കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോടഞ്ചേരി കണ്ണോത്ത് വടക്കീട്ടി തൊടി ശിഹാബ് (23) നാണ് ശിക്ഷ ലഭിച്ചത്. കോഴിക്കോട് ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയുടെതാണ് വിധി.
2020 ലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. വീട്ടുകാർ അറിയാതെ കുട്ടിയെ കൊണ്ടുപോയി എറണാകുളം, മംഗലാപുരം, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍, മാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
മാവൂർ പൊലീസ് ഇൻസ്‌പെക്‌ടർമാരായിരുന്ന ആർ അശോകൻ, കെ ജി വിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയിരുന്നത്. പിന്നീട് പൊലീസ് ഇൻസ്‌പെക്‌ടർ ആയിരുന്ന കെ വിനോദൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ ആർ എൻ രഞ്ജിത്ത് ഹാജരായി.