ETV Bharat / opinion

ഇന്‍ഡോര്‍ ദുരന്തം; ജലവിനിയോഗത്തില്‍ ഒരു ദേശീയ മുന്നറിയിപ്പ്

മലിനീകരണവും മായവും ചേര്‍ന്ന ഇന്ത്യയുടെ ജല അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ വേണം നമ്മുടെ ജലദൗര്‍ലഭ്യത്തെ നോക്കിക്കാണാന്‍

INDORES TRAGEDY  GRANDIOSE SOLUTIONS  INDORE WATER CONTAMINATION  DIARRHOEA AND VOMITING
Family members of a victim, who died after consumption of allegedly contaminated water, mourn in the Bhagirathpura area of Indore, Madhya Pradesh, Friday, Jan. 2, 2026 (PTI)
author img

By C P Rajendran

Published : January 11, 2026 at 4:08 PM IST

|

Updated : January 11, 2026 at 4:47 PM IST

6 Min Read
Choose ETV Bharat

ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി വാഴ്‌ത്തപ്പെട്ടിരുന്ന ഇന്‍ഡോറിന് മേല്‍ ഇന്ന് പതിനഞ്ച് പേരുടെ ജീവനെടുക്കുകയും നിരവധി പേരെ ആശുപത്രി കിടക്കയിലാക്കുകയും ചെയ്‌ത വലിയൊരു ജലദുരന്തത്തിന്‍റെ കരിനിഴല്‍ വീണിരിക്കുന്നു. ശുദ്ധജല വിതരണ സംവിധാനത്തിലേക്ക് അഴുക്കുചാല്‍ സംവിധാനത്തില്‍ നിന്നുള്ള മാലിന്യം എത്തിയത് വഴിയാണ് നഗരത്തില്‍ വയറിളക്കവും ഛര്‍ദ്ദിയും പടര്‍ന്ന് പിടിച്ചത്.

എണ്‍പത് കിലോമീറ്റര്‍ അകലെയുള്ള നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് ഇന്‍ഡോറിലെ പ്രാഥമിക ജല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പൈപ്പ് ലൈനുകള്‍ വഴിയാണ് വെള്ളം എത്തിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വീടുകളില്‍ വെള്ളം എത്തിക്കുന്നു. വന്‍തോതിലുള്ള ജലവിതരണം മൂലം മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 കോടി രൂപയുടെ വൈദ്യുതിയാണ് പ്രതിമാസം ജലവിതരണത്തിന് മാത്രം വേണ്ടി വരുന്നത്.

ഇവിടെയാണ് വലിയൊരു ചോദ്യം ഉദിക്കുന്നത്. ഇത്രയും ദൂരെ നിന്ന് ഇന്‍ഡോറിലേക്ക് എന്തിനാണ് വെള്ളം കൊണ്ടുവരുന്നത്, പ്രാദേശികമായി ഇതിനുള്ള സംവിധാനങ്ങളില്ലേ? മുന്‍കാലങ്ങളില്‍ നഗരത്തിന്‍റെ ജല ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന ഖാന്‍, സരസ്വതി നദികള്‍ 1990കളില്‍ ആരംഭിച്ച നഗരവത്ക്കരണവും വാണിജ്യവത്ക്കരണവും മൂലം വന്‍തോതില്‍ മലിനമായിരിക്കുന്നു. ഇതിന് പുറമെ നഗരത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വെള്ളവും ഇവയില്‍ ലഭ്യമല്ല. ഈ നദികള്‍ വേനല്‍ക്കാലത്ത് വറ്റി വരളുകയും നഗരത്തിന്‍റെ വര്‍ദ്ധിച്ച് വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്‌തമല്ലാതാകുകയും ചെയ്‌തിരിക്കുന്നു. അത് കൊണ്ട് തന്നെ വലിയ ജലസമ്പത്തുള്ള നര്‍മ്മദയെ ആശ്രയിക്കേണ്ടത് നഗരത്തിന് അനിവാര്യമായിരിക്കുന്നു. സുസ്ഥിര ജല സുരക്ഷയ്ക്കായി സങ്കീര്‍ണമെങ്കിലും നര്‍മ്മദയെ നഗരം ബദല്‍ സംവിധാനമാക്കി.

