ETV Bharat / sports

ദുലീപ് ട്രോഫിയിൽ 15 കാരൻ ക്യാപ്റ്റന്‍റെ മാന്ത്രിക റിവ്യൂ; അമ്പയറെപ്പോലും ഞെട്ടിച്ച് വൈഭവ്, വീഡിയോ വൈറൽ!

ക്യാപ്റ്റൻ വൈഭവ് മാസ്സ് ആണ്! ദുലീപ് ട്രോഫിയിൽ ടീമിനെ നയിച്ച് 15കാരൻ; കൈയടി നേടി തകർപ്പൻ ഡി.ആർ.എസ്!

VAIBHAV SOORYAVANSHI TEAM CAPTAIN  വൈഭവ് സൂര്യവംശി  VAIBHAV SOORYAVANSHI DRS CALL VIDEO  EAST ZONE VS CENTRAL ZONE
Vaibhav Sooryavanshi Makes Captaincy Debut for East Zone (IANS)
author img

By ETV Bharat Sports Team

Published : August 30, 2026 at 5:19 PM IST

2 Min Read
Choose ETV Bharat

ബെംഗളൂരു: തനിക്ക് പാർട്ട് ടൈം സ്‌പിൻ ബൗളിംഗിനപ്പുറം മറ്റ് പലതും ചെയ്യാനാകുമെന്ന് തെളിയിച്ച് വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ സെൻട്രൽ സോണിനെതിരെ നടക്കുന്ന ദുലീപ് ട്രോഫി സെമി മത്സരത്തിൽ ഈസ്റ്റ് സോണിന്‍റെ താൽക്കാലിക ക്യാപ്റ്റനായി തിളങ്ങിയാണ് ഈ കൗമാര താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മത്സരത്തിനിടയിൽ ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷന് വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് വൈഭവിന് ടീമിനെ നയിക്കാൻ അപ്രതീക്ഷിതമായി അവസരം ലഭിച്ചത്. ക്യാപ്റ്റനായുള്ള തന്‍റെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ഒരു ഡി.ആർ.എസ് റിവ്യൂ കൃത്യമായി എടുത്ത് വൈഭവ് കൈയടി നേടി.

വൈഭവിന്‍റെ മാന്ത്രിക റിവ്യൂ

40-ാം ഓവറിലായിരുന്നു നാടകീയമായ ആ രംഗം അരങ്ങേറിയത്. ഫാസ്റ്റ് ബൗളർ മുകേഷ് കുമാറിന്‍റെ പന്തിൽ സെൻട്രൽ സോൺ ബാറ്റർ ആര്യൻ ജുയൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയെന്ന അപ്പീൽ ഓൺ-ഫീൽഡ് അമ്പയർ നിരസിച്ചു. സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന വൈഭവ് പന്ത് ബാറ്റിൽ ഉരസുന്നത് കൃത്യമായി നിരീക്ഷിച്ചിരുന്നു. മുകേഷ് കുമാറും വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയും ആവശ്യപ്പെട്ടതോടെ, വൈഭവ് ഒട്ടും മടിക്കാതെ ക്യാപ്റ്റൻ എന്ന നിലയിൽ തന്‍റെ കരിയറിലെ ആദ്യ ഡി.ആർ.എസ് റിവ്യൂ ആവശ്യപ്പെട്ടു.

റീപ്ലേകളിൽ അൾട്രാഎഡ്‌ജ് പരിശോധിച്ചപ്പോൾ പന്ത് ബാറ്റിൽ തൊട്ടുപോയതായി വ്യക്തമായ തെളിവ് ലഭിച്ചു. ഇതോടെ അമ്പയർക്ക് തന്‍റെ തീരുമാനം തിരുത്തേണ്ടി വരികയും 46 റൺസെടുത്ത് നിന്ന ആര്യൻ ജുയൽ പുറത്താകുകയും ചെയ്‌തു. തീരുമാനം കൃത്യമായതോടെ വൈഭവ് മൈതാനത്ത് സഹതാരങ്ങൾക്കൊപ്പം ആവേശത്തോടെയാണ് ഇത് ആഘോഷിച്ചത്. സ്റ്റമ്പ് മൈക്രോഫോണിൽ പോലും ശബ്‌ദം കേൾക്കാതിരുന്നിട്ടും കളി കൃത്യമായി വിലയിരുത്തിയ 15കാരന്‍റെ ഈ തീരുമാനത്തെ കമന്‍റേറ്റർമാരും വാനോളം പുകഴ്ത്തി. ഇതോടെ സെൻട്രൽ സോൺ 40 ഓവറിൽ 99 ന് 4 എന്ന നിലയിലേക്ക് തകർന്നു.

ഇഷാന്‍റെ അഭാവവും വൈഭവിന്‍റെ നായകത്വവും

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഇന്നത്തെ മത്സരത്തിന്‍റെ 19-ാം ഓവറിലാണ് ഇഷാൻ കിഷന് പരിക്കേറ്റത്. തുടർന്ന് ഏകദേശം 20 ഓവറുകളോളം വൈഭവ് ടീമിനെ നയിച്ചു. പിന്നീട് വിരലിൽ ടേപ്പ് ഒട്ടിച്ച് ഇഷാൻ കിഷൻ കളിക്കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വിക്കറ്റ് കീപ്പിംഗ് ചുമതല ഏറ്റെടുത്തിരുന്നില്ല.

ക്വാർട്ടർ ഫൈനലിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ ബാറ്റിംഗിൽ 8 റൺസ് മാത്രമാണ് നേടാനായതെങ്കിലും ഇടംകയ്യൻ സ്‌പിന്നിലൂടെ താരം 2 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആ മത്സരത്തിൽ ഈസ്റ്റ് സോൺ ഒരു ഇന്നിംഗ്സിനും 210 റൺസിനും വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

Also Read: ബാലൺ ഡി ഓർ ജേതാവ് ഇനി ബ്ലൂസ് നിരയിൽ; എമിലിയാനോ ചെൽസിയുടെ ഗോൾവല കാക്കും!