ETV Bharat / sports

മൈതാനമൊഴിയുന്ന മാന്ത്രികർ; ഈ ലോകകപ്പോടെ വിടപറയുന്ന പത്ത് സൂപ്പര്‍താരങ്ങള്‍ ഇവര്‍...

മൈതാനങ്ങളെ വിസ്‌മയിപ്പിച്ച, കോടിക്കണക്കിന് ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു കൂട്ടം ഇതിഹാസ താരങ്ങളുടെ കളിജീവിതം അതിൻ്റെ അവസാന ഘട്ടത്തിലാണ്... ആഗോള ഫുട്ബോളിൻ്റെ നെറുകയിൽ നിന്നും 2026 ലോകകപ്പോടെ വിടപറഞ്ഞേക്കാവുന്ന ആ വലിയ പേരുകൾ ആരൊക്കെയാണെന്ന് നോക്കാം...

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
മെസി, റൊണാള്‍ഡോ, നെയ്‌മര്‍ (Getty, IANS)
author img

By ETV Bharat Kerala Team

Published : June 3, 2026 at 12:04 PM IST

4 Min Read
Choose ETV Bharat

ഹൈദരാബാദ്: "ഫുട്ബോൾ ഒന്നിനും പകരമാകാത്ത ഒരു വികാരമാണ് " ഇതിഹാസ താരം ഡീഗോ മറഡോണയുടെ ഈ വാക്കുകള്‍ കടമെടുത്ത് തുടങ്ങാം. ഫുട്ബോളിനെ വെറുമൊരു കളിയായല്ല, മറിച്ച് തൻ്റെ ശ്വാസമായും ജീവിതമായും ആണ് ഫുട്‌ബോളിൻ്റെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന മറഡോണ കണ്ടത്. അതുപോലെ, ലോകത്ത് ഒരു കായികവിനോദത്തിനും ഇത്രയധികം തീവ്രതയുള്ള, സ്വന്തം ജീവിതം തന്നെ കളിക്കായി സമർപ്പിക്കുന്ന ആരാധകക്കൂട്ടത്തെ സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടില്ല.

ഫുട്ബോളിനോടുള്ള ആരാധകരുടെ ഭ്രാന്ത്, അതിരുകളില്ലാത്ത കൽപന്ത് കളിയിലെ ഉന്മാദം തന്നെയാണ്. ഇതെല്ലാം കൊണ്ടാണ് ഫിഫ ലോകകപ്പിനെ മലയാളികളും നെഞ്ചേറ്റിയത്. ലോകകപ്പ് എന്നത് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന വികാരമാണ്. മലയാളിയെ സംബന്ധിച്ച് ഫുട്ബോൾ രക്തത്തിൽ ലയിച്ചതാണ്. മലപ്പുറത്തെ സെവൻസ് മൈതാനങ്ങൾ തൊട്ട് ലോകകപ്പ് കാലത്ത് പുഴകളിൽ ഉയരുന്ന കട്ടൗട്ടുകൾ വരെ ആ ഭ്രാന്തമായ സ്നേഹത്തിൻ്റെ തെളിവാണ്. എന്നാല്‍ ഇത്തവണ ലോകകപ്പിന് ശേഷം ആരാധകരുടെ നെഞ്ച് പിടയ്‌ക്കുന്ന പ്രമുഖ താരങ്ങളുടെ പടിയിറക്കമുണ്ടാകുമെന്നത് തീര്‍ച്ചയാണ്...

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഫുട്ബോളിലും ലോകവേദികളിലും തങ്ങളുടേതായ സാമ്രാജ്യം നിർമ്മിച്ച ഒരുപിടി ലോകോത്തര താരങ്ങൾ കൂടി 2026 ഫിഫ ലോകകപ്പോടെ അന്താരാഷ്ട്ര കരിയറിനോട് വിടപറയാൻ ഒരുങ്ങുകയാണ്. ലോകത്ത് കോടിക്കണക്കിന് ആരാധകരുള്ള മെസിയും, റൊണാള്‍ഡോയും നെയ്‌മറുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ഈ ലോകകപ്പോടെ ബൂട്ട് അഴിക്കാൻ സാധ്യതയുള്ള പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്ന് പരിശോധിച്ചാലോ?

1.ലയണൽ മെസി (അർജൻ്റീന)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
മെസി (IANS)

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ലയണൽ മെസിക്ക് 2026 ലോകകപ്പ് വേളയിൽ 39 വയസ് തികയും. 2022-ൽ ഖത്തറിൽ വച്ച് തൻ്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌മമായ ലോകകിരീടം മെസി സ്വന്തമാക്കിയിരുന്നു. നിലവിൽ ഇൻ്റര്‍ മിയാമിക്ക് വേണ്ടി കളിക്കുന്ന മെസി, തൻ്റെ കരിയറിലെ ആറാം ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം പറഞ്ഞിട്ടില്ല. എങ്കിലും, 2026 ലോകകപ്പ് മെസിയുടെ നീലയും വെള്ളയും കുപ്പായത്തിലെ അവസാനത്തെ വിടവാങ്ങൽ വേദിയാകാൻ തന്നെയാണ് സാധ്യത.

2. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ (IANS)

അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം, അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ തിരുത്തിക്കുറിച്ച ചരിത്രങ്ങൾ അനവധിയാണ്. 2026 ലോകകപ്പ് നടക്കുമ്പോൾ റൊണാൾഡോയ്ക്ക് 41 വയസാകും. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച് സൗദി ക്ലബ് അൽ നസറിലും പോർച്ചുഗൽ ദേശീയ ടീമിലും ഇപ്പോഴും താരം തിളങ്ങിനിൽക്കുന്നുണ്ട്. എന്നാൽ തൻ്റെ കരിയറിലെ ഒരേയൊരു കുറവായ ലോകകപ്പ് കിരീടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ റൊണാൾഡോ നടത്തുന്ന അവസാന പോരാട്ടമാകും 2026-ലേത്.

3. ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
മോഡ്രിച്ച് (IANS)

ക്രൊയേഷ്യയെ ലോക ഫുട്ബോളിന്റെ മുൻനിരയിലേക്ക് നയിച്ച മിഡ്ഫീൽഡ് മാന്ത്രികനാണ് ലൂക്കാ മോഡ്രിച്ച്. റയൽ മാഡ്രിഡിന്റെയും ക്രൊയേഷ്യയുടെയും കളി മെനയുന്ന ഈ മുൻ ബാലൺ ഡി ഓർ ജേതാവിന് 2026-ൽ 40 വയസ് തികയും. പ്രായത്തെ തോൽപ്പിക്കുന്ന ശാരീരികക്ഷമതയുണ്ടെങ്കിലും, 2026 ലോകകപ്പോടെ ഈ ഇതിഹാസം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

4. നെയ്‌മർ ജൂനിയർ (ബ്രസീൽ)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
നെയ്‌മര്‍ (IANS)

പരിക്കുകൾ നിരന്തരം വേട്ടയാടുന്നുണ്ടെങ്കിലും ബ്രസീലിയൻ ആരാധകരുടെ കനാറിപ്പടയിലെ രാജകുമാരനും സുല്‍ത്താനുമൊക്കെ ഇപ്പോഴും നെയ്‌മർ തന്നെയാണ്. പെലെയുടെ ഗോൾ റെക്കോഡ് മറികടന്ന നെയ്‌മർക്ക് 2026 ലോകകപ്പിൽ 34 വയസാകും. മുൻപ് പലതവണ മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള നെയ്‌മർ, 2026 ടൂർണമെൻ്റോടെ ബ്രസീൽ ജേഴ്‌സിയിലുള്ള തൻ്റെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു.

5. എൻഗോളോ കാൻ്റെ (ഫ്രാൻസ്)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
മെസിയെ പ്രതിരോധിക്കുന്ന കാൻ്റെ (IANS)

സൗദി ക്ലബ്ബായ അൽ ഇത്തിഹാദിനായി കളിക്കുന്ന 35-കാരനായ എൻഗോളോ കാൻ്റെയുടെ കരിയറിലെ അവസാനത്തെ വലിയ അന്താരാഷ്‌ട്ര ടൂർണമെൻ്റായിരിക്കും 2026-ലെ ഈ ഫിഫ ലോകകപ്പ്. ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രായവും ശാരീരികക്ഷമതയും കണക്കിലെടുക്കുമ്പോൾ ഈ ലോകകപ്പോടെ അദ്ദേഹം ഫ്രഞ്ച് ദേശീയ ജേഴ്‌സിയോട് വിടപറയാനാണ് സാധ്യത. മൈതാനത്ത് എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്ന, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഒരേപോലെ സ്നേഹിക്കുന്ന താരം കൂടിയാണ്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുമ്പോഴും മിനിമലിസ്റ്റ് ജീവിതശൈലി നയിക്കുന്ന കാൻ്റെ ഫുട്ബോൾ ലോകത്തെ ഏറ്റവും ജനപ്രിയനായ കളിക്കാരനാണ്. മധ്യനിരയിൽ എതിരാളികളുടെ മുന്നേറ്റങ്ങളുടെ വഴിയടയ്ക്കുന്നതിൽ കാൻ്റെയ്ക്ക് പ്രത്യേക കഴിവുണ്ട്. 2018 ലോകകപ്പ് വിജയത്തിന് പുറമെ ലെസ്റ്റർ സിറ്റി, ചെൽസി എന്നീ ക്ലബ്ബുകൾക്കൊപ്പം പ്രീമിയർ ലീഗും, ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

