ETV Bharat / sports

'മില്ലറില്ലെങ്കിൽ നമ്മൾ ഈ കളിയിൽ പോലുമുണ്ടാകില്ല'; തോൽവിക്ക് പിന്നാലെ ഡ്രസ്സിംഗ് റൂമിൽ വികാരാധീനനായി അക്‌സര്‍

ഡേവിഡ് മില്ലറെ ചേർത്തുപിടിച്ച് അക്‌സര്‍ പട്ടേൽ, തോൽവിയിലും തളരാതെ ഡൽഹി ക്യാപിറ്റൽസ്.

Axar Patel,  David Miller
Axar Patel, David Miller (IANS)
author img

By ETV Bharat Sports Team

Published : April 9, 2026 at 12:55 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഗുജറാത്ത് ടൈറ്റൻസിനോട് ഒരു റണ്ണിന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, വിമർശനങ്ങൾ നേരിടുന്ന ഡേവിഡ് മില്ലർക്ക് ശക്തമായ പിന്തുണയുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ അക്‌സര്‍ പട്ടേൽ. മത്സരത്തിന്‍റെ നിർണായക ഘട്ടത്തിൽ സിംഗിൾ എടുക്കാൻ വിസമ്മതിച്ച മില്ലറുടെ തീരുമാനത്തെ ഒരു വിഭാഗം ആരാധകർ ചോദ്യം ചെയ്യുമ്പോഴാണ്, ഡ്രസ്സിംഗ് റൂമിൽ സഹതാരത്തെ ചേർത്തുപിടിച്ച് ക്യാപ്റ്റൻ മാതൃകയായത്.
അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണമെന്നിരിക്കെ, അഞ്ചാം പന്തിൽ സിംഗിൾ എടുക്കാതെ സ്ട്രൈക്ക് കൈവശം വെച്ച മില്ലറുടെ നീക്കമാണ് ചർച്ചയായത്. നോൺ-സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന കുൽദീപ് യാദവിൽ വിശ്വാസമർപ്പിക്കാതെ മില്ലർ എടുത്ത ഈ തീരുമാനം ടീമിനെ തോൽവിയിലേക്ക് നയിച്ചുവെന്ന് വിമർശകർ ആരോപിച്ചിരുന്നു.

പ്രതിരോധിച്ച് അക്‌സര്‍
എന്നാൽ മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ ഡൽഹി താരങ്ങളെ അഭിസംബോധന ചെയ്‌ത അക്‌സർ പട്ടേൽ മില്ലറെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. 19-ാം ഓവറിൽ മുഹമ്മദ് സിറാജിനെതിരെ മില്ലർ അടിച്ചുകൂട്ടിയ സിക്‌സറുകളാണ് ഡൽഹിയെ വിജയപ്രതീക്ഷയിൽ എത്തിച്ചതെന്ന് താരം ഓർമ്മിപ്പിച്ചു.

"സീസണിന്‍റെ തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു, ഏത് സാഹചര്യത്തിലും വികാരങ്ങളെ നിയന്ത്രിക്കാനും ശാന്തരായിരിക്കാനും. എല്ലാവർക്കും വിഷമമുണ്ടെന്നറിയാം, എങ്കിലും നമുക്ക് പുഞ്ചിരിക്കാം. ഇതൊരു വലിയ ടൂർണമെന്‍റാണ്. മില്ലർ ആ സിക്‌സറുകൾ അടിച്ചിരുന്നില്ലെങ്കിൽ നമ്മൾ ഈ മത്സരത്തിൽ എങ്ങും എത്തില്ലായിരുന്നു. ഇനി ചെന്നൈയിലേക്ക് പോകാം, അവിടെ പുതിയ തുടക്കം കുറിക്കാം," അക്‌സര്‍ പറഞ്ഞു.
അതേസമയം, ചില സന്ദർഭങ്ങളിൽ കൂടുതൽ ബുദ്ധിപൂർവം കളിക്കാമായിരുന്നു എന്ന് അക്‌സര്‍ പോസ്റ്റ് മാച്ച് പ്രസന്‍റേഷനിൽ സമ്മതിച്ചു. ഇരു ടീമുകളും മികച്ച ക്രിക്കറ്റാണ് കാഴ്ചവെച്ചതെന്നും ഇത്തരം വാശിയേറിയ മത്സരങ്ങളിൽ ചെറിയ പിഴവുകൾ പോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി ഇനി ചെന്നൈയ്‌ക്കെതിരെ
ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഗുജറാത്തിന് ഈ വിജയം വലിയ ആശ്വാസമാണ് നൽകുന്നത്. ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിന് വീഴ്ത്തിയാണ് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഗുജറാത്ത് മുന്നോട്ടുവെച്ച 211 റൺസ് പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 209 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലറുടെ പോരാട്ടം ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും, അവസാന പന്തിൽ കുൽദീപ് യാദവ് റണ്ണൗട്ടായതോടെ ആവേശകരമായ മത്സരം ഗുജറാത്ത് കൈക്കലാക്കി. തോൽവിയിൽ തളരാതെ ഏപ്രിൽ 11-ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടാൻ ഒരുങ്ങുകയാണ് ഡൽഹി ക്യാപിറ്റൽസ്.

Also Read: ഈഡൻ ഗാർഡൻസിൽ ഇന്ന് കണക്കുതീർക്കൽ; പന്തിന്‍റെ ലഖ്‌നൗ പടയെ വിറപ്പിക്കാൻ രഹാനെയും സംഘവും