മലിനീകരണ പ്രതിസന്ധി വെളിപ്പെടുത്തുന്നത് വന്‍ വീഴ്‌ച

പൈപ്പ് വഴിയുള്ള വിതരണത്തെ മാത്രമല്ല മലിനീകരണം ബാധിച്ചിരിക്കുന്നത്. മറിച്ച് മൊത്തം ജല സംവിധാനത്തെ കൂടി ഇത് ബാധിച്ചിരിക്കുന്നു. ഉപരിതല ജലത്തെയും ഭൂഗര്‍ഭ ജലത്തെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. ഇത് ഇന്‍ഡോറിന്‍റെ മാത്രം വിഷയമല്ല. വിവിധ തലങ്ങളില്‍ ജലസംവിധാനത്തിലുണ്ടാകുന്ന പാളിച്ചകളുടെ ദേശവ്യാപക പ്രശ്‌നമാണ് വെളിപ്പെടുത്തുന്നത്.

നമ്മുടെ ജലഗുണമേന്‍മ 20250ല്‍ ലോകത്തെ ഏറ്റവും വലിയ നാഗരിക ജനതയാകുമ്പോഴേക്കും വന്‍തോതില്‍ കുറയും. 1901ല്‍ പതിനൊന്ന് ശതമാനമായിരുന്ന നാഗരിക ജനത 2017ല്‍ 38ശതമാനമായി വര്‍ദ്ധിച്ചു. ഇത്തരത്തില്‍ വന്‍തോതിലുണ്ടാകുന്ന നഗരവത്ക്കരണം ഇതിനകം തന്നെ മോശമായി കഴിഞ്ഞിരിക്കുന്ന ജലവിഭവത്തെ കൂടുതല്‍ ചുരുക്കിയിരിക്കുന്നു. കാലാവസ്ഥയിലെ വ്യതിയാനങ്ങളും കാര്‍ഷികോത്പാദനം കുറഞ്ഞതും കൂടുതല്‍ ജനങ്ങളെ നഗരങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു. ഇവരെല്ലാം നമ്മുടെ പരിമിതമായ ജല സംവിധാനത്തെ ആശ്രയിക്കാനും നിര്‍ബന്ധിതരാക്കുന്നു.

പതിറ്റാണ്ടുകളായി നമ്മുടെ ഭൂഗര്‍ഭജലവിതാനം ഗണ്യമായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. വന്‍തോതില്‍ ജലം ചൂഷണം ചെയ്യുന്നത് കൊണ്ടും മഴയിലുണ്ടാകുന്ന കുറവു കൊണ്ടുമാണിത് സംഭവിക്കുന്നത്. ഹരിത വിപ്ലവത്തോടെ നെല്ല് അടക്കമുള്ള കാര്‍ഷിക വിളകള്‍ക്കായി വന്‍തോതില്‍ വെള്ളത്തിന്‍റെ ആവശ്യമുയര്‍ന്നു. അമിതമായ രാസവള ഉപയോഗവും സുസ്ഥിരമല്ലാത്ത ഖനനവും ഭൂഗര്‍ഭ ജലവിതാനം ഗണ്യമായി കുറച്ചു. ശുദ്ധജലം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കാര്‍ഷിക മേഖല ഗംഗാതടത്തിലെ ഭൂഗര്‍ഭ ജലവിതാനത്തെ പ്രതിവര്‍ഷം നാല് സെന്‍റിമീറ്റര്‍ എന്ന തോതില്‍ ഇല്ലാതാക്കി.

