ETV Bharat / sports

''ഇടതു കാലുകൊണ്ട് ഗോളടിച്ച് കേപ് വെർദെ കബളിപ്പിച്ച മെസ്സി'' പരിശീലകൻ അൽജാൻഡ്രോ ലിനോ

കേപ് വെർദെയുടെ പ്രതിരോധം ശക്തമായിരുന്നു. തുളച്ചു കയറാൻ പറ്റാത്ത രീതിയിൽ അവർ അതിനെ വിന്യസിച്ചുവെന്നും അർജന്‍റീനോസ് ജൂനിയേഴ്‌സിൻ്റെ മുഖ്യ പരിശീലകൻ അൽജാൻഡ്രോ ലിനോ നിരീക്ഷിക്കുന്നു.

COACH ALEJANDRO LINO  ARGENTINA VS CAPE VERDE  Match Review ARGENTINA  CAPE VERDE
അൽജാൻഡ്രോ ലിനോ (ETV Bharat)
author img

By ETV Bharat Kerala Team

Published : July 4, 2026 at 9:27 AM IST

2 Min Read
Choose ETV Bharat

കോഴിക്കോട്: ആദ്യാവസാനം പിരിമുറക്കം നിറഞ്ഞ മത്സരമായിരുന്നു അർജൻ്റീന കേപ് വെർദെ പോരാട്ടം. 4-4-2 ഫോർമേഷനിൽ ഇറങ്ങിയ മെസ്സിയും സംഘവും തുടക്കം മുതലേ നല്ല പന്തടക്കം കാഴ്‌ചവച്ചു. എന്നാൽ വിങ്ങുകളിലൂടെയുള്ള ആക്രമണത്തിൽ ഈ തെക്കേ അമേരിക്കൻ രാജ്യം പല സമയത്തും പരാജയപ്പെട്ടു. കേപ് വെർദെയുടെ പ്രതിരോധം ശക്തമായിരുന്നു. തുളച്ചു കയറാൻ പറ്റാത്ത രീതിയിൽ അവർ അതിനെ വിന്യസിച്ചുവെന്നും അർജന്‍റീനോസ് ജൂനിയേഴ്‌സിൻ്റെ മുഖ്യ പരിശീലകൻ അൽജാൻഡ്രോ ലിനോ നിരീക്ഷിക്കുന്നു.

''മത്സരം മന്ദഗതിയിൽ മുന്നേറുമ്പോഴും ഗോൾ പിറക്കാത്തതിൻ്റെ സങ്കീർണത അർജൻ്റീനയെ അലട്ടിയിരുന്നു. അതിനിടയിൽ അത് സംഭവിച്ചു. അർജൻ്റീയുടെ സ്വതസിദ്ധമായ ശൈലിയിൽ നിന്ന് അല്ലായിരുന്നു ആ ഗോൾ പിറന്നത്. അത് മെസ്സി എന്ന കളിക്കാരൻ്റെ പന്തടക്കത്തിൽ നിന്നായിരുന്നു. താൻ ലോകത്ത് എന്തുകൊണ്ട് ഒന്നാമനായി തുടരുന്നു എന്നതിൻ്റെ ഒരു മികച്ച ട്രിക്ക് ആയിരുന്നു ആ ഗോൾ. മികച്ച കിക്കുകൾ അനായാസം തടുത്തിടുന്ന ഗോളി വൊസീഞ്ഞയെ മറികടന്ന് ബോൾ വലയിൽ. വലതുകാലുകൊണ്ട് ഗോളടിക്കും എന്ന പ്രതീക്ഷയിൽ ചാടിയ ഗോളിയെ ഇടതു കാലുകൊണ്ട് കബളിപ്പിക്കുകയായിരുന്നു മെസ്സി'' അദ്ദേഹം വിലയിരുത്തി
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക


ഗോൾ വഴങ്ങിയതിൻ്റെ ആഘാതത്തിൽ തകർന്നില്ല ആ കുഞ്ഞൻ രാജ്യം. അവർ ആക്രമണം അഴിച്ചുവിട്ടു. ലീഡ് നേടിയ അർജൻ്റീനയുടെ നിഷ്ക്രിയത്വം ശരിക്കും മുതലെടുക്കുകയായിരുന്നു കേപ് വെർദെ. കൂട്ടായ പോരാട്ടത്തിൽ അർജൻ്റീനയുടെ വിശ്വസ്‌തനായ ഗോളി എമിലിയാനോ മാർട്ടിനെസിനെ മറികടന്നു അവർ. "ഒരു ബക്കറ്റ് തണുത്ത വെള്ളം ഒഴിക്കുന്നത് പോലെ തോന്നിക്കുന്ന ഒരു സമനില ഗോൾ" സ്വന്തം പോസ്റ്റിൽ ഗോൾ വീണതോടെ അർജൻ്റീന ആക്രമണത്തിലേക്ക് കടന്നു. എന്നാൽ എല്ലാ വശങ്ങളും ഭദ്രമായി അടച്ചായിരുന്നു കേപ്പിൻ്റെ പ്രതിരോധം. നിശ്ചിത സമയത്ത് ടൈ ബ്രേക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു കണ്ടത്.

