ETV Bharat / sports

സിആർ7 മാജിക്! റൊണാൾഡോയുടെ ഗോളിൽ അൽ നസറിന് വിജയം; കരിയറിൽ 978 ഗോളുകൾ

1000 ഗോളിലേക്ക് ഇനി 22 പടവുകൾ മാത്രം; അൽ നസറിനെ ഒന്നാമതെത്തിച്ച് സിആർ7 കുതിപ്പ്.

SAUDI PRO LEAGUE  AL NASSR MATCH  CRISTIANO RONALDO AL NASSR  ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo (GETTY)
author img

By ETV Bharat Sports Team

Published : August 29, 2026 at 11:33 AM IST

2 Min Read
Choose ETV Bharat

റിയാദ്: സൗദി പ്രോ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ അൽ താവൂനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) തകർത്ത് അൽ നസർ തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. മത്സരത്തിൽ അൽ നസറിന്‍റെ വിജയഗോൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 978 ആയി ഉയർത്തി.

കഴിഞ്ഞ മത്സരത്തിൽ അൽ ഇത്തിഫാഖിനെതിരെ ഗോൾകീപ്പർ ബെന്‍റോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് കോച്ച് ആഞ്ച് പോസ്റ്റെകോഗ്ലൂ റൊണാൾഡോയെ പിൻവലിച്ചിരുന്നു. ഇതിൽ താരം പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നെങ്കിലും തൊട്ടടുത്ത മത്സരത്തിൽ തന്നെ ഗോൾ നേടി താരം കോച്ചിന് കൃത്യമായ മറുപടി നൽകി.

ആവേശം നിറഞ്ഞ തിരിച്ചുവരവ്

മത്സരത്തിന്റെ 11-ാം മിനിറ്റിൽ മൊഹമ്മദ് ബസ്സാം അൽ ഹുറൈജിയിലൂടെ അൽ താവൂനാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+5') സാമു കോസ്റ്റയിലൂടെ അൽ നസർ സമനില പിടിച്ചു (1-1). രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മത്സരത്തിലെ നിർണായകമായ ആ ഗോൾ പിറന്നത്. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ ജാവോ ഫെലിക്‌സ് നൽകിയ പാസ് മൊഹമ്മദ് സിമാകാനിലേക്ക് എത്തി. സിമാകാൻ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് കൃത്യമായി വലയുടെ താഴത്തെ കോണിലേക്ക് പോവുകയായിരുന്നു. എന്നാൽ ഗോൾ ലൈനിന് വെറും ആറ് വാര മാത്രം അകലെ നിന്ന റൊണാൾഡോ പന്ത് നേരിയ ഫ്ലിക്കിലൂടെ വലയിലാക്കുകയായിരുന്നു.

'സി യു' ആഘോഷം

സിമാകാൻ തൊടുത്ത ഷോട്ട് റൊണാൾഡോ തൊട്ടില്ലെങ്കിലും ഗോളാകുമായിരുന്നു എന്നതിനാൽ എക്‌സില്‍ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് ഇത് വഴിവെച്ചു. റൊണാൾഡോ ഗോൾ 'തട്ടിയെടുത്തു' എന്ന രീതിയിലാണ് പലരും പ്രതികരിക്കുന്നത്.

ഗോളടിച്ച ശേഷം റൊണാൾഡോ തന്‍റെ പതിവ് 'സി യു' (Siu) ആഘോഷം മറന്ന് സഹതാരങ്ങൾക്കൊപ്പം സാധാരണ രീതിയിലാണ് ആദ്യം വിജയം പങ്കിട്ടത്. എന്നാൽ സഹതാരം സാദിയോ മാനെ ഓർമ്മിപ്പിച്ചതിനെത്തുടർന്ന് റൊണാൾഡോ ആരാധകർക്കായി തന്‍റെ ഐതിഹാസികമായ 'സി യു' ആഘോഷം പുറത്തെടുത്തു.

ഈ വിജയത്തോടെ പുതിയ കോച്ച് ആഞ്ച് പോസ്റ്റെകോഗ്ലൂവിന് കീഴിൽ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് അൽ നസർ സൗദി പ്രോ ലീഗ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കരിയറിൽ 1000 ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്താൻ റൊണാൾഡോയ്ക്ക് ഇനി വെറും 22 ഗോളുകൾ കൂടി മതി.

Also Read: ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നമീബിയ; ട്രൈ-നേഷൻ ടി20 പരമ്പരയിൽ മിന്നും ചരിത്രവിജയം