പ്രതിസന്ധിക്കുമപ്പുറം; ഇന്ത്യയ്ക്ക് വേണം ജലപരമാധികാരം ഇപ്പോള്‍ തന്നെ... എന്ത് കൊണ്ട്?
രാജ്യത്തിന്‍റെ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ വേണ്ടത് പരമ്പരാഗത ജലസംരക്ഷണമാതൃകകളുടെ വീണ്ടെടുപ്പ്.

Published : January 8, 2026 at 7:01 AM IST
|Updated : January 8, 2026 at 10:55 AM IST
പുതുവര്‍ഷം പിറന്നത് നമുക്ക് ഒഴിവാക്കാനാകാവുന്ന മൂന്ന് ജല മലിനീകരണ ദുരന്തങ്ങളോടെയാണ്. ഇന്ദോറില്‍ പത്ത് ജീവനുകളെടുത്ത ദുരന്തമാണ് അതില്‍ ഒന്ന്. പതിനായിരങ്ങളെ ഈ ദുരന്തം ഇനിയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലുണ്ടായതാണ് മറ്റൊന്ന്. നഗരത്തിലെ വെള്ളം കുടിച്ച് നൂറിലേറെ പേര്‍ക്ക് ടൈഫോയ്‌ഡ് ബാധിച്ചു. മൂന്നാമത്തേത് ബംഗളുരുവില്‍ നിന്നുമാണ്. കുടിവെള്ളത്തിന് അഴുക്കുചാലില്‍ നിന്നുള്ള ദുര്‍ഗന്ധമുണ്ടായതായി ആളുകള്‍ പരാതിപ്പെടുന്നു.
നഗരമേഖലകളിലുണ്ടായ ഈ സംഭവങ്ങള്‍ രാജ്യത്തെയും വിദഗ്ദ്ധരെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ നഗരമെന്ന ഖ്യാതിയുള്ള ഇന്ദോറിനും ശുചിത്വത്തിനും ഹരിതാഭയ്ക്കും പേര് കേട്ട ബെംഗളുരു നഗരത്തിനുമുണ്ടായ ഈ ദുര്യോഗം ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്. ഗാന്ധിനഗറാകട്ടെ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തിന്‍റെ തലസ്ഥാനവും.
Also Read: ഇന്‍ഡോര്‍ മലിനജല ദുരന്തം; ശുചീകരണ യജ്ഞത്തിന് തുടക്കം, വാട്ടര്‍ ടാങ്കുകള്‍ ശുദ്ധീകരിച്ചു
നഷ്‌ടമായ ജീവിതങ്ങളും നിരപരാധികളായ ഇന്ത്യാക്കാരുടെ വേദനകളും അങ്ങേയറ്റം ദുഃഖകരമാണ്. നഷ്‌ടപരിഹാരങ്ങള്‍ പ്രഖ്യാപിച്ചെന്നത് നല്ല കാര്യം തന്നെ. എന്നാല്‍ പണം മാത്രമല്ല നാം ഇവര്‍ക്ക് നല്‍കേണ്ട നീതി. രാഷ്‌ട്രീയ ചെളിവാരിയെറിയലിനുള്ള അവസരമായി ഇതിനെ മാറ്റാതെ നമ്മുടെ ദേശീയ ജല പദ്ധതികളെ വിലയിരുത്തേണ്ട സമയമാണിത്. ഇനിയും ഇത്തരത്തില്‍ മലിനജലം മൂലം ഒരൊറ്റ ജീവന്‍ പോലും പൊലിയുന്നില്ല എന്നുറപ്പ് വരുത്തേണ്ട വേളയും.
