റെക്കോർഡുകൾ തകർത്ത് വമ്പൻ ട്രാൻസ്‌ഫര്‍; 1600 കോടിക്ക് എൻസോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്!
റെക്കോർഡ് തുകയ്ക്ക് അർജന്‍റീനിയൻ താരം എൻസോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്.

Published : September 2, 2026 at 1:22 PM IST
ലണ്ടൻ: അർജന്‍റീനിയൻ മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറി. ചെൽസിയിൽ നിന്നു 125 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകയ്ക്കാണ് 25കാരനായ താരത്തെ സിറ്റി സ്വന്തമാക്കിയത്. കഴിഞ്ഞ ട്രാൻസ്‌ഫര്‍ ജാലകത്തിൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് അലക്‌സാണ്ടർ ഇസാക്കിനെ ലിവർപൂൾ വാങ്ങിയപ്പോഴുണ്ടായ ബ്രിട്ടീഷ് ട്രാൻസ്‌ഫര്‍ റെക്കോർഡിന് ഒപ്പമെത്തുന്നതാണ് ഈ വമ്പൻ കരാർ.
മാഞ്ചസ്റ്റർ സിറ്റിയുമായി അഞ്ചുവർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. സിറ്റി പോലൊരു മികച്ച ക്ലബിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും കൂടുതൽ കിരീടങ്ങൾ നേടാൻ ടീമിനെ സഹായിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും കരാർ ഒപ്പിട്ട ശേഷം എൻസോ ഫെർണാണ്ടസ് പ്രതികരിച്ചു. മുൻപ് ചെൽസിയിൽ തനിക്കൊപ്പം ഉണ്ടായിരുന്ന പുതിയ സിറ്റി മാനേജർ എൻസോ മാരെസ്‌കയ്ക്ക് കീഴിലാണ് താരം ഇനി ബൂട്ട് കെട്ടുക.
Enzo Fernández is here 🤝 pic.twitter.com/NWyxbpGquy
— Manchester City (@ManCity) September 1, 2026
അനിശ്ചിതത്വങ്ങൾ നിറഞ്ഞ ട്രാൻസ്‌ഫര്‍ ചർച്ചകൾ
വളരെ നാളത്തെ നാടകീയമായ ചർച്ചകൾക്കൊടുവിലാണ് ട്രാൻസ്‌ഫര്‍ യാഥാർത്ഥ്യമായത്. എൻസോയ്ക്കായി സിറ്റി ആദ്യം 104 മില്യൺ പൗണ്ട് വാഗ്‌ദാനം ചെയ്തെങ്കിലും ഒരു ഘട്ടത്തിൽ ചെൽസി 135 മില്യൺ പൗണ്ട് ആവശ്യപ്പെട്ടതോടെ സിറ്റി ചർച്ചകളിൽ നിന്ന് പിന്മാറാൻ ഒരുങ്ങിയിരുന്നു. ഒടുവിൽ ഇരു ക്ലബുകളും 125 മില്യൺ പൗണ്ടിൽ ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. ലിവർപൂൾ ഫോർവേഡ് കോഡി ഗാക്പോയെ സ്വന്തമാക്കാനുള്ള 80 മില്യൺ പൗണ്ടിന്‍റെ ശ്രമം പരാജയപ്പെട്ടതോടെയാണ് സിറ്റി എൻസോയിലേക്ക് പൂർണ്ണമായും ശ്രദ്ധ തിരിച്ചത്. ചെൽസിയിൽ തുടരുമെന്ന് കരുതിയിരുന്ന താരം കഴിഞ്ഞ കുറച്ചുകാലമായി ക്ലബുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.
പ്രീ-സീസൺ മത്സരങ്ങളിലും പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിലും ചെൽസി ആരാധകർ താരത്തിന് നേരെ സ്റ്റേഡിയത്തിൽ കൂവൽ ഉയർത്തിയിരുന്നു. മത്സരശേഷം സഹതാരങ്ങൾക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യാൻ നിൽക്കാതെ താരം ടണലിലേക്ക് മടങ്ങിയതും പിന്നീട് ടീമിൽ നിന്ന് തഴയപ്പെട്ടതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ചെൽസിയുടെ സാമ്പത്തിക ലാഭവും മാറ്റങ്ങളും
ബെൻഫിക്കയിൽ നിന്ന് 2023 ജനുവരിയിൽ 106.8 മില്യൺ പൗണ്ടിന്‍റെ റെക്കോർഡ് തുകയ്ക്കാണ് ചെൽസി എൻസോയെ ലണ്ടനിലേക്ക് എത്തിച്ചത്. പ്രീമിയർ ലീഗിന്‍റെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ മറികടക്കാൻ ചെൽസിക്ക് ഈ വമ്പൻ വിൽപ്പന അനിവാര്യമായിരുന്നു. ഉയർന്ന ശമ്പളവും വാർഷിക അമോർട്ടൈസേഷൻ ചെലവുകളും ഒഴിവാകുന്നതോടെ ചെൽസിയുടെ സാമ്പത്തിക ഭദ്രത വർധിക്കും.
Enzo Fernandez has completed a permanent transfer to Premier League side Manchester City.
— Chelsea FC (@ChelseaFC) September 1, 2026
We thank Enzo for his efforts throughout his time at Chelsea.
പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ മധ്യനിരയിൽ വലിയൊരു മാറ്റത്തിന് ഒരുങ്ങുന്ന ചെൽസിക്ക് ഈ തുക പുതിയ കളിക്കാരെ എത്തിക്കാൻ സഹായകരമാകും. കളിക്കാരൻ എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും എൻസോയുടെ പെരുമാറ്റവും മുൻ പരിശീലകനോടുള്ള അമിത കൂറും ചെൽസി ഡ്രസ്സിംഗ് റൂമിൽ പലപ്പോഴും അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു. ഈ ട്രാൻസ്‌ഫറിലൂടെ ക്ലബിൽ പുതിയൊരു കായിക സംസ്‌കാരം വളർത്തിയെടുക്കാനാണ് ചെൽസി മാനേജ്‌മെന്‍റ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
Also Read: ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ഇഷാൻ കിഷനും സംഘവും; ഈസ്റ്റ് സോൺ ദുലീപ് ട്രോഫി ഫൈനലിൽ

