പശ്ചിമേഷ്യന്‍ സംഘര്‍ഷം: തൊഴില്‍ നഷ്‌ട ഭീഷണിയില്‍ പ്രവാസികള്‍, കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രഹരമാകുമെന്ന് വിദഗ്ദ്ധര്‍
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ആദ്യ മിസൈല്‍ പതിച്ചത് മൂതല്‍ ഉറക്കം നഷ്‌ടപ്പെട്ട ഒരു സമൂഹമുണ്ട് ഇങ്ങ് കേരളത്തില്‍.

Published : March 2, 2026 at 3:22 PM IST
|Updated : March 5, 2026 at 5:15 PM IST
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമൈനിയുടെ വധത്തോടെ പുത്തന്‍ തലങ്ങളിലേക്ക് കടന്നിരിക്കുന്നു. ഇറാന്‍ അത്യാധുനിക മിസൈലുകള്‍ പുറത്തെടുത്ത് കഴിഞ്ഞു. അതിനെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ -അമേരിക്ക സഖ്യവും പോര്‍മുഖം തുറക്കുമെന്നുറപ്പാണ്. പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന വാര്‍ത്തകളൊന്നും തെല്ലും ആശാസ്യമല്ല. ടെഹ്‌റാനില്‍ അമേരിക്കയും ഇസ്രയേലും ആക്രമണം കടുപ്പിക്കുകയാണ്. അതനുസിച്ച് ജിസിസി രാജ്യങ്ങള്‍ക്ക് മേലുള്ള പ്രഹരം ഇറാനും ശക്തമാക്കുന്നു.
കുവൈറ്റില്‍ നിരവധി അമേരിക്കന്‍ വിമാനങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയാറല്ലെന്ന് തന്നെ ആവര്‍ത്തിക്കുകയാണ് ഇരുപക്ഷവും. യുദ്ധം നീണ്ടു പോകുന്നതോടെ ലോകം കൂടുതല്‍ കൂടുതല്‍ അരക്ഷിതത്വത്തിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന മുറവിളികള്‍ ബധിര കര്‍ണങ്ങളിലേ പതിക്കൂ എന്നുറപ്പാണ്. ഇന്ത്യ പരസ്യമായി ജിസിസി രാജ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ജിസിസിയിലുണ്ടാകുന്ന എന്ത് ചലനവും നേരിട്ട് ഏറ്റുവാങ്ങേണ്ടി വരുന്ന രാജ്യമാണ് നമ്മുടേത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
148 പിഞ്ചു പെണ്‍കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം നിരത്തി വച്ചിരിക്കുന്ന വിദ്യാലയ അങ്കണവും യുദ്ധഭൂമിയില്‍ നിന്നുള്ള മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്‌ചയായി. ആ കൊച്ച് ശവമഞ്ചങ്ങളില്‍ സ്വന്തം കുഞ്ഞുങ്ങളെ തെരയുന്ന അച്ഛനമ്മമാരും വല്ലാതെ ഹൃദയം നുറുക്കുന്നു.

ആക്രമണം തുടങ്ങിയാല്‍ അത് ഉടനെങ്ങും അവസാനിപ്പിക്കുന്ന ശീലമില്ലാത്തൊരു രാജ്യമാണ് ഇറാന്‍. ട്രംപിന്‍റെ ദുഃശാഠ്യങ്ങളും യുദ്ധം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തേടല്‍ അല്ല. മതങ്ങളെക്കുറിച്ച് ഉറക്കെ പ്രസംഗിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഈ പുണ്യമാസത്തില്‍ വലിയ മനുഷ്യക്കുരുതി നടത്തുന്നത് എന്നതും കാണാതെ പോകരുത്.

യുദ്ധം ആര് ജയിച്ചാലും തോറ്റു പോകുന്ന കുറേ മനുഷ്യരുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നത് നമ്മുടെ കൊച്ച് കേരളത്തെയാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഗള്‍ഫിലെ അമേരിക്കയുടെ സൈനികത്താവളങ്ങളില്‍ ആദ്യ മിസൈല്‍ പതിച്ച നേരം മുതല്‍ നെഞ്ചിടിപ്പോടെ വാര്‍ത്തകള്‍ പരതുന്ന കുറേ മനുഷ്യരിങ്ങ് കൊച്ചു കേരളത്തിലുണ്ട്. ഉറക്കം നഷ്‌ടപ്പെട്ട് ബന്ധുക്കളുടെ ഫോണിലേക്ക് വിളിച്ചും സന്ദേശമയച്ചും ആശങ്കകള്‍ക്ക് കൂട്ടിരിക്കുന്നവര്‍.

