യൂറോപ്പിൽ ഇനി വമ്പൻമാരുടെ അങ്കം; ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ലൈനപ്പ് പ്രഖ്യാപിച്ചു
ചാമ്പ്യൻസ് ലീഗ് തീപാറും പോരാട്ടങ്ങൾ. റയലിന് മാഞ്ചസ്റ്റർ സിറ്റി എതിരാളികൾ, പി.എസ്.ജിക്ക് നേരിടേണ്ടത് ചെൽസിയെ!

Published : February 27, 2026 at 8:36 PM IST
ഹെെദരാബാദ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ പ്രീ-ക്വാർട്ടർ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. മികച്ച പോരാട്ടങ്ങളുടെ ഒരു നിര തന്നെ ഇത്തവണയും കാണാൻ സാധിക്കും. സ്വിറ്റ്‌സർലൻഡിലെ നിയോണിലുള്ള ഹൗസ് ഓഫ് യൂറോപ്യൻ ഫുട്ബോളിൽ നടന്ന നറുക്കെടുപ്പിൽ ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വമ്പൻ പോരാട്ടങ്ങളാണ് തീരുമാനമായത്.
റയൽ മാഡ്രിഡ്, അറ്റലാന്‍റ തുടങ്ങിയ ടീമുകൾ പ്ലേ ഓഫ് ഘട്ടം പിന്നിട്ട് എത്തിയതോടെയാണ് പ്രീ-ക്വാർട്ടർ ചിത്രം തെളിഞ്ഞത്. മാർച്ച് 10-ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ യൂറോപ്പിലെ മികച്ച 16 ക്ലബ്ബുകളാണ് കിരീടത്തിനായി പോരാടുന്നത്.
നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ, ക്ലബ് ലോകകപ്പ് ജേതാക്കളായ ചെൽസിയെ നേരിടും. ആദ്യ പാദ മത്സരം പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലും രണ്ടാം പാദം ലണ്ടനിലെ സ്റ്റാംഫോർഡ് ബ്രിഡ്ജിലും നടക്കും. 15 തവണ യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് എതിരാളികൾ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയാണ്.
The confirmed round of 16 draw ✅#UCLdraw pic.twitter.com/PVhNIIZngZ
— UEFA Champions League (@ChampionsLeague) February 27, 2026
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറിയ ആഴ്‌സണല്‍ ജർമ്മൻ ചാമ്പ്യന്മാരായ ബയർ ലെവർകൂസനുമായി ഏറ്റുമുട്ടും. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് ന്യൂകാസിൽ യുണൈറ്റഡാണ് എതിരാളികൾ. ഇറ്റാലിയൻ ക്ലബ് അറ്റലാന്‍റ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിനെയും ലിവർപൂൾ തുർക്കിഷ് ചാമ്പ്യന്മാരായ ഗലാറ്റസറെയെയും നേരിടും. അത്‌ലറ്റിക്കോ മാഡ്രിഡും ടോട്ടനവും തമ്മിലാണ് മറ്റൊരു പ്രധാന പോരാട്ടം.
മത്സരക്രമം:
പ്രീ-ക്വാർട്ടർ ആദ്യ പാദ മത്സരങ്ങൾ മാർച്ച് 10, 11 തീയതികളിലും രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 17, 18 തീയതികളിലും നടക്കും. ഇതിൽ വിജയിക്കുന്ന എട്ട് ടീമുകൾ ഏപ്രിൽ 7-ന് തുടങ്ങുന്ന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.
പ്രീ-ക്വാർട്ടർ ലൈനപ്പ് (മത്സരക്രമം):
ആദ്യ പാദം:
- പാരീസ് സെൻ്റ് ജെർമെയ്ൻ vs ചെൽസി
- ഗലാറ്റസറേ vs ലിവർപൂൾ
- റയൽ മാഡ്രിഡ് vs മാഞ്ചസ്റ്റർ സിറ്റി
- അറ്റലാൻ്റ vs ബയേൺ മ്യൂണിക്ക്
- ന്യൂകാസിൽ vs ബാഴ്‌സലോണ
- അത്‌ലറ്റിക്കോ മാഡ്രിഡ് vs ടോട്ടൻഹാം
- ബോഡോ/ഗിംറ്റ് vs സ്പോർട്ടിംഗ് സിപി
- ബയേർ ലെവർകുസൻ vs ആഴ്‌സണല്‍
രണ്ടാം പാദം
- ചെൽസി vs പാരീസ് സെൻ്റ് ജെർമെയ്ൻ
- ലിവർപൂൾ vs ഗലാറ്റസരെ
- മാഞ്ചസ്റ്റർ സിറ്റി vs റയൽ മാഡ്രിഡ്
- ബയേൺ മ്യൂണിക്ക് vs അറ്റലാൻ്റ
- ബാഴ്‌സലോണ vs ന്യൂകാസിൽ
- ടോട്ടൻഹാം vs അത്‌ലറ്റിക്കോ മാഡ്രിഡ്
- സ്പോർട്ടിംഗ് സിപി vs ബോഡോ/ഗിംറ്റ്
- ആഴ്‌സണല്‍ vs ബയർ ലെവർകുസൻ
Also Read: സിആര്‍7 ബ്രാൻഡ് ഇനി അൽമേരിയയിൽ; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ഇതിഹാസം, 25% ഓഹരികൾ വാങ്ങി