6. മാനുവൽ നോയർ (ജർമ്മനി)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
മാനുവല്‍ നോയര്‍ (IANS)

ഫുട്ബോളിൽ 'സ്വീപ്പർ-കീപ്പർ' എന്ന ശൈലിക്ക് പുതിയ ഭാഷ്യം നൽകിയ ജർമ്മനിയുടെ ഗോൾകീപ്പിംഗ് ഇതിഹാസമാണ് മാനുവൽ നോയർ. 2014-ൽ ജർമ്മനിയെ ലോക ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഈ ബയേൺ മ്യൂണിക്ക് താരത്തിന് 2026-ൽ 40 വയസ് തികയും. പരിക്കുകളോട് പൊരുതി ഇപ്പോഴും ടീമിൽ തുടരുന്ന നോയറുടെ കരിയറിലെ അവസാനത്തെ വലിയ ടൂർണമെൻ്റായിരിക്കും ഈ ലോകകപ്പ്.

7. ഗില്ലെർമോ ഓച്ചോവ (മെക്‌സിക്കോ)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
ഓച്ചോവ (IANS)

ലോകകപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേരാണ് മെക്‌സിക്കോയുടെ ഗോൾകീപ്പർ ഗില്ലെർമോ ഓച്ചോവയുടെത്. ലോകകപ്പ് വേദികളിൽ അമാനുഷിക പ്രകടനങ്ങൾ നടത്തുന്ന ഓച്ചോവയ്ക്ക് 2026-ൽ 40 വയസ് തികയും. സ്വന്തം നാട്ടിൽ (മെക്‌സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്) വച്ച്, ലോകകപ്പ് എന്ന ചരിത്ര റെക്കോഡോടെ കരിയർ അവസാനിപ്പിക്കാനാകും ഈ താരം ലക്ഷ്യമിടുന്നത്.

8. മുഹമ്മദ് സലാ (ഈജിപ്‌ത്)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
മുഹമ്മദ് സലാ (IANS)

ലിവർപൂളിൻ്റെ ഇതിഹാസവും ആഫ്രിക്കൻ ഫുട്ബോളിൻ്റെ രാജാവുമായ മുഹമ്മദ് സലായ്ക്ക് 2026 ലോകകപ്പിൽ 34 വയസാകും. ഈജിപ്‌തിനെ ലോക ഫുട്ബോളിൻ്റെ നെറുകയിൽ എത്തിക്കാൻ ഒറ്റയ്ക്ക് പോരാടുന്ന സലാ, തൻ്റെ രാജ്യത്തെ മറ്റൊരു ലോകകപ്പിലേക്ക് കൂടി നയിച്ച ശേഷം കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടന്നേക്കും.

9 വിർജിൽ വാൻ ഡൈക് (നെതർലാൻഡ്‌സ്)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
വിർജിൽ വാൻ ഡൈക് (IANS)

ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായ നെതർലാൻഡ്‌സ് നായകൻ വിർജിൽ വാൻ ഡൈകിന് 2026-ൽ 34 വയസ് പ്രായമാകും. ശാരീരികക്ഷമതയിൽ മുന്നിലാണെങ്കിലും, ഒരു ഡിഫെൻഡർ എന്ന നിലയിലെ കഠിനമായ ജോലിഭാരം കണക്കിലെടുക്കുമ്പോൾ, 2026 ലോകകപ്പോടെ ഡച്ച് ജേഴ്‌സിയിലുള്ള തൻ്റെ യാത്ര അവസാനിപ്പിച്ച് ക്ലബ് ഫുട്ബോളിലേക്ക് മാത്രം അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.

10. സൺ ഹെയുങ് മിൻ (ദക്ഷിണ കൊറിയ)

WORLD CUP 2026 RETIRE PLAYERS  messi  ronaldo  neymar
സൺ ഹെയുങ് മിൻ (IANS)

ഏഷ്യൻ ഫുട്ബോളിൻ്റെ ആഗോള മുഖവും ടോട്ടനം ഹോട്‌സ്‌പറിൻ്റെ നായകനുമായ സൺ ഹെയുങ് മിന്നിന് 2026 ലോകകപ്പ് വേളയിൽ 33 വയസ്‌ തികയും. വേഗതയും കൃത്യതയാർന്ന ഫിനിഷിംഗും കൊണ്ട് യൂറോപ്പിനെ വിറപ്പിച്ച സൺ, ദക്ഷിണ കൊറിയൻ ദേശീയ ടീമിനായി തൻ്റെ അവസാനത്തെ സർവ്വശക്തിയും പുറത്തെടുക്കുന്ന വേദിയാകും 2026-ലേത്.

Also Read: മലയാളികൾക്ക് അഭിമാനം! ലോകകപ്പ് കളിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ ഖത്തർ സ്ക്വാഡിൽ; ചരിത്രനേട്ടം