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച സ്ഥിതിയിലാണിവര്‍. പ്രിയപ്പെട്ടവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്ന പ്രാര്‍ത്ഥനയില്‍ കഴിയുന്ന ഇവരെ നോക്കി പല്ലിളിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്. യുദ്ധം ഇങ്ങനെ നീണ്ട് പോയാല്‍ ഈ മിസൈലുകളും ഡ്രോണുകളും ഒക്കെ വീണ് പശ്ചിമേഷ്യയിലെ വ്യവസായങ്ങള്‍ ഒക്കെയും തകര്‍ന്ന് കഴിഞ്ഞാല്‍ അവിടെ നിന്ന് വെറും കയ്യോടെ മടങ്ങേണ്ടി വരുമെന്ന ക്രൂരമായ യാഥാര്‍ത്ഥ്യം.

ഇത്തരത്തില്‍ മടങ്ങി വരുന്ന പ്രവാസികള്‍ നമ്മുടെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിക്കുന്ന കനത്ത പ്രഹരത്തിനൊപ്പം ഇവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന വലിയൊരു ചോദ്യം അധികൃതരുടെ മുന്നിലേക്കും എത്തും. മടങ്ങി വരുന്നവരില്‍ നൈപുണ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരും അല്ലാത്തവരുമുണ്ട്. പ്രായം കടന്നവരും ചെറുപ്പക്കാരുമുണ്ട്. കുടുംബത്തിന്‍റെ ബാധ്യതകള്‍ എന്ന വലിയ ചുമതലയുള്ളവരുണ്ട്.

ആക്രമണം ഇനിയും കടുത്താല്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ സമൂഹത്തെ സുരക്ഷിതമായി മടക്കിക്കൊണ്ടു വരിക എന്നത് ഒരു ഹിമാലയന്‍ ദൗത്യം തന്നെയാകുമെന്ന് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. മിസൈലുകളും ഡ്രോണുകളും പോര്‍ വിമാനങ്ങളും അസ്വസ്ഥമാക്കിയ ആകാശം പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് സൃഷ്‌ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ഇവരുടെ മടങ്ങി വരവോടെ കേരളത്തിലേക്ക് വന്ന് കൊണ്ടിരുന്ന പ്രവാസി പണത്തിന്‍റെ ഒഴുക്ക് പൂര്‍ണമായും നിലയ്ക്കും. ഇത് നമ്മുടെ സാമ്പത്തിക-സാമൂഹ്യമേഖലയില്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാര്‍ തൊഴിലെടുക്കുന്ന ഇടമാണ് പശ്ചിമേഷ്യയെന്ന് കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്‌മാബി കോളജിലെ സാമ്പത്തിക ശാസ്‌ത്ര വകുപ്പ് മേധാവി ഡോ.സനന്ദ് സദാനന്ദ് ഇടിവി ഭാരതിനോട് പറഞ്ഞു.. നാല്‍പ്പത് ലക്ഷത്തോളം ഇന്ത്യാക്കാര്‍ ഇവിടെയുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ധാരാളം തൊഴില്‍ നഷ്‌ടമുണ്ടാക്കും. കുവൈറ്റ് യുദ്ധകാലമായ 90കളുടെ തുടക്കത്തില്‍ ഉണ്ടായ പോലെ വന്‍തോതില്‍ പ്രവാസികള്‍ക്ക് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ യൂറോപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികള്‍ ഈ മേഖലയിലുള്ള യുഎഇ, ഖത്തര്‍, സൗദി പോലുള്ള രാജ്യങ്ങളാണെന്ന് ഡോ.സനന്ദ് ചൂണ്ടിക്കാട്ടുന്നു. ഇത് വലിയ തോതിലുള്ള തിരിച്ചടിയുണ്ടാക്കും. വന്‍ തോതില്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇവ. ഈ സംഘര്‍ഷങ്ങള്‍ എണ്ണ വ്യാപാരത്തെ വലിയ തോതില്‍ ബാധിക്കും. ഇത് വിലക്കയറ്റത്തിലേക്ക് ആകും നയിക്കുക. ഇന്ത്യയുടെ എണ്ണ ഉപഭോഗത്തിന്‍റെ അറുപത് ശതമാനം ഈ മേഖലയെ ആശ്രയിച്ചാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അത് വഴിയുള്ള ചരക്ക് നീക്കം തടസപ്പെടും. ഇത് എണ്ണ വിതരണത്തെയടക്കം സാരമായി ബാധിക്കും ഇത് വലിയ തോതിലുള്ള വിലക്കയറ്റത്തിലേക്ക് നയിക്കും.

