കൗമാര വിസ്മയമായി മലയാളിതാരം ആരോണും സൂര്യവംശിയും; ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പര തൂത്തൂവാരി ഇന്ത്യ
ബെനോനിയിലെ വില്ലോമൂർ പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 393 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്

Published : January 7, 2026 at 8:51 PM IST
ബെനോനി (സൗത്ത് ആഫ്രിക്ക): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ 233 റൺസിന്‍റെ കൂറ്റൻ വിജയം നേടിയ ഇന്ത്യ അണ്ടർ-19 ടീം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി (3-0).
ബെനോനിയിലെ വില്ലോമൂർ പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 393 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 35 ഓവറിൽ 160 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെയും മലയാളി താരം ആരോൺ ജോർജിന്‍റെയും തകർപ്പൻ സെഞ്ചുറികളാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.
ബിഹാറിൽ നിന്നുള്ള പതിനാലുകാരനായ ക്യാപ്റ്റൻ വൈഭവ് സൂര്യവംശി വീണ്ടും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 74 പന്തിൽ നിന്ന് 9 ഫോറുകളും 10 സിക്സറുകളുമടക്കം 127 റൺസാണ് താരം അടിച്ചുകൂട്ടിയത്. വൈഭവിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ 227 റൺസ് കൂട്ടിച്ചേർത്ത ആരോൺ ജോർജ് 106 പന്തിൽ നിന്ന് 118 റൺസ് നേടി മികച്ച പിന്തുണ നൽകി.
വൈഭവ് സൂര്യവംശിയുടെ യൂത്ത് ഏകദിന കരിയറിലെ മൂന്നാം സെഞ്ചുറിയാണിത്. 18 മത്സരങ്ങളിൽ നിന്നായി 164.08 സ്ട്രൈക്ക് റേറ്റിൽ 973 റൺസാണ് ഈ യുവതാരം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.
394 റൺസെന്ന അസാധ്യമായ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. നാലാം ഓവറിൽ 15 റൺസെടുക്കുന്നതിനിടെ അവർക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. കിഷൻ സിങ്ങാണ് ദക്ഷിണാഫ്രിക്കൻ നിരയെ തകർത്തത്.
ജോറിച്ച് വാൻ ഷാൽക്വിക് (1), അദ്നാൻ ലഗാഡിയൻ (9), ലെതാബോ ഫഹ്‌ലമോഹ്ലക (0) എന്നിവരെ കിഷൻ പുറത്താക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഡാനിയൽ ബോസ്മാൻ (40), പോൾ ജെയിംസ് (41), കോർണേ ബോത്ത (36 നോട്ടൗട്ട്) എന്നിവർ അല്പനേരം പിടിച്ചുനിന്നെങ്കിലും വൻ തോൽവി ഒഴിവാക്കാനായില്ല. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ എൻ്റാണ്ടോ സോണി മൂന്ന് വിക്കറ്റും ജേസൺ റൗൾസ് രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരം ഡിഎൽഎസ് നിയമപ്രകാരം 25 റൺസിനും രണ്ടാം മത്സരം എട്ട് വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു.
ക്യാപ്റ്റന്‍ ആയുഷ് മഹ്‌ത്രെ പരുക്ക് കാരണം വിട്ടുനില്‍ക്കുന്നതിനാലാണ് മലയാളി താരം ആരോണ്‍ പരമ്പരയില്‍ ഓപ്പണർ ര്‍ റോളില്‍ കളിക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ മൂന്നാം നമ്പര്‍ ബാറ്ററായാണ് തിളങ്ങിയത്. മധ്യ ഓവറുകളില്‍ നങ്കൂരമിട്ട് ഇന്ത്യന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ആരോണ്‍ നാല് മല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പടെ 228 റണ്‍സ് നേടിയിരുന്നു.

