: ഏഷ്യൻ ഗെയിംസില്‍ ബംഗ്ലാദേശിനെ ലിറ്റൺ ദാസ് നയിക്കും; ഷാന്‍റോയും മഹ്മൂദും തിരിച്ചെത്തി

