ETV Bharat / sports

രോഹൻ കുന്നുമ്മലിന്‍റെ വെടിക്കെട്ട്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തകർത്ത് കാലിക്കറ്റിനു വമ്പൻ വിജയം

കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് എട്ട് വിക്കറ്റ് വിജയം.

KCL 2026  CALICUT GLOBE STARS  KOCHI BLUE TIGERS  ROHAN KUNNUMMAL KCL
Calicut Globe Stars Defeat Kochi Blue Tigers by 8 Wickets in KCL (KCA)
author img

By ETV Bharat Sports Team

Published : August 30, 2026 at 7:03 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് മിന്നും വിജയം സ്വന്തമാക്കി. കൊച്ചി ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ, നാല് ഓവറുകൾ ബാക്കിനിൽക്കെ കാലിക്കറ്റ് മറികടന്നു. 39 പന്തിൽ 78 റൺസ് വാരിക്കൂട്ടി കാലിക്കറ്റിന്‍റെ ബാറ്റിങ് നിരയെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് മത്സരത്തിലെ താരം.

തകർച്ചയിൽ നിന്ന് കൊച്ചിയെ കരകയറ്റി സച്ചിനും മനുകൃഷ്‌ണനും

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻനിര ബാറ്റർമാർ വീണ്ടും നിരാശപ്പെടുത്തിയ മത്സരത്തിൽ വിപുൽ ശക്തി (17), വിനൂപ് മനോഹരൻ (13), ക്യാപ്റ്റൻ സാലി സാംസൺ (15) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താനായില്ല. മുഹമ്മദ് ഷാനു റൺസൊന്നുമെടുക്കാതെ പുറത്തായതോടെ കൊച്ചി 42 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

ഈ ഘട്ടത്തിൽ ഒത്തുചേർന്ന മനുകൃഷ്‌ണനും വിക്കറ്റ് കീപ്പർ സച്ചിൻ സുരേഷും ചേർന്നാണ് കൊച്ചിയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. മനു 26 പന്തിൽ 30 റൺസെടുത്ത് പുറത്തായപ്പോൾ, ഒരറ്റത്ത് ഒറ്റയാൾ പോരാട്ടം നയിച്ച സച്ചിൻ സുരേഷ് 27 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിലാണ് കൊച്ചി 150 റൺസെടുത്തത്. കാലിക്കറ്റിനായി അഖിൻ സത്താറും അബ്ദുൾ ബാസിതും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

കാലിക്കറ്റിന് അനായാസ ജയം

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 7 റൺസെടുത്ത വരുൺ നായനാരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്‌ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹൻ കുന്നുമ്മലും കെ.എസ് അരവിന്ദും ചേർന്ന് കൊച്ചി ബൗളർമാരെ തല്ലിച്ചതച്ചു. പതിവ് ആക്രമണ ശൈലി പുറത്തെടുത്ത രോഹൻ മൈതാനത്തിന്‍റെ എല്ലാ കോണുകളിലേക്കും പന്ത് പായിച്ചപ്പോൾ അരവിന്ദ് മികച്ച പിന്തുണ നൽകി.

ഏഴ് സിക്‌സറുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. വിജയത്തിന് തൊട്ടരികെ 78 റൺസെടുത്ത് രോഹൻ പുറത്തായെങ്കിലും, 44 റൺസോടെ കെ. എസ്. അരവിന്ദും 17 റൺസോടെ അഖിൽ സ്‌കറിയയും പുറത്താകാതെ നിന്ന് 16-ാം ഓവറിൽ കാലിക്കറ്റിനെ വിജയതീരത്ത് എത്തിച്ചു.

Also Read: ദുലീപ് ട്രോഫിയിൽ 15 കാരൻ ക്യാപ്റ്റന്‍റെ മാന്ത്രിക റിവ്യൂ; അമ്പയറെപ്പോലും ഞെട്ടിച്ച് വൈഭവ്, വീഡിയോ വൈറൽ!