അധികസമയത്തേക്ക് നീണ്ട കളിയിൽ അർജൻ്റീന തുടക്കത്തിൽ തന്നെ തന്ത്രപരമായ നീക്കങ്ങൾ നടത്തി. അതിനെയൊക്കെ കേപ്പിൻ്റെ ഗോളിയും കളിക്കാരും ചേർന്ന് തകർത്തു. ഓരോ നീക്കങ്ങളും പരാജയപ്പെടുന്നതിനിടയിലാണ് ഒരു കോർണർ ലഭിച്ചത്. മെസ്സി തൻ്റെ സഹ കളിക്കാർക്കിടയിലേക്ക് പന്ത് കോരിയിട്ടു. എന്നാൽ അവരെയെല്ലാം മറികടന്ന് പന്ത് എത്തിയത് മാർട്ടിനസിൻ്റെ അടുത്തായിരുന്നു. ചുറ്റും വലയങ്ങൾ ഒന്നും ഇല്ലാതെ സാവകാശം ഇടം കാലിൽ തൊടുത്ത ആ ബുള്ളറ്റ് ഷോട്ട് വൊസീഞ്ഞയെ വീണ്ടും കാഴ്‌ചക്കാരനാക്കിയെന്നും അദ്ദേഹം പറയുന്നു.

അർജൻ്റീന ലീഡ് നേടിയതോടെ വീറോടെ പൊരുതിയ ആഫ്രിക്കൻ ടീം ഒരു സിനിമാ സ്റ്റൈൽ ട്വിസ്റ്റ് ആണ് നടത്തിയത്. 103ആം മിനിറ്റിൽ ലോപ്‌സ് കാബ്രൽ അടിച്ചിട്ടത് ഒരു ലോകോത്തര ഗോളായിരുന്നു. ആ മാസ്റ്റർപീസിലൂടെ ഒരിക്കൽക്കൂടി കളി സമനിലയിൽ ആയി. അർജൻ്റീന ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മനോഹരമായ മഴവിൽ ഗോൾ ആയിരുന്നു അത്. കളി പെനാൽറ്റി കിക്കിലേക്ക് പോകുമെന്ന് കരുതിയിടത്താണ് 113 മിനിറ്റിൽ അർജൻ്റീനയുടെ വിജയ ഗോൾ പിറക്കുന്നത്. മെസ്സിയുടെ കോർണർ കിക്കിൽ നിന്നായിരുന്നു അത്.

വിജയത്തിലേക്ക് കടക്കാൻ അർജൻ്റീന നടത്തുന്ന സ്ഥിരോത്സാഹത്തിൻ്റെ ഫലം. അവസാന വിസിൽ മുഴങ്ങുന്നതിനിടയിൽ പലതവണ അർജൻ്റീന പരീക്ഷിക്കപ്പെട്ടു. എമിലിയാനോ മാർട്ടിനസ് അതെല്ലാം തടുത്തിട്ടു. പല പിഴവുകൾ ഉണ്ടായിട്ടും അർജൻ്റീന കളി വിജയിച്ചു. എത്ര വിറച്ചാലും കൃത്യത ഇല്ലാതെ മുന്നേറിയാലും പോരാടാനുള്ള മനസും പാരമ്പര്യവുമാണ് അർജൻ്റീനയുടെ കരുത്ത് എന്നും അർജന്‍റീനോസ് ജൂനിയേഴ്‌സിൻ്റെ മുഖ്യ പരിശീലകൻ അൽജാൻഡ്രോ ലിനോ നിരീക്ഷിക്കുന്നു.
Also Read: കുതന്ത്ര തന്ത്ര മന്ത്രമൊന്നും ഏൽക്കില്ലടാ'' കേപ് വെർദെയെ അർജൻ്റീന തളച്ചതോടെ ഘാനയുടെ കുമ്പിടി എയറിൽ