സ്പെയിനും ഫ്രാൻസും ഇന്ന് ഇറങ്ങും അര്‍ജന്‍റീന ഞായറാഴ്ച.പോര്‍ച്ചുഗല്‍,ബ്രസീല്‍, ഇംഗ്ലണ്ട് ജര്‍മ്മനി മല്‍സരങ്ങള്‍ ശനിയാഴ്ച; ഫിഫ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ കത്തിക്കയറുന്നു
മൊറോക്കോയ്ക്കും കൊറിയക്കും മിന്നും ജയം, സൗദിക്കും ഖത്തറിനും തോൽവി ,ബ്രസീലിനും ജർമനിക്കും വിജയത്തുടക്കം.ഞെട്ടിക്കും പ്രകടനവുമായി കുഞ്ഞന്‍ ടീമുകള്‍

Published : June 4, 2026 at 10:22 AM IST
|Updated : June 4, 2026 at 1:49 PM IST
ന്യൂഡൽഹി: ഫിഫ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ മിന്നും പ്രകടനവുമായി പ്രമുഖ ടീമുകൾക്കൊപ്പം കുഞ്ഞൻ രാജ്യങ്ങളും കളം പിടിക്കുന്നു. കോസ്റ്റാറിക്കയെ 3-1ന് തോൽപ്പിച്ച് കൊളംബിയയും സ്വീഡനെ 3-1ന് തോൽപ്പിച്ച് നോർവേയും സെർബിയയെ മൂന്ന് ഗോളിന് കീഴടക്കി കേപ് വെർദെയും ന്യൂസിലൻഡിനെ നാല് ഗോളിന് തകർത്ത് ഹെയ്തിയും ക്രൊയേഷ്യയെ രണ്ട് ഗോളിന് തോൽപ്പിച്ച് ബെൽജിയവും സന്നാഹം ഗംഭീരമാക്കി.
പൂർത്തിയായ മത്സരങ്ങളിൽ കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ രണ്ട് കളികളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. മഡഗാസ്കറിനെ നാല് ഗോളിന് തകർത്ത മൊറോക്കോ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ബുറുണ്ടിയെയും കീഴടക്കി. രണ്ട് കളികളിലും മൊറോക്കൻ മുന്നേറ്റനിര ഉഗ്രൻ പ്രകടനമാണ് നടത്തിയത്. പിഴവുകളില്ലാത്ത പ്രതിരോധവും ശ്രദ്ധേയമായി.


ബ്രസീലിന് ഗോൾമഴ
മുൻ ചാമ്പ്യന്മാരായ ബ്രസീൽ പനാമയെ 6-2ന് തോൽപ്പിച്ച് ഗോൾമഴ കണ്ടെങ്കിലും ബ്രസീലിൻ്റെ പ്രതിരോധത്തിലെ പിഴവുകൾ ഈ മത്സരം ചൂണ്ടിക്കാട്ടി. ഇത്തവണ ഏറെ പ്രതീക്ഷയോടെ എത്തുന്ന ജർമനി ഫിൻലൻഡിനെ ഏകപക്ഷീയമായ നാല് ഗോളിന് തോൽപ്പിച്ച് തങ്ങൾ ഫോമിലാണെന്ന് അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ ദക്ഷിണ കൊറിയയും ഇറാനും മികച്ച പ്രകടനം കാഴ്ചവച്ചു. ദക്ഷിണ കൊറിയ അഞ്ച് ഗോളിന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയെ തകർത്തു. ഇറാൻ ഗാംബിയക്കെതിരെ 3-1ന് വിജയം പിടിച്ചു. ജപ്പാൻ ഐസ്‌ലൻഡിനെ ഒരു ഗോളിന് തോൽപ്പിച്ചു. ഖത്തറും സൗദിയും തോൽവി വഴങ്ങി. അയർലൻഡ് ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഇക്വഡോർ 2-1ന് സൗദി അറേബ്യയെ തോൽപ്പിച്ചു.


സ്കോട്ട്ലൻഡ് കുറസാവോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചതും അമേരിക്ക സെനഗലിനെ 3-2ന് തോൽപ്പിച്ചതും സ്വിറ്റ്സർലൻഡ് ജോർദാനെ 4-1ന് കീഴടക്കിയതും വരുംപ്രകടനങ്ങളുടെ സൂചനകളായി. മറ്റു മത്സരങ്ങളിൽ കാനഡ ഉസ്ബെക്കിസ്ഥാനെ രണ്ട് ഗോളിന് കീഴടക്കി. ഈജിപ്ത് റഷ്യയെ ഒരു ഗോളിന് തോൽപ്പിച്ചു. ഇറാഖ് അൻഡോറയെ ഒരു ഗോളിന് തോൽപ്പിച്ചു. യുക്രൈൻ പോളണ്ടിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. ചെക്കിയ കൊസോവോയെ 2-1ന് തോൽപ്പിച്ചു. മെക്സിക്കോ ഓസ്ട്രേലിയയെ ഒരു ഗോളിന് തോൽപ്പിച്ചു. തുർക്കി നോർത്ത് മാസിഡോണിയയെ നാല് ഗോളിന് തോൽപ്പിച്ചു. ഓസ്ട്രിയ ടുണീഷ്യയെ ഒരു ഗോളിന് തോൽപ്പിച്ചു. വെയ്ൽസും ഘാനയും ഓരോ ഗോളടിച്ച് സമനില പാലിച്ചു.

ഇറങ്ങാൻ വമ്പന്മാർ
ഇത്തവണ കിരീടം നേടാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന സ്പെയിനും ഫ്രാൻസും വ്യാഴാഴ്ച സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങും. സ്പെയിൻ ഇറാഖിനെയും ഫ്രാൻസ് ഐവറി കോസ്റ്റിനെയുമാണ് നേരിടുക. ശനിയാഴ്ച പോർച്ചുഗൽ സന്നാഹ മത്സരത്തിനിറങ്ങും. ചിലിയാണ് എതിരാളികൾ. ഇംഗ്ലണ്ടും ശനിയാഴ്ച ആദ്യ മത്സരത്തിനിറങ്ങും. ന്യൂസിലൻഡാണ് എതിരാളികൾ. അന്നുതന്നെ ബ്രസീൽ-ഈജിപ്ത് പോരാട്ടവുമുണ്ട്. ജർമനിയും ശനിയാഴ്ച അമേരിക്കയുമായി സന്നാഹ മത്സരം കളിക്കും. ലോക ചാമ്പ്യന്മാരായ അർജൻ്റീന ഞായറാഴ്ച സന്നാഹ മത്സരത്തിനിറങ്ങും. ഹോണ്ടുറാസാണ് എതിരാളികൾ. അന്നുതന്നെ മൊറോക്കോയും നോർവേയും തമ്മിലുള്ള ആവേശകരമായ സന്നാഹ മത്സരവും നടക്കും.
Also Read:- മൈതാനമൊഴിയുന്ന മാന്ത്രികർ; ഈ ലോകകപ്പോടെ വിടപറയുന്ന പത്ത് സൂപ്പര്‍താരങ്ങള്‍ ഇവര്‍...

