റാഫിന്യയും ലോപ്പസും തിളങ്ങി; ബാഴ്‌സയ്‌ക്ക് ലാ ലിഗയില്‍ മിന്നും തുടക്കം, സെൽറ്റയെ അട്ടിമറിച്ച് ഒസാസൂന
ലാ ലിഗ: അത്‌ലറ്റിക് ബിൽബാവോയെ തകർത്ത് ബാഴ്‌സലോണ; സെൽറ്റയെ വീഴ്‌ത്തി ഒസാസൂന.

Published : August 28, 2026 at 1:31 PM IST
ഹൈദരാബാദ്: ലാ ലിഗ 2026/27 സീസണിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്.സി ബാഴ്‌സലോണയ്ക്ക് തകർപ്പൻ തുടക്കം. ഇന്നലെ കാമ്പ് നൗവിൽ നടന്ന ആവേശകരമായ ഹോം മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സ തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. ഹാൻസി ഫ്ലിക്കിന്‍റെ കീഴിലിറങ്ങിയ ബാഴ്‌സയ്ക്കായി റാഫിന്യ (37-ാം മിനിറ്റ്), ഫെർമിൻ ലോപ്പസ് (82-ാം മിനിറ്റ്) എന്നിവർ ഗോളുകൾ നേടി. മത്സരത്തിൽ ഒരു തവണ പോലും ബാഴ്‌സലോണ ഗോൾപോസ്റ്റിലേക്ക് കൃത്യമായ ഷോട്ടുതിർക്കാൻ ബിൽബാവോയ്ക്ക് സാധിച്ചില്ല.
ആദ്യ പകുതിയിൽ പന്തടക്കത്തിൽ ബാഴ്‌സലോണ മുന്നിട്ടുനിന്നിരുന്നു. മത്സരത്തിന്‍റെ 37-ാം മിനിറ്റിൽ പെഡ്രി നൽകിയ മികച്ചൊരു പാസ് സ്വീകരിച്ച് ബ്രസീലിയൻ താരം റാഫിന്യ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ബിൽബാവോ ഗോൾകീപ്പർ ഉനായ് സിമോൺ മികച്ച പ്രതിരോധം തീർത്തെങ്കിലും 82-ാം മിനിറ്റിൽ സ്‌പാനിഷ് പ്രതിരോധ താരം ഐമെറിക് ലപ്പോർട്ടയ്ക്ക് സംഭവിച്ച പിഴവ് മുതലെടുത്ത് ഫെർമിൻ ലോപ്പസ് ബാഴ്‌സയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.
സെൽറ്റയെ അട്ടിമറിച്ച് ഒസാസൂന
മറ്റൊരു മത്സരത്തിൽ സെൽറ്റ വിഗോയെ ഒസാസൂന അട്ടിമറിച്ചു. കളിയുടെ തുടക്കത്തിൽ തന്നെ ഇയാഗോ അസ്പാസിലൂടെ സെൽറ്റ ലീഡ് എടുത്തിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ സെൽറ്റ പ്രതിരോധ താരം മാർക്കോസ് അലോൺസോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിന്‍റെ ഗതി മാറ്റി. ഇതിന്‍റെ ആനുകൂല്യത്തിൽ കിക് ബാർജയിലൂടെ ഒസാസൂന സമനില പിടിക്കുകയും, പിന്നീട് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആന്‍റെ ബുഡിമിർ ഒസാസൂനയ്ക്ക് ജയം സമ്മാനിക്കുകയും ചെയ്‌തു.
എംബാപ്പെക്ക് ഹാട്രിക്
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ റയൽ മാഡ്രിഡ് 4-1 ന് വിജയിച്ചിരുന്നു. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ റയലിനായി ഹാട്രിക് നേടി. ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ അസിസ്റ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിന്‍റെ ശേഷിക്കുന്ന ഗോൾ നേടിയത്.
𝗥𝗘𝗠𝗢𝗡𝗧𝗔𝗗𝗔 de @Osasuna. ❤️
— LALIGA (@LaLiga) August 27, 2026
54' Kike Barja 💥
64' Ante Budimir 💥#CeltaOsasuna | #VUELVELALIGA pic.twitter.com/x4XgY9gs1E
ബാഴ്‌സലോണയിലേക്ക് പുതിയ ഗോൾകീപ്പർ
മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ഫെനർബാഷെയിൽ നിന്നുള്ള ക്രോയേഷ്യൻ അന്താരാഷ്ട്ര ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിനെ ബാഴ്‌സലോണ ടീമിലെത്തിച്ചിരുന്നു. നാല് വർഷത്തെ കരാറിലാണ് 31-കാരനായ താരം ക്ലബ്ബിലെത്തുന്നത്. 36-കാരനായ പോളിഷ് കീപ്പർ വോയ്ചെക്ക് ഷെസ്നിയുടെ ദീർഘകാല പകരക്കാരനായാണ് ലിവാകോവിച്ചിനെ ബാഴ്‌സലോണ കാണുന്നത്. ഇതോടൊപ്പം 19-കാരനായ പ്രതിരോധ താരം സാവി എസ്പാർട്ടിനെ ഈ സീസണിലെ ആദ്യ ടീമിൽ ഉൾപ്പെടുത്തിയതായും ടീം സ്ഥിരീകരിച്ചു.
Also Read: ഗ്രാൻഡ് ചെസ് ടൂർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി പ്രഗ്നാനന്ദ; സമ്മാനത്തുക 1.91 കോടി രൂപ

