ETV Bharat / sports

'പരസ്യത്തോടെ കാണാൻ 799 രൂപയോ?'; ഫിഫ ലോകകപ്പ് സ്ട്രീമിംഗ് നിരക്കിനെതിരെ ഇന്ത്യൻ ആരാധകർ

പണം വാങ്ങിയിട്ടും പരസ്യം, ഫിഫ ലോകകപ്പിനായി സീ5 പ്രഖ്യാപിച്ച വരിസംഖ്യ വലിയ വിവാദത്തിലേക്ക്.

FIFA World Cup 2026
FIFA World Cup 2026 (GETTY)
author img

By ETV Bharat Sports Team

Published : June 4, 2026 at 2:53 PM IST

2 Min Read
Choose ETV Bharat

ഹെെദരാബാദ്: ഫിഫ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ നിരാശയും കടുത്ത പ്രതിഷേധവും പുകയുകയാണ്. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ഔദ്യോഗിക അവകാശം സീ എന്‍റര്‍ടെെയ്‌മെന്‍റ് സ്വന്തമാക്കിയെന്ന വാർത്ത ആദ്യഘട്ടത്തിൽ ആരാധകർക്ക് ആശ്വാസം നൽകിയെങ്കിലും, അതിന് പിന്നാലെ സീ5 ആപ്പ് പുറത്തുവിട്ട പ്രീമിയം സ്ട്രീമിംഗ് പാക്കേജിന്‍റെ നിരക്കുകളാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ലൈവ് സ്ട്രീമിംഗിനിടയിൽ പരസ്യങ്ങൾ ഉൾപ്പെടെയുള്ള 3 മാസത്തെ ലോകകപ്പ് പാക്കേജിനായി 799 രൂപയാണ് ഈടാക്കുന്നത്. ഇത്രയും വലിയ തുക വരിസംഖ്യയായി നൽകിയാലും മത്സരത്തിനിടയിൽ പരസ്യങ്ങൾ കാണേണ്ടി വരുന്നു എന്നതും, വെറും 2 മാസം മാത്രം നീണ്ടുനിൽക്കുന്ന ഒരു ടൂർണമെന്‍റിനായി ആരാധകരെക്കൊണ്ട് 3 മാസത്തെ പ്ലാൻ എടുപ്പിക്കുന്നു എന്നതുമാണ് പ്രധാന വിമർശനം.

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്. പണം നൽകി ആപ്പിലൂടെ സ്ട്രീം ചെയ്യുന്നതിനേക്കാൾ ലാഭം സാധാരണ ടെലിവിഷൻ കേബിൾ/ഡിഷ് റീചാർജ് ചെയ്യുന്നതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. വലിയ തുക ഈടാക്കുന്നതിലൂടെ ആരാധകരെ നിയമവിരുദ്ധമായ സ്ട്രീമിംഗ് ലിങ്കുകൾ തിരയാൻ കമ്പനി നിർബന്ധിതരാക്കുകയാണെന്നും സമൂഹ മാധ്യമ പോസ്റ്റുകളിൽ വിമർശനം ഉയരുന്നുണ്ട്.

ഫിഫ-യൂട്യൂബ് കരാറും ആരാധകരുടെ തെറ്റിദ്ധാരണയും

ഈ വർഷം ആദ്യം ഫിഫയും യൂട്യൂബും തമ്മിൽ ഒപ്പുവെച്ച ആഗോള പങ്കാളിത്ത കരാറിനെ തുടർന്ന് മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാമെന്ന് ഇന്ത്യയിലുൾപ്പെടെയുള്ള ഭൂരിഭാഗം ആരാധകരും കരുതിയിരുന്നു. ഈ പ്രതീക്ഷയാണ് പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടിയത്. എന്നാൽ ആ ധാരണ പൂർണ്ണമായും തെറ്റാണെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാറിന്‍റെ നിബന്ധനകൾ ഇങ്ങനെയാണ്:

