ETV Bharat / sports

തോറ്റെങ്കിലും ഹൃദയം കവർന്നു 'ബ്ലൂ ഷാർക്‌സ്'; അർജന്‍റീനയെ വിറപ്പിച്ച് കേപ് വെർദെ മടങ്ങുന്നു

ലോക ചാമ്പ്യന്മാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം, കേപ് വെർദെയുടെ തകര്‍പ്പന്‍ പ്രകടനം ആരേയും അമ്പരപ്പിക്കും.

Cape Verde Team
Cape Verde Team (AP)
author img

By ETV Bharat Sports Team

Published : July 4, 2026 at 12:12 PM IST

2 Min Read
Choose ETV Bharat

മിയാമി: ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തിലേക്ക് തങ്ങളുടെ പേര് സ്വർണ്ണലിപികളാൽ എഴുതിച്ചേർത്താണ് ആഫ്രിക്കൻ കുഞ്ഞൻമാരായ കേപ് വെർദെ ടൂർണമെന്‍റില്‍ നിന്നും പടിയിറങ്ങുന്നത്. ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ലയണൽ മെസ്സിയുടെ അർജന്‍റീനയോട് എക്‌സ്‌ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ 3-2 ന് പരാജയപ്പെട്ടെങ്കിലും, കാണികളുടെയും ഫുട്ബോൾ ലോകത്തിന്‍റേയും മുഴുവൻ ഹൃദയം കവർന്നാണ് ഈ കൊച്ചു രാജ്യം മടങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിൽ റൗണ്ട് ഓഫ് 32 യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കേപ് വെർദെ ഇതിനകം മാറിക്കഴിഞ്ഞു.

അദ്ഭുതമായി മാറിയ കൊച്ചു രാജ്യം

വെറും അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള, 4,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം മാത്രമുള്ള ഒരു ചെറിയ ദ്വീപ് സമൂഹമാണ് കേപ് വെർദെ. 1975-ൽ മാത്രം സ്വാതന്ത്ര്യം നേടിയ അവർ 1978 മുതലാണ് ഫുട്ബോൾ ലോകത്ത് സജീവമാകുന്നത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഉറുഗ്വേ, സൗദി അറേബ്യ എന്നിവരെ അട്ടിമറിച്ച്, മൂന്ന് മത്സരങ്ങളും സമനിലയിലാക്കി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് അവർ നോക്കൗട്ടിൽ എത്തിയത്. 'ബ്ലൂ ഷാർക്‌സ്' എന്ന് വിളിക്കപ്പെടുന്ന ഇവർക്ക് റൗണ്ട് ഓഫ് 32-ൽ സമ്മാനമായി ലഭിച്ചതാകട്ടെ ലോകോത്തര താരങ്ങളടങ്ങിയ അർജന്‍റീനയെയും.

ARGENTINA VS CAPE VERDE
ARGENTINA VS CAPE VERDE (AP)

മിയാമിയിൽ തീപാറിയ പോരാട്ടം

മിയാമിയിൽ നടന്ന മത്സരത്തിൽ മെസ്സി മാജിക്കിലൂടെയാണ് അർജന്‍റീന ആദ്യം മുന്നിലെത്തിയത്. ലിസാൻഡ്രോ മാർട്ടിനെസിന്‍റെ പാസ് സ്വീകരിച്ച് ലയണൽ മെസ്സി ഉതിർത്ത ഷോട്ട് കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞയെ മറികടന്ന് വലയിലെത്തി. എന്നാൽ കേപ് വെർദെ വെറുമൊരു അത്ഭുതമല്ലെന്ന് തെളിയിക്കാൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല. റയാൻ മെൻഡിസിന്‍റെ ക്രോസിൽ നിന്നും ഡെറോയ് ഡുവാർട്ടെ തൊടുത്ത ഷോട്ട് അർജന്‍റീനൻ ഡിഫെൻഡർമാരെയും ഗോൾകീപ്പർ എമി മാർട്ടിനെസിനെയും കാഴ്‌ചക്കാരാക്കി വല തുളച്ചു. സ്കോർ: 1-1.

നിശ്ചിത സമയത്ത് പിന്നീട് ഇരുടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. മത്സരത്തിന്‍റെ 92-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ ഫ്ലിക്ക് ചെയ്‌തത് സ്വീകരിച്ച് ലിസാൻഡ്രോ മാർട്ടിനെസ് അർജന്‍റീനയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു.

ARGENTINA VS CAPE VERDE
ARGENTINA VS CAPE VERDE (AP)

എന്നാൽ കേപ് വെർദെ അവിടെയും തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. മാക് അലിസ്റ്ററെ മനോഹരമായി ഡ്രിബിൾ ചെയ്‌ത് മാറ്റി സിഡ്‌നി ലോപ്പസ് കബ്രാൾ തൊടുത്ത കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട് അർജന്‍റീനയുടെ വലയുടെ വിദൂര കോണിലേക്ക് തുളച്ചുകയറി. ഈ ഗോൾ ടൂർണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി മാറി.

നിർഭാഗ്യം വിനയായി

അർജന്‍റീനയെ രണ്ട് തവണ സമനിലയിൽ തളച്ച കേപ് വെർദെയ്ക്ക് ഒടുവിൽ വിനയായത് സ്വന്തം പിഴവാണ്. മത്സരത്തിന്‍റെ 111-ാം മിനിറ്റിൽ ദിനേ ബോർഗസിന്‍റെ ബൂട്ടിൽ നിന്നും പിറന്ന ഒരു സെൽഫ് ഗോൾ അർജന്‍റീനയ്ക്ക് വിജയവും കേപ് വെർഡെയ്ക്ക് നിർഭാഗ്യകരമായ പുറത്താകലും സമ്മാനിച്ചു.

ARGENTINA VS CAPE VERDE
ARGENTINA VS CAPE VERDE (AP)

അഭിമാനത്തോടെ കോച്ച് ബുബിസ്റ്റ

"ഞങ്ങൾ ലോക ചാമ്പ്യന്മാരെ രണ്ട് തവണ സമനിലയിൽ തളച്ചു, മത്സരം എക്‌സ്‌ട്രാ ടൈം വരെ എത്തിച്ചു. എല്ലാറ്റിനുമുപരിയായി, ലോകകപ്പിൽ അന്തസ്സോടെ പോരാടിയ എന്‍റെ കളിക്കാരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ തനിമയും വ്യക്തിത്വവും ഫുട്ബോൾ ലോകത്തിന് കാണിച്ചുകൊടുത്തു," മത്സരത്തിന് ശേഷം കേപ് വെർദെ കോച്ച് ബുബിസ്റ്റ മാധ്യമങ്ങളോട് പറഞ്ഞു.

മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ കളിക്കാർ പരസ്പരം കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവെന്നും, വിജയത്തിന് തൊട്ടടുത്ത് എത്തിയിട്ട് കളി കൈവിട്ടതിലുള്ള സങ്കടമാണ് അവർക്കെന്നും കോച്ച് കൂട്ടിച്ചേർത്തു. തോറ്റെങ്കിലും തലയുയർത്തി, ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികളുടെ കയ്യടി ഏറ്റുവാങ്ങിയാണ് കേപ് വെർദെ മടങ്ങുന്നത്.

Also Read: കടുത്ത ചൂടിലും കരിഞ്ഞുപോകാത്ത ലാറ്റിനമേരിക്കൻ വീര്യം; ഘാനയെ പൂട്ടി കൊളംബിയ