ETV Bharat / sports

'അവൻ കരയുന്നത് എനിക്ക് കാണാൻ വയ്യ'; മെസ്സിയുടെ ആദ്യ വിരമിക്കലില്‍ ക്രിസ്റ്റ്യാനോ വിതുമ്പിയ നിമിഷം

അവൻ തിരിച്ചുവരണം, അർജന്‍റീനയ്ക്ക് അവനെ വേണം; മെസ്സി ബൂട്ട് ഊരിവെച്ചപ്പോൾ ക്രിസ്റ്റ്യാനോ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു!

MESSI RETIREMENT  മെസ്സി  MESSI RONALDO  CRISTIANO RONALDO ON MESSI
Cristiano Ronaldos Old Comments on Lionel Messis Retirement Resurface (AP)
author img

By ETV Bharat Sports Team

Published : September 1, 2026 at 1:35 PM IST

2 Min Read
Choose ETV Bharat

ഹെെദരാബാദ്: കളിക്കളത്തിൽ അവർ നേർക്കുനേർ പോരാടിയത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വൈരങ്ങളിൽ ഒന്നിനായിരുന്നു. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ആ പോരാട്ട വീര്യം ആരാധകരെ എപ്പോഴും ആവേശഭരിതരാക്കിയിരുന്നു. എന്നാൽ മൈതാനത്തിലെ ഈ കടുത്ത ശത്രുതയ്ക്കപ്പുറം, പരസ്‌പര ബഹുമാനത്തിന്‍റേയും ആഴത്തിലുള്ള സൗഹൃദത്തിന്‍റേയും ഒരു വലിയ കഥ കൂടി ഇവർക്കിടയിലുണ്ട്. അടുത്തിടെ നടന്ന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ മെസ്സി തന്‍റെ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ, വർഷങ്ങൾക്ക് മുമ്പ് മെസ്സി ആദ്യമായി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ റൊണാൾഡോ നടത്തിയ ഹൃദയസ്പർശിയായ പ്രതികരണമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

ഈ വർഷം വടക്കേ അമേരിക്കയിൽ നടന്ന ലോകകപ്പിൽ സ്പെയിനോട് ഫൈനലിൽ പരാജയപ്പെട്ടതോടെയാണ് മെസ്സി അർജന്‍റീന ജേഴ്‌സിയിൽ ഇനി ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. 2016-ൽ ചിലിക്കെതിരെയുള്ള കോപ്പ അമേരിക്ക ഫൈനലിൽ പെനാൽറ്റി നഷ്‌ടപ്പെടുത്തി കിരീടം കൈവിട്ടപ്പോൾ, കടുത്ത മാനസിക വിഷമത്താൽ 29-ാം വയസ്സിൽ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അന്ന് കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ തീരുമാനത്തോട് റൊണാൾഡോ പ്രതികരിച്ചത് വളരെ വികാരാധീനനായിട്ടായിരുന്നു.

"മെസ്സി വളരെ കഠിനമായ ഒരു തീരുമാനമാണ് എടുത്തിരിക്കുന്നത്. ആളുകൾ അദ്ദേഹത്തിന്‍റെ സാഹചര്യം മനസ്സിലാക്കണം. പരാജയങ്ങളും നിരാശകളും ശീലമില്ലാത്ത കളിക്കാരനാണ് അദ്ദേഹം, രണ്ടാമതായി ഫിനിഷ് ചെയ്യുന്നത് പോലും അദ്ദേഹത്തിന് ചിന്തിക്കാൻ കഴിയില്ല. ഒരു പെനാൽറ്റി നഷ്ടപ്പെടുത്തി എന്നത് കൊണ്ട് ഒരാൾ മോശം കളിക്കാരനാകുന്നില്ല."

തനിക്ക് ഇതുവരെ നേടാനാകാത്ത ലോകകപ്പ് എന്ന സ്വപ്‌ന കിരീടത്തിലേക്ക് പിൽക്കാലത്ത് (2022-ൽ) മെസ്സി നടന്നു കയറുമെന്ന് അന്ന് റൊണാൾഡോയ്ക്ക് അറിയില്ലായിരുന്നു. എങ്കിലും തന്‍റെ പ്രിയ എതിരാളി കളിമുറ്റത്തേക്ക് തിരിച്ചുവരണമെന്ന് റൊണാൾഡോ അന്ന് ആഗ്രഹിച്ചിരുന്നു.

"മെസ്സി കണ്ണീരോടെ നിൽക്കുന്നത് കാണുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹം തന്‍റെ രാജ്യത്തിനായി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അർജന്‍റീനയ്ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്," റൊണാൾഡോ കൂട്ടിച്ചേർത്തു.

റൊണാൾഡോ അന്ന് ആഗ്രഹിച്ചതുപോലെ തന്നെ മെസ്സി പിന്നീട് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചുവരികയും, 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങളും 2022 ഫിഫ ലോകകപ്പും അർജന്‍റീനയ്ക്ക് നേടിക്കൊടുക്കുകയും ചെയ്‌തു. ഇത്തവണ മെസ്സി തന്‍റെ തീരുമാനത്തിൽ നിന്ന് ഒരു യു-ടേൺ എടുക്കാൻ സാധ്യതയില്ലെങ്കിലും, 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ അന്താരാഷ്ട്ര ഫുട്ബോൾ ഭാവിയെക്കുറിച്ച് ഇതുവരെ കൃത്യമായ സൂചനകളൊന്നും നൽകിയിട്ടില്ല.

Also Read: ബ്രസീലിനെയും ഉറുഗ്വേയെയും നേരിടാൻ ഇന്ത്യ; നീലപ്പടയിൽ കരുത്തായി നാല് മലയാളി താരങ്ങൾ