  • 10 മിനിറ്റ് ലൈവ്: ഔദ്യോഗിക ബ്രോഡ്‌കാസ്റ്റർമാർക്ക് ഓരോ മത്സരത്തിന്‍റേയും ആദ്യ 10 മിനിറ്റ് മാത്രമേ യൂട്യൂബിൽ തത്സമയം നൽകാൻ അനുമതിയുള്ളൂ.
  • പൂർണ്ണ സംപ്രേക്ഷണം: മുഴുവൻ സമയ മത്സരങ്ങളും യൂട്യൂബിൽ നൽകണമോ എന്നത് അതാത് രാജ്യങ്ങളിലെ പ്രാദേശിക ചാനലുകളുടെ തീരുമാനമാണ്.
  • ഫിഫ ചാനൽ ഉള്ളടക്കം: ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ മത്സരങ്ങളുടെ ഹൈലൈറ്റുകൾ, മികച്ച ഗോളുകൾ, ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ, ക്രിയേറ്റർമാരുടെ പ്രോഗ്രാമുകൾ എന്നിവ മാത്രമേ ലഭ്യമാകൂ.

എന്താണ് 'ജിയോ-ബ്ലോക്കിംഗ്' തടസ്സം?

അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലെ ചാനലുകൾ (ഉദാഹരണത്തിന് FOX Soccer) ലോകകപ്പ് മത്സരങ്ങൾ അവരുടെ യൂട്യൂബ് ചാനലുകൾ വഴി ലൈവ് നൽകിയാൽ പോലും 'ജിയോ-ബ്ലോക്കിംഗ്' സാങ്കേതികവിദ്യ ഉള്ളതിനാൽ ഇന്ത്യയിലിരുന്ന് അത് കാണാൻ സാധിക്കില്ല. ആ ചാനലുകൾക്ക് അവരുടെ രാജ്യങ്ങളിൽ മാത്രമേ സംപ്രേക്ഷണാവകാശം ഉള്ളൂ എന്നതിനാലാണിത്. ഇന്ത്യയിലെ ഔദ്യോഗിക ചാനലുകൾ യൂട്യൂബിൽ മത്സരം നൽകാൻ തയ്യാറാകാത്ത പക്ഷം, ഇന്ത്യയിൽ മറ്റ് രാജ്യങ്ങളിലെ യൂട്യൂബ് ലൈവ് സ്ട്രീമുകൾ ബ്ലോക്ക് ചെയ്യപ്പെട്ട അവസ്ഥയിലായിരിക്കും കാണിക്കുക.

ഇന്ത്യയിൽ കളി എവിടെ, എങ്ങനെ കാണാം?

ഇന്ത്യയിൽ ഫിഫ ലോകകപ്പ് 2026, വനിതാ ലോകകപ്പ് 2027, ഫിഫ ലോകകപ്പ് 2030 എന്നിവയുൾപ്പെടെ 2034 വരെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ ഡിജിറ്റൽ, ടെലിവിഷൻ സംപ്രേക്ഷണാവകാശം പൂർണ്ണമായും സീ ഗ്രൂപ്പിനാണ് (Zee Group).

  • ഡിജിറ്റൽ സ്ട്രീമിംഗ് (മൊബൈൽ/ടിവി): സീ5 ആപ്പ് (പെയ്‌ഡ് വരിസംഖ്യ നിർബന്ധം)
  • ടെലിവിഷൻ ചാനൽ: United8 Sports

ചുരുക്കത്തിൽ, യൂട്യൂബിലൂടെ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാമെന്ന ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ടൂർണമെന്‍റിലെ 104 മത്സരങ്ങളും തത്സമയം ആസ്വദിക്കാൻ സീ5-ന്‍റെ പെയ്‌ഡ് പ്ലാനുകളെയോ അല്ലെങ്കിൽ ടെലിവിഷനിലെ ഔദ്യോഗിക സ്പോർട്‌സ് ചാനലിനെയോ തന്നെ ആരാധകർ ആശ്രയിക്കേണ്ടി വരും.

Also Read: സൂര്യ പുറത്ത്! സഞ്ജുവിനായി ഗംഭീർ, ശ്രേയസ്സിനായി അഗാർക്കർ; നായകസ്ഥാനത്തേക്ക് സർപ്രൈസുമായി ആ താരം?