ലിവർപൂളിനെ പൂട്ടിക്കെട്ടി പിഎസ്‌ജി; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്‌ത്തി, ഇനി ലക്ഷ്യം ആൻഫീൽഡ്
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറില്‍ പിഎസ്‌ജിക്ക് വിജയം, ലിവർപൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.

Published : April 9, 2026 at 11:24 AM IST
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദ മത്സരത്തിൽ കരുത്തരായ ലിവർപൂളിനെതിരെ പാരീസ് സെന്‍റ് ജെർമെയ്‌ന് മിന്നും വിജയം. പാരിസിലെ പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്‌ജി ഇംഗ്ലീഷ് ക്ലബ്ബിനെ കീഴടക്കിയത്. ഡിസിറെ ഡൗയി, ക്വിച്ച ക്വാരറ്റ്‌സ്‌ഖേലിയ എന്നിവരാണ് ക്ലബിനായി വലകുലുക്കിയത്.
കഴിഞ്ഞ സീസണിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സ്വന്തം മണ്ണിൽ ലിവർപൂളിനോടേറ്റ തോൽവിക്ക് മധുരപ്രതികാരം വീട്ടാൻ ഈ വിജയത്തിലൂടെ പിഎസ്‌ജിക്ക് സാധിച്ചു. അന്ന് ആദ്യ പാദത്തിൽ തോറ്റെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു പിഎസ്‌ജി മുന്നേറിയത്.
കളി തുടങ്ങി 11-ാം മിനിറ്റിൽ തന്നെ പിഎസ്‌ജി ആദ്യ വെടിപൊട്ടിച്ചു. ബോക്‌സിനു തൊട്ടകത്തുനിന്ന് ഡിസിറെ ഡൗയി തൊടുത്ത ഷോട്ട് ലിവർപൂൾ താരം റയാൻ ഗ്രാവൻബെർച്ചിന്‍റെ കാലിൽ തട്ടി ഡിഫ്ലെക്റ്റ് ചെയ്‌ത് ഗോളി ജിയോർഗി മാമർദാഷ്വിലിക്ക് മുകളിലൂടെ വലയിൽ പതിക്കുകയായിരുന്നു.
🔢 Warren Zaïre-Emery has become the youngest player to reach 40 Champions League appearances (20 years and 31 days). 💎#MadeInParis 🔴🔵 pic.twitter.com/5vbi015Stq
— Paris Saint-Germain (@PSG_English) April 8, 2026
ആദ്യ പകുതിയിലുടനീളം പിഎസ്‌ജി തന്നെയായിരുന്നു ആധിപത്യം പുലർത്തിയത്. 32-ാം മിനിറ്റിൽ ക്വാരറ്റ്‌സ്‌ഖേലിയയുടെ ഒരു മികച്ച ശ്രമം മാമർദാഷ്വിലി തടഞ്ഞു. 37-ാം മിനിറ്റിൽ നുനോ മെൻഡിസിന്‍റെ മുന്നേറ്റത്തിൽ നിന്ന് ഡൗയിക്ക് രണ്ടാം ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും ലിവർപൂൾ ഗോളി വീണ്ടും രക്ഷകനായി. ആദ്യ പകുതി അവസാനിക്കുമ്പോൾ ലിവർപൂളിന് പി.എസ്.ജി ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല.
രണ്ടാം പകുതിയിലും പി.എസ്.ജി ആക്രമണം തുടർന്നു. 65-ാം മിനിറ്റിൽ അവർ ലീഡ് രണ്ടിറ്റായി ഉയർത്തി. ജാവോ നീവ്സ് നൽകിയ പന്തുമായി ലിവർപൂൾ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ക്വാരറ്റ്‌സ്‌ഖേലിയ മനോഹരമായ ഒരു ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിച്ചു.
🎙️ Reactions from Luis Enrique and Matvey Safonov after the success against Liverpool!#PSGLIV #UCL pic.twitter.com/ZD2Xi7jdE3
— Paris Saint-Germain (@PSG_English) April 9, 2026
70-ാം മിനിറ്റിൽ വാറൻ സയർ-എമരിയെ ഇബ്രാഹിമ കൊനാട്ടെ ഫൗൾ ചെയ്‌തതിന് പിഎസ്‌ജിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ അത് ഒഴിവാക്കപ്പെട്ടു. കളിയുടെ അവസാന നിമിഷങ്ങളിൽ അഷ്‌റഫ് ഹാക്കിമിയുടെ ഷോട്ട് മാമർദാഷ്വിലി തടഞ്ഞതും, ഡെംബലെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും പി.എസ്.ജിയുടെ ഗോൾ പട്ടിക രണ്ടിലൊതുക്കി. ഇൻജുറി ടൈമിലും ലിവർപൂൾ താരം കൊനാട്ടെയുടെ ഒരു ഫൗളിൽ പി.എസ്.ജി പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
രണ്ട് ഗോളിന്‍റെ വ്യക്തമായ ലീഡുമായി പി.എസ്.ജി അടുത്ത ചൊവ്വാഴ്‌ച ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ രണ്ടാം പാദ മത്സരത്തിനിറങ്ങും. സെമി ഫൈനൽ ഉറപ്പിക്കാൻ ലിവർപൂളിന് സ്വന്തം മണ്ണിൽ അത്ഭുതങ്ങൾ പ്രവർത്തിക്കേണ്ടി വരും.
Also Read: പത്തുപേരുമായി പൊരുതിയിട്ടും രക്ഷയില്ല; ബാഴ്‌സയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി അത്ലറ്റിക്കോ

