റഫറിമാരെ മാറ്റണം, അന്വേഷണം വേണം; തോൽവിക്ക് പിന്നാലെ ഫിഫയിൽ പരാതിയുമായി ഈജിപ്‌ത്
അർജന്‍റീനയോട് തോറ്റതിന് പിന്നാലെ റഫറിമാർക്കെതിരെ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകി ഈജിപ്‌ത്.

Published : July 8, 2026 at 5:07 PM IST
ഹൈദരാബാദ്: ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോട് 3-2 ന് പരാജയപ്പെട്ടതിന് പിന്നാലെ ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയ്ക്ക് പരാതി നൽകി. മത്സരത്തിലെ വിവാദപരമായ തീരുമാനങ്ങളിൽ അന്വേഷണം നടത്തണമെന്നും ഫ്രഞ്ച് റഫറി ഫ്രാൻസ്വാ ലെറ്റെക്സിയറെയും അദ്ദേഹത്തിന്‍റെ ടീമിനെയും ടൂർണമെന്‍റില്‍ നിന്ന് പുറത്താക്കണമെന്നുമാണ് ഈജിപ്‌തിന്‍റെ പ്രധാന ആവശ്യം.
മത്സരത്തിലെ നിർണായക നിമിഷങ്ങൾ
അറ്റ്‌ലാന്‍റയിൽ നടന്ന മത്സരത്തിൽ കരുത്തരായ അർജന്‍റീനയ്‌ക്കെതിരെ തുടക്കത്തിൽ തന്നെ 2-0 ന്‍റെ അട്ടിമറി ലീഡ് നേടി ഈജിപ്‌ത് വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ലയണൽ മെസ്സി മുന്നിൽ നിന്ന് നയിച്ചതോടെ അർജന്‍റീനന ശക്തമായി കളിയിലേക്ക് തിരിച്ചെത്തി. ഒടുവിൽ ഇൻജുറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്‍റീന നാടകീയ വിജയം സ്വന്തമാക്കുകയാണുണ്ടായത്.
🚨🇪🇬 Egyptian Federation President Hany Abo Rida has filed an official complaint against French referee François Letexier and his assistants, reports @ismaeelmahmoudd. pic.twitter.com/bbyLvRYcSN
— Fabrizio Romano (@FabrizioRomano) July 8, 2026
ഈജിപ്‌തിന്‍റെ പരാതിയിലെ പ്രധാന ആരോപണങ്ങൾ
സ്‌പാനിഷ് മാധ്യമമായ ഡിയാരിയോ എഎസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈജിപ്‌ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഹാനി അബോ റിഡയാണ് ഫിഫയ്ക്ക് ഔദ്യോഗിക ഫയൽ സമർപ്പിച്ചത്. ഈജിപ്‌ത് നേടിയ രണ്ടാമത്തെ ഗോൾ വിഎആർ പരിശോധനയ്ക്ക് ശേഷം റഫറി റദ്ദാക്കിയതാണ് അവരെ പ്രധാനമായും ചൊടിപ്പിച്ചത്. കൂടാതെ അർജന്‍റീനയുടെ വിജയഗോളിന് തൊട്ടുമുമ്പ് ബോക്‌സില്‍ അലക്സിസ് മാക് അലിസ്റ്റർ ഉൾപ്പെട്ട ഫൗളിന് ഈജിപ്‌ത് പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി വിഎആർ പരിശോധിക്കാൻ പോലും തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. ഗുരുതരമായ ഇത്തരം പിഴവുകൾ കാരണം ടൂർണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഫ്രഞ്ച് റഫറിയിങ് പാനലിനെ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഈജിപ്‌ത് ആവശ്യപ്പെട്ടു.
മെസ്സിയെ നിലനിർത്താൻ ശ്രമമെന്ന് ഈജിപ്‌ത് കോച്ച്
മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അർജന്‍റീനയ്ക്കും ലയണൽ മെസ്സിക്കുമായി അധികൃതർ പക്ഷപാതം കാണിച്ചുവെന്ന് ഈജിപ്‌ത് കോച്ച് ഹസൻ തുറന്നടിച്ചു. തങ്ങൾ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് നടത്തിയതെന്നും എന്നാൽ കളിക്കളത്തിലെയും പുറത്തെയും ബാഹ്യഘടകങ്ങൾ മത്സരഫലത്തെ സ്വാധീനിച്ചതായും അദ്ദേഹം ആരോപിച്ചു.
ഒരുപക്ഷേ ലോക ചാമ്പ്യന്മാർ ടൂർണമെന്‍റില്‍ തുടരണമെന്നും മെസ്സി മത്സരരംഗത്ത് ഉണ്ടാകണമെന്നും അവർ ആഗ്രഹിച്ചിരിക്കാമെന്നും അതുകൊണ്ട് തന്നെ എല്ലാ തലത്തിലും അർജന്‍റീനയ്ക്ക് പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഫുട്ബോളിലെ അടിസ്ഥാന മര്യാദയോ ഫെയർ പ്ലേയോ അവിടെ കണ്ടില്ലെന്നും തങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മെസ്സിയോ എംബാപ്പെയോ ഹാലണ്ടോ? ക്വാർട്ടർ പോരാട്ടങ്ങൾക്കൊപ്പം ഗോൾഡൻ ബൂട്ട് റേസും ക്ലൈമാക്‌സിലേക്ക്!

