ETV Bharat / sports

ഫ്രാൻസ് - മൊറോക്കോ പോരാട്ടം: അർജന്‍റീന റഫറിമാർ വെല്ലുവിളിയാകുമോ? പ്രതികരിച്ച് ദെഷാംപ്‌സ്

അർജന്‍റീന റഫറിമാർ കളം ഭരിക്കുമോ? ഫ്രാൻസ് - മൊറോക്കോ ക്വാർട്ടർ പോരാട്ടത്തിൽ റഫറിമാരും ചർച്ചയാകുന്നു.

DIDIER DESCHAMPS
DIDIER DESCHAMPS (AP)
author img

By ETV Bharat Sports Team

Published : July 9, 2026 at 2:26 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ അർജന്‍റീനയിൽ നിന്നുള്ള റഫറിമാരെ നിയമിച്ചതിനെ ഫ്രഞ്ച് മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് നിസ്സാരവൽക്കരിച്ചു. 2022-ലെ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ അർജന്‍റീന പരാജയപ്പെടുത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള കായികപരമായ ശത്രുത ശക്തമാണ്. എന്നാലും ഫാകുണ്ടോ ടെല്ലോയെയും അദ്ദേഹത്തിന്‍റെ അർജന്‍റീനക്കാരായ സഹായികളെയും മത്സരച്ചുമതല ഏൽപ്പിച്ചതിൽ തനിക്ക് യാതൊരുവിധ എതിർപ്പില്ലെന്ന് ദെഷാംപ്‌സ് വ്യക്തമാക്കി.

'നമുക്കിത് നേരിട്ടേ പറ്റൂ. എനിക്ക് റഫറിമാരിൽ പൂർണ്ണ വിശ്വാസമുണ്ട്. ഞങ്ങളുടെ എതിരാളികൾ മൊറോക്കോയാണ്, റഫറിയല്ല," ദെഷാംപ്‌സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫ്രാൻസിന്‍റെ ബാക്കപ്പ് ഗോൾകീപ്പർ റോബിൻ റിസറും റഫറിമാരെ പിന്തുണച്ച് സംസാരിച്ചു. "കഴിഞ്ഞ ഫൈനലിന് ശേഷം ഫ്രാൻസും അർജന്‍റീനയും തമ്മിൽ ചെറിയൊരു കയ്പ്പ് നിലനിൽക്കുന്നുണ്ട്, എന്നാൽ അത് കളിയുടെ ഭാഗമാണ്. ഈ റഫറിമാർ ഇവിടെയുണ്ടെങ്കിൽ അതിനർത്ഥം അവർ ഈ ടൂർണമെന്‍റിന്‍റെ ഉയർന്ന നിലവാരത്തിന് യോഗ്യരാണ് എന്നാണ്," റിസർ കൂട്ടിച്ചേർത്തു.

വിമർശനങ്ങൾ തള്ളി മൊറോക്കോ പരിശീലകൻ

റൗണ്ട് ഓഫ് 16-ൽ അർജന്‍റീനയും ഈജിപ്‌തും തമ്മിലുള്ള മത്സരത്തിലെ ഫ്രഞ്ച് റഫറി ഫ്രാൻസ്വാ ലെറ്റെക്സിയറുടെ പ്രകടനത്തെ ഈജിപ്‌ത് ടീം വിമർശിച്ചിരുന്നു. ഈ വിഷയത്തിലും ദെഷാംപ്‌സ് പ്രതികരിച്ചു , "നമ്മുടെ റഫറിമാരും ലെറ്റെക്സിയറെപ്പോലെ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കാം" എന്ന് അദ്ദേഹം വ്യക്തമാക്കി.

മൊറോക്കോ കോച്ച് മുഹമ്മദ് ഔഹ്ബിയും റഫറിമാരുടെ സ്വാധീനത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു. "നാളെ നിയന്ത്രിക്കാൻ വരുന്നത് വളരെ പരിചയസമ്പന്നനായ റഫറിയാണ്. അത്തരം റഫറിമാരെയാണ് ഞങ്ങൾ ഈ തരത്തിലുള്ള മത്സരങ്ങൾക്ക് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ തികച്ചും ശാന്തരാണ്," അദ്ദേഹം പറഞ്ഞു. മുൻപ് നെതർലൻഡ്‌സിനെതിരെ ഡച്ച് റഫറി വന്നിട്ടും അദ്ദേഹം മികച്ച രീതിയിലാണ് മത്സരം നിയന്ത്രിച്ചതെന്നും റഫറിമാരുടെ ഗുണനിലവാരത്തെ താൻ ചോദ്യം ചെയ്യില്ലെന്നും ഔഹ്ബി വ്യക്തമാക്കി.

DIDIER DESCHAMPS
DIDIER DESCHAMPS (AP)

പ്രതികാരമല്ല, ലക്ഷ്യം സെമിഫൈനൽ

2022 ലോകകപ്പ് സെമിഫൈനലിൽ മൊറോക്കോയെ 2-0 ന് തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ കയറിയിരുന്നു. എന്നാൽ ഇത് ഒരു പ്രതികാര മത്സരമായി കാണുന്നില്ലെന്നും സെമിഫൈനലിൽ എത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഔഹ്ബി വ്യക്തമാക്കി. "എതിരാളികൾ ആരായാലും ലക്ഷ്യം ഒന്നാണ്, സെമിഫൈനലിൽ എത്തുക. അതുകൊണ്ട് ഞങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇവിടെ പ്രതികാരത്തിന്‍റെ ആവശ്യമില്ല, ഞങ്ങളുടെ യാത്ര തുടരുക മാത്രമാണ് ലക്ഷ്യം," അദ്ദേഹം പറഞ്ഞു.

Also Read: സൗജന്യമായി ലോകകപ്പ് ക്വാർട്ടർ കാണണോ? ഇന്ത്യയിൽ ഒരുക്കിയ സർപ്രൈസ് ഇതാണ്!