INDORES TRAGEDY  GRANDIOSE SOLUTIONS  INDORE WATER CONTAMINATION  DIARRHOEA AND VOMITING
Youth Congress workers stage a protest against Madhya Pradesh Cabinet Minister Kailash Vijayvargiya over the deaths and hospitalisation of people due to suspected water contamination in Indore, at Lower Lake, in Bhopal on Friday, Jan. 2 (ANI)

ഉത്തരേന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 19.2 ഗിഗാടണ്‍ ഭൂഗര്‍ഭജലം നഷ്‌ടമാകുന്നുവെന്നാണ് നാസയിലെ ഗവേഷകനായ മാത്യു റോഡെല്‍ വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം ഇന്ത്യ 7500 കോടി ക്യൂബിക് മീറ്റര്‍ വെള്ളം നാം ഉപയോഗിക്കുന്നു. അതായത് ആഗോളതലത്തിലുപയോഗിക്കുന്നതിന്‍റെ മൂന്നിലൊന്നും നമ്മളാണ് ഉപയോഗിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലകളിലാണ് ഭൂഗര്‍ഭജലവിതാനത്തില്‍ വന്‍തോതില്‍ കുറവുണ്ടാകുന്നത്.

ഈ അസന്തുലിതത്വത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ആശങ്കപ്പെടുത്തുന്നാണ്. 2030ഓടെ രാജ്യത്തെ നാല്‍പ്പത് ശതമാനം ജനതയ്ക്കും കുടിവെള്ളം കിട്ടാക്കനിയാകും. പ്രമുഖ നഗരങ്ങളിലെ ഭൂഗര്‍ഭ ജലസംഭരണികള്‍ വരണ്ട് പോകും. ഇത് ഭക്ഷ്യവിതരണത്തെ ബാധിക്കും. ഒപ്പം വിലക്കയറ്റത്തിനും സാമൂഹ്യ അസ്വസ്ഥതകള്‍ക്കും കാരണമാകും. ഇത് നയ വീഴ്‌ചകള്‍ അടക്കമുള്ളവയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ജലസംരക്ഷണമില്ലാതെ വൈദ്യുതി സബ്‌സിഡികള്‍ അടക്കമുള്ളവ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും.

ഇതിന് സമാന്തരമായി വെള്ളത്തിന്‍റെ ഗുണമേന്‍മയും ഇല്ലാതാകും. ആഗോളജല ഗുണനിലവാര സൂചികയില്‍ ഇപ്പോള്‍ തന്നെ 122 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 120മതാണ്. ഭൗമപരമായും മാനുഷികമായും മലിനീകരണം നടക്കുന്നുണ്ട് ഒഡിഷയില്‍ ഫ്ലൂറൈഡ് വിഷങ്ങള്‍ ജലത്തെ മലിനീകരിക്കുന്നു. ബംഗാള്‍ തടത്തില്‍ ആഴ്‌സനിക് വിഷവും വെള്ളത്തില്‍ ഉണ്ടാകുന്നു. ഇതെല്ലാം ജലസേചനത്തിലൂടെ ഭക്ഷ്യശൃംഖലയില്‍ കടക്കുന്നു. ഫ്ലൂറൈഡുകള്‍, നൈട്രേറ്റ്, യുറേനിയം തുടങ്ങിയവ മൂലമുള്ള വ്യാപകമായ ജല മലിനീകരണം രാജസ്ഥാന്‍ , ഡല്‍ഹി തുടങ്ങിയിടങ്ങളിലുണ്ടെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന യുറേനിയം പരിധി ഡല്‍ഹിയിലെ ഭൂഗര്‍ഭജലവിതാനത്തില്‍ 13-മുതല്‍ 15ശതമാനം വരെ കൂടുതലാണെന്നാണ് 2025ലെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് വൃക്ക, അര്‍ബുദ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പരമ്പരാഗത ജല സ്രോതസുകള്‍ വരണ്ടു കഴിഞ്ഞതിനാല്‍ മിക്ക പ്രധാന നഗരങ്ങളിലും ശുദ്ധജലം ടാങ്കറുകളിലാണ് വിതരണം ചെയ്യുന്നത്. ഈ ടാങ്കറുകളാകട്ടെ അത്യന്തം അനാരോഗ്യകരവും വൃത്തിഹീനവുമാണ്. ജല വിതരണ ടാങ്കറുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എന്ത് കൊണ്ട് 304 ഗ്രേഡ് സ്റ്റീല്‍ ടാങ്കറുകള്‍ നിര്‍ബന്ധമാക്കുന്നില്ല?

