സിആര്‍7 ബ്രാൻഡ് ഇനി അൽമേരിയയിൽ; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ഇതിഹാസം, 25% ഓഹരികൾ വാങ്ങി
സ്‌പാനിഷ് ക്ലബ്ബ് യുഡി അൽമേരിയയുടെ 25 ശതമാനം ഓഹരികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.

Published : February 27, 2026 at 4:45 PM IST
മാഡ്രിഡ്: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌പാനിഷ് ഫുട്ബോൾ രംഗത്തേക്ക് വൻ നിക്ഷേപവുമായി തിരിച്ചെത്തുന്നു. സ്പെയിനിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ യുഡി അൽമേരിയയുടെ (UD Almeria) 25 ശതമാനം ഓഹരികളാണ് റൊണാൾഡോ സ്വന്തമാക്കിയത്. നിലവിൽ സൗദി അറേബ്യൻ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്ലബ്ബ്.
നിക്ഷേപം 'സിആര്‍7 സ്പോർട്‌സ്' വഴി
തന്‍റെ ഉപകമ്പനിയായ സിആര്‍7 സ്പോർട്‌സ് വഴിയാണ് റൊണാൾഡോ ഈ ഓഹരികൾ വാങ്ങിയത്. എസ്എംസി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ക്ലബ്ബ് ഉടമസ്ഥാവകാശ കൺസോർഷ്യത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. കളി മൈതാനത്തിന് പുറത്തും ഫുട്ബോളിന് വലിയ സംഭാവനകൾ നൽകുക എന്നത് തന്‍റെ ദീർഘകാലമായുള്ള ആഗ്രഹമാണെന്ന് നിക്ഷേപത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ റൊണാൾഡോ വ്യക്തമാക്കി. 'അൽമേരിയ മികച്ച അടിത്തറയുള്ള ക്ലബ്ബാണ്. ക്ലബ്ബിന്‍റെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയ്ക്കായി നേതൃത്വത്തിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
🚨 Cristiano Ronaldo on buying 25% of UD Almeria: “It has been a longtime ambition of mine to contribute to football, beyond the pitch”.
— Fabrizio Romano (@FabrizioRomano) February 26, 2026
“UD Almeria is a Spanish club with strong foundations and clear potential for growth. I look forward to working alongside the leadership team… pic.twitter.com/8IXNiqgawZ
സ്വാഗതം ചെയ്‌ത് അൽമേരിയ
റൊണാൾഡോയുടെ വരവിനെ അൽമേരിയ പ്രസിഡന്‍റ് മുഹമ്മദ് അൽ ഖെറൈജി ഹൃദ്യമായി സ്വാഗതം ചെയ്‌തു. 'ലോകത്തിലെ ഏറ്റവും മികച്ച താരമായ അദ്ദേഹത്തിന് സ്പാനിഷ് ഫുട്ബോളിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ടീമിന്‍റേയും അക്കാദമിയുടെയും വളർച്ചയ്ക്ക് അദ്ദേഹത്തിന്‍റെ സാന്നിധ്യം വലിയ കരുത്താകും," ഖെറൈജി പറഞ്ഞു. നിലവിൽ സ്പെയിനിലെ സെഗുണ്ട ഡിവിഷനിൽ (രണ്ടാം ഡിവിഷൻ) മൂന്നാം സ്ഥാനത്താണ് അൽമേരിയ. ഒന്നാം ഡിവിഷനിലേക്ക് (ലാ ലിഗ) പ്രമോഷൻ നേടാനുള്ള കഠിനശ്രമത്തിലാണ് ടീം ഇപ്പോൾ.
അൽ നസറിൽ റെക്കോർഡുകൾ തകർത്ത് സിആർ7
നിക്ഷേപങ്ങൾക്കിടയിലും കളിക്കളത്തിൽ 41-കാരനായ റൊണാൾഡോ തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ ബുധനാഴ്‌ച നേടിയ ഗോൾ ഉൾപ്പെടെ അൽ നസറിനായി 121 ഗോളുകൾ തികച്ച അദ്ദേഹം ക്ലബ്ബിന്‍റെ സർവ്വകാല ഗോൾ വേട്ടക്കാരനായി മാറി. ഈ സീസണിൽ 25 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ താരം നേടിയിട്ടുണ്ട്. 2027 വരെയാണ് താരത്തിന് അൽ നസറുമായി കരാറുള്ളത്.
അൽമേരിയക്കെതിരായ അപരാജിത റെക്കോർഡ്
അൽമേരിയക്കെതിരെ കളിക്കാരൻ എന്ന നിലയിൽ റൊണാൾഡോയ്ക്ക് മികച്ച റെക്കോർഡാണുള്ളത്. റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ അൽമേരിയക്കെതിരെ ഇറങ്ങിയ 7 മത്സരങ്ങളിലും അദ്ദേഹം വിജയിച്ചു. ഈ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് അൽ നസറും അൽമേരിയയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിലും റൊണാൾഡോയും സംഘവും 3-2 ന് വിജയിച്ചിരുന്നു.
Also Read: സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ന് നേർക്കുനേർ; പാകിസ്ഥാന്‍റെ വിധി ഇംഗ്ലണ്ടിന്‍റെ കൈകളിൽ!