മരണകാരണങ്ങള്‍ കാര്യമായി തന്നെ അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ ജലവിനിയോഗത്തില്‍ ഉണ്ടായിട്ടുള്ള വീഴ്‌ചകള്‍ ഈ മൂന്ന് സംഭവത്തിലും ഉണ്ടോയെന്നും പരിശോധിക്കണം. രാജ്യത്തെ ശുദ്ധജലവിതരണത്തിനുള്ള ജലജീവന്‍ ദൗത്യം വലിയ ചോദ്യചിഹ്‌നത്തിലായിരിക്കുന്നു. പദ്ധതിയ്ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം നാം 67,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീഴ്‌ച പറ്റിയ ഇടങ്ങള്‍ കണ്ടെത്തണം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ദ്ധരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശിക്ഷിക്കണം. ഈ മൂന്ന് സംഭവങ്ങള്‍ നമ്മുടെ നഗരങ്ങളിലെ ജലവിതരണ സംവിധാനത്തിന് നേരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ നമ്മെ കാത്ത് ഒരു കൊടുംവേനല്‍ വരാനുണ്ട്. വെള്ളത്തിന് ആവശ്യമേറുകയും ലഭ്യത കുറയുകയും ചെയ്യുന്ന വേനല്‍ക്കാലം.
സര്‍ക്കാര്‍ നമ്മുടെ ജല പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ ചില നടപടികളെടുത്ത് തുടങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളിലെ ജല സംരക്ഷണത്തിനും ജലപുനരുത്പാദനത്തിനുമായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗിച്ചിരുന്നു. ചില ജില്ലകളില്‍ അറുപത് ശതമാനം ഫണ്ട് ജല വിഭവ ജോലികള്‍ക്കായി വിനിയോഗിക്കപ്പെട്ടു.

2030ഓടെ നമ്മുടെ ജനതയുടെ പകുതിയും കടുത്ത ശുദ്ധജല ക്ഷാമം നേരിടുമെന്ന് കഴിഞ്ഞ കൊല്ലങ്ങളില്‍ നീതി ആയോഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലിനീകരണം, മായം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ നമ്മുടെ ജലദൗര്‍ലഭ്യം വര്‍ദ്ധിപ്പിക്കുന്നു. 2025-26 ശൈത്യകാലത്ത് , അതിന് തൊട്ടുമുമ്പുള്ള മഴക്കാലത്ത് നല്ല രീതിയില്‍ മഴ കിട്ടിയിരുന്നെങ്കിലും ഹിമാലയന്‍ മേഖലകളില്‍ മഞ്ഞ് കുറവായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹിമാചല്‍, ഉത്തരാഖണ്ഡ് മേഖലകളിലെ പലനിരകളില്‍ മഞ്ഞ് കാണാനേയില്ല. ജല മലിനീകരണവും നദികളിലെ അനധികൃത ഖനനവും കയ്യേറ്റവും നമ്മുടെ ഉപരിതല ജലവിതാനം കുറച്ചിരിക്കുന്നു. കാര്‍ഷികരംഗത്തെ വാണിജ്യവത്ക്കരണവും വരള്‍ച്ചയുള്ള കാര്‍ഷിക മേഖലകളില്‍ നെല്ല്, കരിമ്പ് തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികളും ഭൂഗര്‍ഭ ജലവിതാനവും കുറയുന്നതിലേക്ക് നയിക്കുന്നു.
ചുരുക്കത്തില്‍ നാം ആദ്യം നമ്മുടെ വെള്ളം ദുരുപയോഗം ചെയ്യുന്നു. രണ്ടാമതായി അമിതമായി നാം വെള്ളം മലിനീകരിക്കുന്നു. കാലാവസ്ഥ വ്യതിയാനം കൂടിയാകുമ്പോള്‍ നമ്മുടെ ജലക്ഷാമം പൂര്‍ണമാകുന്നു. ജനങ്ങളുടെ ഉപയോഗത്തിനും കാര്‍ഷിക-വ്യവസായിക ആവശ്യങ്ങള്‍ക്കും വന്‍തോതില്‍ ഓരോ വര്‍ഷവും വെള്ളം വേണ്ടി വരുന്നുണ്ട്.

എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ നല്‍കിയും നദികളെ സംയോജിപ്പിച്ചും ജലവിതരണം താത്ക്കാലികമായി ഉറപ്പാക്കാന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ ഇതിലൂടെ നമുക്ക് ശുദ്ധജലം ഉറപ്പാക്കാനാകുന്നില്ല. സമകാലീന സംഭവങ്ങള്‍ നല്‍കുന്ന സൂചനയും ഇത് തന്നെയാണ്. വിഷം പോലും നമ്മുടെ സര്‍ക്കാര്‍ പൈപ്പുകളിലൂടെ നമ്മുടെ വീട്ടകങ്ങളിലേക്ക് എത്താം. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ നമുക്കൊരു പുത്തന്‍ കാഴ്‌ചപ്പാട് അനിവാര്യമാണ്.
പുത്തന്‍ കണ്ടെത്തലുകളിലേക്ക് പോകാതെ ഗ്രാം സ്വരാജ് എന്ന ഗാന്ധിയന്‍ കാഴ്‌ചപ്പാടിലേക്കുള്ള മടക്കമായിരിക്കും ഇതിന് നല്ലത്. നമ്മുടെ രാജ്യത്തെ ജലവിനിയോഗത്തില്‍ നമുക്ക് ഒരു പിന്‍നടത്തം ആവശ്യമാണ്. കേന്ദ്രീകരിക്കലിനോ സ്വകാര്യവത്ക്കരണത്തിനോ പകരം ഇന്ത്യയ്ക്ക് ആവശ്യം സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികേന്ദ്രീകൃത ജലവിനിയോഗമാണ് ആവശ്യം. ഇതിനായി നൂതന സാങ്കേതികതകളും നമുക്ക് ഉപയോഗിക്കാം. ഇങ്ങനെ മാത്രമേ നമുക്ക് ജല സ്വരാജ്, അഥവ ജല പരമാധികാരം അഥവ ജല സ്വയം പര്യാപ്‌തത കൈവരിക്കാനാകൂ. ഒപ്പം നമ്മുടെ സമൂഹത്തിന് ശുദ്ധജലം ഉറപ്പാക്കുക എന്നതും.
ഗ്രാമതലത്തില്‍ ഓരോ ഗ്രാമത്തിനും ബ്ലോക്കിനും പ്രദേശത്തെ പുഴകളെയും ജലസ്രോതസുകളെയും സംരക്ഷിക്കാനും മഴവെള്ള സംഭരണം നടത്താനുമുള്ള പ്രാദേശിക ചുമതലകള്‍ നല്‍കുക. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ ഇതിനായി ധനസഹായവും ഉറപ്പാക്കുക.സാധ്യമെങ്കില്‍ വിവിധ ഗ്രാമങ്ങളെ സംയോജിപ്പിച്ച് ജലസംഭരണികളുടെ ഒരു ശൃംഖല സൃഷ്‌ടിക്കുക. ഇതിലൂടെ മഴയുടെ അവസാന തുള്ളിയും സംരക്ഷിക്കുക. ഇത് വഴി ഭൂഗര്‍ഭ ജലവിതാനം ചുരുങ്ങിയ സമയം കൊണ്ട് വര്‍ദ്ധിപ്പിക്കാനാകും. ഇത് വളരെ ചെലവ് കുറഞ്ഞ രീതിയുമാണ്. ചെളികൊണ്ടോ മറ്റോ ഉള്ള സംവിധാനം മതിയാകും. പരമ്പരാഗത ജലസംരക്ഷണ സങ്കേതങ്ങള്‍ ഇതിനായി ഉപയോഗിക്കാം. വെള്ളത്തെ ഭൂമിക്കടിയിലേക്ക് താഴാന്‍ അനുവദിക്കാം. ഇതിലൂടെ ഭൂമിക്കടിയിലൂടെയുള്ള ജലവിതരണം ഉറപ്പാക്കി ഭൂമിയുടെ ആര്‍ദ്രതയും ഉറപ്പാക്കാം.