ജലദൗര്‍ലഭ്യവും മലിനീകരണവും നേരിടാന്‍ നിലവിലെ സാങ്കേതിക അശേഷം പര്യാപ്‌തമല്ല. മിക്ക വന്‍കിട നഗരങ്ങള്‍ക്കും മതിയായ മലിനജല ശുദ്ധീകരണ പ്ലാന്‍റുകളില്ല. ജലജീവന്‍ പോലുള്ള പദ്ധതികള്‍ക്ക് വന്‍തോതില്‍ പണം ചെലവിടുമ്പോള്‍ എന്ത് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും തീവ്രമാകുകയും ചെയ്യുന്നുവെന്ന മൗലികചോദ്യമാണ് ഇവിടെ ഉയരുന്നത്.

ഇന്‍ഡോര്‍ ദുരന്തം ഒരു ഒറ്റപ്പെട്ട സംഭവമല്ല മറിച്ച് ജല കൈകാര്യം ചെയ്യലില്‍ ഉണ്ടായ ദേശീയ വീഴ്‌ചയുടെ സൂചനയാണ്. പ്രതിസന്ധിയുടെ ആഴത്തിന് അനുസരിച്ച് അത് കൈകാര്യം ചെയ്‌തില്ലെങ്കില്‍ വലിയ ദുരന്തങ്ങളാകും നമ്മെ കാത്തിരിക്കുന്നത് എന്ന സൂചനയാണിത്.

വമ്പന്‍ പരിഹാരങ്ങള്‍

വന്‍തോതിലുള്ള സാങ്കേതിക പരിഹാരങ്ങള്‍ അടക്കം നമ്മുടെ രാജ്യത്തെ ജലപ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായകമായ പല മാതൃകകളും മുന്നോട്ട് വച്ചിട്ടുണ്ട്. വലിയ നദികള്‍ തമ്മില്‍ സംയോജിപ്പിക്കല്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന വലിയ പദ്ധതിയാണ്. ഭൗമ എന്‍ജിനീയറിങിലൂടെ ആന്തര ജലഅടിത്തറകള്‍ തമ്മില്‍ ബന്ധിപ്പിച്ച് നമ്മുടെ ജലനിരപ്പിലുണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമമാണിത്.

INDORES TRAGEDY  GRANDIOSE SOLUTIONS  INDORE WATER CONTAMINATION  DIARRHOEA AND VOMITING
FILE - A view of Narmada River in spate, in Madhya Pradesh's Mandla (ANI)

2016ലെ ഉജ്ജയിന്‍ മഹാകുംഭമേളയ്ക്ക്, വറ്റിപ്പോയ ക്ഷിപ്രനദിയിലേക്ക് നര്‍മ്മദ നദിയിലെ വെള്ളം പമ്പ് ചെയ്‌ത് എത്തിച്ച് നദിയെ പുനരുജ്ജീവിപ്പിച്ചത് ഇതിനൊരുദാഹരണമാണ്. 432 കോടി രൂപയുടെ പദ്ധതി ആയിരുന്നു ഇത്. 350 മീറ്ററിലേക്ക് വെള്ളം ഉയര്‍ത്തി വന്‍കിട പമ്പിങ് സ്റ്റേഷനുകളിലൂടെ അന്‍പത് കിലോമീറ്റര്‍ അകലേക്ക് എത്തിച്ചു. ഇതാണ് നമുക്ക് മുന്‍പിലുള്ള ഒരു മാതൃക. 2028ലെ ഉജ്ജയിന്‍ മഹാകുംഭമേളയ്ക്കും ഈ സങ്കേതം ഉപയോഗിക്കും.