എണ്ണ വിലയിലെ അസ്ഥിരത മറ്റ് മേഖലകളെയും ബാധിക്കും. സ്വര്‍ണ വില കുതിച്ചുയരും. വെള്ളി വിലയിലും മാറ്റങ്ങളുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികളായ സംസ്‌കരിച്ച എണ്ണ, അരി, പഴങ്ങള്‍ , പച്ചക്കറികള്‍ എന്നിവയെയും വന്‍തോതില്‍ ബാധിക്കും. നമ്മുടെ ബസുമതി അരിയുടെ വലിയ ഉപഭോക്താവാണ് ഇറാന്‍, ഇതിന്‍റെ കയറ്റുമതി രംഗത്തുണ്ടാകുന്ന പ്രതിസന്ധി പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളെ സാരമായി ബാധിക്കും. ഇസ്രയേലുമായി ഇന്ത്യയ്ക്ക് വ്യവസായം വര്‍ദ്ധിച്ച് വരികയായിരുന്നു. പുതിയ സംഭവ വികാസങ്ങള്‍ അതിന് തിരിച്ചടിയാകും. ഇറാന്‍റെ ഏറ്റവും വലിയ ആയുധം എണ്ണ സമ്പത്ത് തന്നെയാണ്. ഇത് വച്ചാണ് ഇറാന്‍ ലോകത്തിന് മുന്നില്‍ വിലപേശല്‍ നടത്തുക. ഇത് നേരിടാനായി ഇറാന്‍റെ എണ്ണപ്പാടങ്ങള്‍ തകര്‍ക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാകാം. ഇത് ആഗോള സമ്പദ്ഘടനയ്ക്ക് തന്നെ വലിയ തിരിച്ചടിയാകും. ഹമാസ്, ഹിസ്‌ബുള്ള, ഹൂതികള്‍ തുടങ്ങിയവയെ ഉപയോഗിച്ച് ഇറാന്‍ അമേരിക്കയുടെയും സഖ്യരാഷ്‌ട്രങ്ങളുടെയും കപ്പല്‍ ആക്രമിക്കാനുള്ള സാധ്യതകളും ഡോ. സനന്ദ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം മലയാളികളോ ഇന്ത്യാക്കാരോ തിരിച്ച് വരുന്നതിനെക്കുറിച്ചോ അത് നമ്മുടെ സമ്പദ്ഘടനയില്‍ ഏല്‍പ്പിക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചോ ചര്‍ച്ച ചെയ്യാനുള്ള സമയം ആയിട്ടില്ലെന്നാണ് സാമ്പത്തിക ശാസ്‌ത്ര വിദഗ്ദ്ധയും ദീര്‍ഘകാലം ബഹ്‌റൈനിലെ റിഫയിലുള്ള ഹവാര്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളിലെ ക്വാളിറ്റി ഹെഡുമായിരുന്ന ഡോ.അമല ആനി ജോണിന്‍റെ വിലയിരുത്തല്‍. ബഹ്‌റൈന് നേര്‍ക്ക് വന്‍തോതില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെയുള്ള സൈനികത്താവളങ്ങള്‍ മാത്രമല്ല ജനവാസ മേഖലകളും ലക്ഷ്യമിടുന്നുണ്ടെന്ന് അമല ചൂണ്ടിക്കാട്ടുന്നു.

ബഹ്‌റൈനില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന ആളെന്ന നിലയിലും പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെ ഡോ. അമല വിലയിരുത്തുന്നുണ്ട്. അവിടെ നമ്മള്‍ കാണുന്ന രണ്ടാമത്തെ ആള്‍ മലയാളി ആയിരിക്കും. മൂന്നാമത്തെ ആള്‍ തീര്‍ച്ചയായും ഇന്ത്യാക്കാരനായിരിക്കുമെന്നും അമല ചൂണ്ടിക്കാട്ടുന്നു. തന്‍റെ രണ്ടാമത്തെ വീട് പോലെയാണ് ബഹ്‌റൈനെന്നും അമല പറയുന്നു. വളരെ സമാധാനപരമായി ജീവിക്കാന്‍ കഴിയുന്ന ഇടമാണിത്. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലെ പോലെ തിരക്കുകളില്ലാത്ത ഇടമാണിത്. പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ സമാധാനപരമായി ജീവിക്കുന്നു. ഇവരെയെല്ലാം ഇത് ബാധിക്കും. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് എല്ലാം ശാന്തമായി എന്ന് അറിയിച്ചുള്ള ദീര്‍ഘ സൈറണ്‍ മുന്നറിയിപ്പ് വന്നു. എന്നാല്‍ വീണ്ടും സ്‌ഫോടന ശബ്‌ദങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.
സ്‌ത്രീകള്‍ക്ക് ഏറെ സുരക്ഷിതത്വത്തോടെ കഴിയാനാകുന്ന സ്ഥലമാണ് പശ്ചിമേഷ്യയിലെ മിക്ക സ്ഥലങ്ങളുമെന്ന് ഡോ. അമല പറയുന്നു. സ്‌ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെ ഇടപെടുന്നവരാണ് ഇവിടെയുള്ളവരെന്നും അമല പറയുന്നു. ഉയരം കൂടിയ കെട്ടിടങ്ങളിലെ ആളുകളെ ഒക്കെ ധാരാളമായി തൊട്ടടുത്തുള്ള ഒരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഓമന ജീവികളെ ഉള്‍പ്പെടെ അങ്ങോട്ടേക്ക് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം ഈ നിലയില്‍ യുദ്ധം തുടരുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നും ഡോ. അമല പറയുന്നു.

