ETV Bharat / sports

മത്സരിക്കാൻ മടി കാണിച്ചു, ഒടുവിൽ കാൾസനെ തന്നെ തോൽപ്പിച്ചു; 15-കാരൻ വന്ദന്‍റെ അവിശ്വസനീയ വിജയം

കാൾസനെ അട്ടിമറിച്ച് 15-കാരൻ; ജയത്തിന് ശേഷം വീട്ടുകാരോട് പറയാതെ ഉറങ്ങാൻ പോയി.

DELHI BOY BEATS CARLSEN  DELHI BOY BEATS MAGNUS CARLSEN  VANDAN SAWAI VS MAGNUS CARLSEN  15 YEAR OLD BEATS MAGNUS CARLSEN
File Photo: Magnus Carlsen (AP)
author img

By ETV Bharat Sports Team

Published : August 27, 2026 at 1:12 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഓൺലൈൻ ചെസ് ബ്ലിറ്റ്സ് ടൂർണമെന്‍റില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഡെൽഹിയിൽ നിന്നുള്ള 15-കാരൻ. കാൻഡിഡേറ്റ് മാസ്റ്ററായ വന്ദൻ അലങ്കാർ സവായ് ആണ് ചെസ് ഇതിഹാസത്തെ പരാജയപ്പെടുത്തിയത്. എന്നാൽ തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് നേടിയിട്ടും യാതൊരു ആർഭാടവുമില്ലാതെ, ആരോടും പറയാതെ വന്ദൻ ഉറങ്ങാൻ പോവുകയായിരുന്നു. പിറ്റേന്ന് പിതാവ് ഓണ്‍ലെെനില്‍ തിരയുമ്പോഴാണ് ഈ ചരിത്രവിജയത്തെക്കുറിച്ച് കുടുംബം പോലും അറിയുന്നത്!

50 നീക്കങ്ങൾ, കാൾസന് പരാജയം

ഓഗസ്റ്റ് 18-ന് നടന്ന 'ചെസ്സ്.കോമിന്‍റെ' ടൈറ്റിൽഡ് ട്യൂസ്ഡേ (Titled Tuesday) ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലാണ് ഈ അവിശ്വസനീയമായ പോരാട്ടം നടന്നത്. ഫിഡെ ക്ലാസിക്കൽ റേറ്റിംഗിൽ 2,288 പോയിന്‍റുള്ള വന്ദൻ, 2,823 റേറ്റിംഗുള്ള കാൾസനെ 50 നീക്കങ്ങൾക്കൊടുവിലാണ് കീഴടക്കിയത്. വെള്ളക്കരുക്കളുമായി കളിച്ച വന്ദൻ തന്‍റെ പതിവ് ശൈലിയിലാണ് കളി തുടങ്ങിയത്. 5 മിനിറ്റ് മാത്രം സമയമുള്ള മത്സരത്തിൽ സമയക്രമം കൃത്യമായി പാലിച്ച് വന്ദൻ കാൾസന് മേൽ സമ്മർദ്ദം ചെലുത്തി. കളി പുരോഗമിക്കവെ കാൾസന് സംഭവിച്ച ഒരു വലിയ പിഴവ് മുതലെടുത്ത് വന്ദൻ മത്സരം സ്വന്തമാക്കുകയായിരുന്നു.

"എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു, എന്നാൽ നേടാൻ ഒരുപാടുണ്ടായിരുന്നു. അതുകൊണ്ട് ഒട്ടും സമ്മർദ്ദമില്ലാതെയാണ് ഞാൻ കളിച്ചത്. കാൾസന് പിഴവ് പറ്റിയപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി," വന്ദൻ പറഞ്ഞു. കാൾസനെ തോൽപ്പിച്ചതിന് ശേഷം രണ്ട് റൗണ്ടുകൾ കൂടി കളിച്ച വന്ദൻ, തനിക്ക് ക്ഷീണം തോന്നിയതിനെ തുടർന്ന് കളി അവസാനിപ്പിച്ചുറങ്ങാൻ പോയി.

വിജയവാർത്ത പിറ്റേന്നറിഞ്ഞ് മാതാപിതാക്കളും കോച്ചും

മുൻ ബാങ്കറായ അലങ്കാർ സവായ് പിറ്റേന്ന് ചെസ്സ്.കോം വെബ്‌സൈറ്റിൽ നോക്കിയപ്പോഴാണ് മകൻ കാൾസനെയാണ് തോൽപ്പിച്ചതെന്ന വിവരം കാണുന്നത്. വന്ദന്‍റെ മാതാവ് ഡോ. മാധുരിയാണ് കുട്ടിക്കാലത്ത് അവനെ ചെസ് കളി പഠിപ്പിച്ചത്. തുടക്കത്തിൽ ഈ ടൂർണമെന്‍റില്‍ പങ്കെടുക്കാൻ വന്ദന് മടിയായിരുന്നുവെന്നും മാതാപിതാക്കൾ നിർബന്ധിച്ചാണ് അവനെ കളിപ്പിച്ചതെന്നും അവർ പറഞ്ഞു. 7 വർഷമായി വന്ദനെ പരിശീലിപ്പിക്കുന്ന കോച്ച് ഗുർപ്രീത് പാൽ സിംഗും ഈ വിവരമറിയുന്നത് പിറ്റേന്നാണ്. വന്ദൻ കളിക്കളത്തിൽ ആക്രമണകാരിയാണെങ്കിലും വ്യക്തിജീവിതത്തിൽ അധികം സംസാരിക്കാത്ത സ്വഭാവക്കാരനാണെന്ന് കോച്ച് വ്യക്തമാക്കി.

ചെസ്സിന് അപ്പുറമുള്ള ജീവിതം

സിനിമകളോടും ഫിക്ഷൻ കഥകളോടും വന്ദനു വലിയ താല്പര്യമില്ല. ഭാവിയിൽ ചെസ് തന്നെ പൂർണ്ണസമയ കരിയർ ആക്കണമോ എന്ന കാര്യത്തിൽ വന്ദന് ഇപ്പോഴും ഉറപ്പില്ല. ചരിത്രത്തിലോ പൊളിറ്റിക്കൽ സയൻസിലോ ഉപരിപഠനം നടത്താനാണ് ഈ താരം ആഗ്രഹിക്കുന്നത്. തൽക്കാലം ഇന്‍റര്‍നാഷണൽ മാസ്റ്റർ പദവി സ്വന്തമാക്കുകയാണ് വന്ദന്‍റെ അടുത്ത ലക്ഷ്യം.

Also Read: ഇന്ത്യൻ പര്യടനം ന്യൂസിലൻഡിൽ തരംഗമാകുന്നു; വെറും 48 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞത് 26,000 ടിക്കറ്റുകൾ