INDORES TRAGEDY  GRANDIOSE SOLUTIONS  INDORE WATER CONTAMINATION  DIARRHOEA AND VOMITING
A woman shows a stained piece of cloth from contaminated water at Bhagirathpur area as people suffer from contaminated water, in Indore on Saturday, on Jan 3 (ANI)

എങ്കിലും വരണ്ടു പോയ നദികളെ അധിക വെള്ളമുള്ളവയുമായി ബന്ധിപ്പിക്കാമെന്ന കാഴ്‌ചപ്പാട് മൗലികമായി അബദ്ധജടിലമാണ്. ഇതിന് നാം പാരിസ്ഥിതികമായി വലിയ വില കൊടുക്കേണ്ടി വരും. നദികളുടെ പാരിസ്ഥിതിക ഫലഭൂയിഷ്‌ഠതടങ്ങളുടെ നാശത്തിനും വഴി വയ്ക്കും. ഇത്തരം പദ്ധതികളിലൂടെ ശദ്ധജലം വരണ്ട നദികളിലേക്ക് എത്തിക്കുമ്പോള്‍ കടലില്‍ നിന്ന് ഉപ്പ് വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്. പാരിസ്ഥിതിക സംവിധാനങ്ങളെയും ഇത് തകിടം മറിക്കും.

നയരൂപകര്‍ത്താക്കള്‍ അവഗണിച്ച ജലസത്യങ്ങള്‍

ഒരു നദിയിലും സൗജന്യ അധിക ജലമില്ല. വെള്ളം കടലിലേക്ക് ഒഴുകി പോകുന്നു എന്നത് ലളിതമായ ഒരു തത്വമാണ്. സങ്കീര്‍ണമായ പാരിസ്ഥിതിക-ജലതടങ്ങളെ പൂര്‍ണമായും കണ്ടില്ലെന്ന് നടിക്കുന്ന ഒരു പരിഷ്‌ക്കാരമാണിത്. ഒരു നദിയെന്നാല്‍ ഇതിന്‍റെ ഉത്ഭവ സ്ഥാനം മുതല്‍ സമുദ്രത്തില്‍ പതിക്കുന്ന ഇടം വരെ അഭംഗുരമായ ഒരു പാരിസ്ഥിതിക സംവിധാനമാണെന്ന സത്യം തിരിച്ചറിയുന്നതില്‍ ഈ പദ്ധതിയുടെ വക്താക്കള്‍ പരാജയപ്പെട്ടിരിക്കുന്നു.

ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ഇതിനകം തന്നെ വ്യക്തമാണ്. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് എന്ന അത്യാധുനിക നിര്‍മ്മിതി പൂര്‍ണമായത് മുതല്‍ നര്‍മ്മദയുടെ ഒഴുക്കില്‍ ഉണ്ടായിട്ടുള്ള പ്രത്യാഘാതങ്ങള്‍ നാം കാണുന്നതാണ്. ഇത്തരം കടന്നു കയറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഈ അണക്കെട്ട് നമുക്ക് പറഞ്ഞ് തരുന്നുണ്ട്.

INDORES TRAGEDY  GRANDIOSE SOLUTIONS  INDORE WATER CONTAMINATION  DIARRHOEA AND VOMITING
FILE - Former Madhya Pradesh Chief Minister Shivraj Singh Chouhan offering prayers at the banks of Narmada River in Sehore (ANI)

ഇന്ത്യയുടെ ജലപ്രതിസന്ധി നിയന്ത്രണത്തിന് അപ്പുറമായിരിക്കുന്നു. മോശം പാരിസ്ഥിതിക നയങ്ങളും നിയമങ്ങളുടെ അപര്യാപ്‌തതയും അഴിമതിയും എല്ലാമാണിതിന് കാരണം. ഈ പ്രതിസന്ധിയെ കടുത്ത മലിനീകരണത്തിന്‍റെയും ജലമായത്തിന്‍റെയും അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ട നമ്മുടെ ജല അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. എല്ലാ നദീതടങ്ങളിലും പാരിസ്ഥിതിക പരിഹാരങ്ങള്‍ സംവിധാനപരമായി തന്നെ തുടരണം. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പ്രാദേശിക സഹകരണത്തോടെയുള്ള ശാസ്‌ത്രീയ ദേശീയ ജലനയം നമുക്ക് ആവശ്യമാണ്.

