ശ്രീനഗർ: കശ്‍മീരിലെ കോക്കർനാഗ് വനമേഖല കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദപ്രവർത്തനം തുടച്ചുനീക്കുന്നതിനായുള്ള സൈനിക നീക്കം നാലാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് മേഖലയിലേക്ക് കടന്ന ഭീകരരെ കണ്ടെത്തുന്നതിനായാണ് സുരക്ഷ സേന തെരച്ചിൽ ആരംഭിച്ചത്. ഓപറേഷന്‍റെ പ്രാരംഭ ഘട്ടത്തിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.
4 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഓഗസ്റ്റ് 10ന് സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് സേന തെരച്ചിൽ ശക്തമാക്കുകയായിരുന്നു.
തെരച്ചിൽ ഊർജിതമാക്കുന്നതിനായി അഹ്‌ലൻ ഗാഡോൾ വനത്തിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. കശ്‍മീരിലെ ഉയർന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി ഇൻ്റലിജൻസ് വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
Also Read: കുപ്‌വാര വെടിവയ്‌പ്പ്; രണ്ട് സൈനികർക്ക് പരിക്ക്, തീവ്രവാദി കൊല്ലപ്പെട്ടു