ജില്ലാതലത്തില്‍ വിവിധ ബ്ലോക്കുകളെ സംയോജിപ്പിച്ചുള്ള ശൃംഖലയാകാം. നഗരമേഖലകളില്‍ ഉപരിതലത്തില്‍ കൂടുതല്‍ വെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളൊരുക്കാം. വികേന്ദ്രീകൃത സാമൂഹ്യ ജലപുനരുജ്ജീവന മാര്‍ഗങ്ങളിലൂടെ ഓരോ ജില്ലയിലും വെള്ളം സംഭരിച്ചാല്‍ നഗരമേഖലകളിലെ ജല ആവശ്യങ്ങള്‍ പരിഹരിക്കാം. ബ്ലോക്ക് തലത്തില്‍ ഗ്രാമപ്രതിനിധിയാകണം വെള്ളത്തിന്‍റെ ഗുണമേന്‍മ ഉറപ്പാക്കേണ്ടത്. വെള്ളത്തിലൂടെയുള്ള എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ മൊബൈല്‍ ഫോണ്‍ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ഉണ്ടാകണം.
നമ്മുടെ സംസ്‌കാരത്തിന്‍റെ പാരിസ്ഥിതിക-ജനാധിപത്യ ബോധം ഉണ്ടായാല്‍ മാത്രമേ നമുക്ക് ജലസ്വരാജ് അഥവ ജലപരമാധികാരത്തിലേക്ക് എത്താനാകൂ. നമ്മള്‍ പഴയ കുളങ്ങളും തടാകങ്ങളും പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നു. ചെറുകുളങ്ങളിലൂടെ വീണ്ടെടുപ്പിലൂടെ നമ്മുടെ പുഴകളെ വീണ്ടും ഒഴുകാന്‍ അനുവദിക്കണം. മരുവത്ക്കരിക്കപ്പെട്ട ഇടങ്ങളെല്ലാം വനങ്ങളാക്കി മാറ്റണം. പ്രകൃതിയെ വീണ്ടെടുത്താല്‍ നമ്മുടെ ജലലഭ്യതയും വര്‍ദ്ധിപ്പിക്കാനാകും.
നമ്മുടെ കൃഷിയിടങ്ങളെ വെള്ളം കുടിച്ച് വറ്റിക്കുന്നവരില്‍ നിന്ന് വെള്ളം ശേഖരിക്കുന്നവയാക്കി മാറ്റിയെടുക്കാം. നമ്മുടെ മണ്ണിനെ ജൈവ മാര്‍ഗങ്ങളിലൂടെ ഫലഭൂയിഷ്‌ഠമാക്കിയാല്‍ ഇവയുടെ ജലശേഖരണ ശേഷി നമുക്ക് ക്രമേണ വര്‍ദ്ധിപ്പിക്കാനാകും. ശക്തമായ ജലനയത്തിന്‍റെ കീഴില്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.
ഭാവിയിലെ നഗരാസൂത്രണത്തില്‍ എല്ലാ നഗരയിടങ്ങളിലും മഴവെള്ളക്കൊയ്‌ത്ത് സംഭരണികള്‍ ഉണ്ടായിരിക്കണം. നഗരയിടങ്ങളെല്ലാം കോണ്‍ക്രീറ്റ്വത്ക്കരിക്കുന്നതിനാല്‍ മഴവെള്ളം അഴുക്കുചാലിലേക്ക് ഒഴുകിപ്പോയ്ക്കൊണ്ടിരിക്കുകയാണ്. ഇത് മൂലം വെള്ളം ഭൂമിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുമില്ല. അത് കൊണ്ട് തന്നെ നഗരമേഖലകളില്‍ ഭൂമിയില്‍ വെള്ളം ശേഖരിക്കപ്പെടുന്നില്ല.
ജലപരമാധികാര ഇന്ത്യയായി നമ്മുടെ രാജ്യത്തെ മാറ്റിയെടുക്കണമെന്ന മുന്നറിയിപ്പാണ് നീതി ആയോഗ് നല്‍കുന്നത്. നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള അറിവുകള്‍ ഇതിനായി ഉപയോഗിക്കണം. വലിയ അണക്കെട്ടുകളോ വമ്പന്‍ ജല പദ്ധതികളോ നിര്‍മ്മിക്കേണ്ട സമയമല്ലിത്. ചെറുകുളങ്ങളെ വീണ്ടെടുക്കാനും സാമൂഹ്യാധിഷ്‌ഠിത വികേന്ദ്രീകൃത ജലപുനരജ്ജീവന നടപടികള്‍ക്കുമുള്ള സമയമാണിത്.

