അങ്കം കുറിക്കാൻ അർജന്‍റീന; ഇരുനൂറാം പോരാട്ടത്തിന് മെസ്സി നാളെ ബൂട്ടു കെട്ടും!
ചാമ്പ്യന്മാർ വരുന്നു! അൾജീരിയൻ കരുത്തിനെ നേരിടാൻ സ്‌കലോണിയുടെ തന്ത്രങ്ങൾ റെഡി!

Published : June 16, 2026 at 5:02 PM IST
കാൻസസ് സിറ്റി: ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശപ്പോരാട്ടങ്ങൾക്ക് തുടക്കമിട്ട് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്‍റീന നാളെ തങ്ങളുടെ ആദ്യ മത്സരത്തിൽ അൾജീരിയയെ നേരിടും. അമേരിക്കയിലെ കാൻസസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് ഇതിഹാസ താരം ലയണൽ മെസ്സിയുടെ ചരിത്രപരമായ ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിനാണ്. മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇതെന്ന റിപ്പോർട്ടുകൾക്കിടയിൽ, ബ്രസീലിയൻ ഇതിഹാസം പെലെയെപ്പോലെ തുടർച്ചയായി രണ്ടാം തവണയും കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് അർജന്‍റീന കളത്തിലിറങ്ങുന്നത്.
ലോകം മുഴുവൻ മെസ്സിക്ക് പിന്നിൽ
മെസ്സിയുടെ കളി കാണാൻ അർജന്‍റീനക്കാർ മാത്രമല്ല, ഈ ഗ്രഹത്തിലെ മുഴുവൻ മനുഷ്യരും ആഗ്രഹിക്കുന്നുണ്ടെന്ന് അർജന്‍റീന പരിശീലകൻ ലയണൽ സ്‌കലോണി പറഞ്ഞു. മെസ്സിയെ കുട്ടിക്കാലം മുതൽ അടുത്തറിയുന്ന ആളാണ് സ്‌കലോണി. രണ്ടുപേരും അർജന്‍റീനയിലെ സാന്‍റാ ഫെ പ്രവിശ്യയിൽ നിന്നുള്ളവരും, പ്രശസ്‌തമായ നെവെൽസ് ഓൾഡ് ബോയ്‌സ് ക്ലബ്ബിലൂടെ വളർന്നവരുമാണ്.

"മെസ്സി എപ്പോഴും ടീമിനൊപ്പമുണ്ട്, ഞങ്ങൾക്ക് അവൻ ഏറ്റവും അത്യാവശ്യമായ ഘടകമാണ്. അവനെ മൈതാനത്ത് കാണുന്നത് ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബോൾ പ്രേമികളിലും വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് മത്സരത്തിന് മുന്നോടിയായി സ്‌കലോണി പറഞ്ഞു.
ഫിറ്റ്‌നസ് ആശങ്കകൾ മാറി
ലോകകപ്പിന് തൊട്ടുമുമ്പ് ഹാംസ്ട്രിങ് പരിക്കിന്‍റെ നേരിയ അസ്വസ്ഥതകൾ മെസ്സിയെ അലട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഐസ്‌ലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി പെനാൽറ്റിയിലൂടെ ഗോൾ നേടിയ മെസ്സി പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തതായി തെളിയിച്ചു. മറ്റ് അപ്രതീക്ഷിത തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ അൾജീരിയക്കെതിരെ മെസ്സി ആദ്യ ഇലവനിൽ തന്നെ കളിക്കും.

കാൻസസ് സിറ്റിയെ ഇളക്കിമറിച്ച് 'മെസ്സി മാനിയ'
മത്സരം നടക്കുന്ന കാൻസസ് സിറ്റി നഗരം ഇപ്പോൾ പൂർണ്ണമായും മെസ്സി ആരാധകരുടെ പിടിയിലാണ്. ബാറുകളിലും തെരുവുകളിലും ബാഴ്‌സലോണ, ഇന്‍റര്‍ മയാമി, അർജന്‍റീന എന്നിവയുടെ പത്താം നമ്പർ ജേഴ്‌സി ധരിച്ച ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയിരിക്കുന്നത്. മെസ്സിയെ 'ഫുട്ബോളിന്‍റെ ദൈവം' എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. മെസ്സിയുടെ അവസാന ലോകകപ്പ് നേരിട്ട് കാണാൻ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലരും സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്.

പെലെയുടെ റെക്കോർഡിനൊപ്പം എത്താൻ മെസ്സി
ബ്രസീലിയൻ ഇതിഹാസം പെലെയെപ്പോലെ തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടുന്ന താരമെന്ന നേട്ടമാണ് മെസ്സിയെ കാത്തിരിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ഇറ്റലിയും (1930-കളിൽ), ബ്രസീലും (1962-ൽ) മാത്രമാണ് തുടർച്ചയായി ലോകകപ്പ് കിരീടം നിലനിർത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ ഖത്തറിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടിയ അർജന്‍റീനയ്ക്ക് ഇത്തവണ ചരിത്രം ആവർത്തിക്കാനുള്ള സുവർണ്ണാവസരമാണ്.

കഠിനാധ്വാനം തുടരും: ഓട്ടമെൻഡി
ഖത്തറിലെ കിരീടനേട്ടം രാജ്യത്തെ ഒന്നാകെ ഒന്നിപ്പിച്ച ഒന്നായിരുന്നുവെന്ന് മെസ്സിയുടെ സഹതാരം നികോളാസ് ഓട്ടമെൻഡി ഓർത്തെടുത്തു. എന്നാൽ ആ വിജയത്തിന്‍റെ പേരിൽ വിശ്രമിക്കാൻ ടീം തയാറല്ലെന്നും കഠിനാധ്വാനവും വിനയവും നിലനിർത്തിക്കൊണ്ട് ഒരു കുടുംബത്തെപ്പോലെ കളത്തിൽ ഒരുമിച്ച് പോരാടുമെന്നും ഓട്ടമെൻഡി വ്യക്തമാക്കി. മെസ്സി ഒരു കടുത്ത പോരാളിയാണെന്നും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടാകുക എന്നതാണ് സഹതാരങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മെസ്സിയും റോണോയും എംബാപ്പെയും ഹാലൻഡും ഒരൊറ്റ ദിവസം; നാളെ സൂപ്പർ താരങ്ങളുടെ അഴിഞ്ഞാട്ടം!