ഈ ജലനയം ഇനിപ്പറയുന്ന കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം

  1. നാട്ടുകാരെയും ശാസ്‌ത്ര വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തുക: ഒരു പങ്കാളിത്ത ചട്ടക്കൂട് അനിവാര്യം. ജല വിദഗ്ദ്ധര്‍, എന്‍ജിനീയര്‍മാര്‍, ജൈവ ശാസ്‌ത്രജ്ഞര്‍ തുടങ്ങിയവര്‍ നാട്ടുകാരുമായി സഹകരിച്ച് ജലചക്രം നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുകയും വേണം.
  2. ഭൂഗര്‍ഭ ജല സംവിധാനം പുനരുജ്ജീവിപ്പിക്കുക: സ്വഭാവിക ജലസംഭരണം സാധ്യമാകും വിധം ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റം വരുത്തുക. വനമേഖലകളില്‍ കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്തി വനത്തിന്‍റെ ഉള്‍ക്കരുത്ത് വര്‍ദ്ധിപ്പിച്ച് ജലവിതാനം ഉയര്‍ത്തുക. ജലസംഭരണത്തിനായി ശാസ്‌ത്രീയ നിര്‍മ്മിതികള്‍ നടത്തുക, അമിതമായ ജലചൂഷണത്തിന് പകരം ശാസ്‌ത്രീയമായി ജലവിനിയോഗത്തില്‍ ഏര്‍പ്പെടുക.
  3. ശക്തമായ നയങ്ങള്‍ നടപ്പാക്കുക: നദീ സംരക്ഷണ ഫണ്ട് രൂപീകരിക്കുക, സാമൂഹ്യ അടിസ്ഥാനത്തിലുള്ള ഭൂഗര്‍ഭ ജലവിതാനനിരപ്പ് സംരക്ഷണ മാര്‍ഗങ്ങള്‍ വിദഗ്ദ്ധരുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ നടപ്പാക്കുക, കര്‍ഷകരുമായി സംവദിച്ച് കാര്യക്ഷമമായ ജലസേചന മാര്‍ഗങ്ങള്‍ നടപ്പാക്കുക.
  4. ജലപുനരുപയോഗം പ്രോത്സാഹിപ്പിക്കുക; ഉപയോഗിച്ച വെള്ളം വീണ്ടും ഉപയോഗിക്കാനുള്ള പദ്ധതികള്‍ വന്‍തോതില്‍ നടപ്പാക്കുക. ഇതിനായി വെള്ള സംസ്‌കരണ മാര്‍ഗങ്ങള്‍ നടപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും നിയന്ത്രണമില്ലായ്‌മയും മൂലം വന്‍തോതില്‍ വലിയൊരു വിഭവം നമുക്ക് നഷ്‌ടമാകുന്നുണ്ട്.

ഇത്തരം പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യയുടെ ജലഭാവിയും ഇതിന് അനുബന്ധമായുള്ള ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും സാമൂഹ്യ സുസ്ഥിരതയും തികച്ചും അപകടത്തിലാകും.

(ലേഖനത്തിലെ അഭിപ്രായങ്ങള്‍ പൂര്‍ണമായും ലേഖകന്‍റേതാണ്. ഇതിലെ അഭിപ്രായങ്ങളും വസ്‌തുതകളും ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകളല്ല.)

Last Updated : January 11, 2026 at 4:47 PM IST