ETV Bharat / opinion

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇൻഡോറിലെ കുടിവെള്ളം എങ്ങനെ മരണക്കെണിയായി? നഗര റാങ്കിങ്ങിലെ പോരായ്‌മകളെ കുറിച്ച്...

ഇന്ത്യയിലെ നഗരങ്ങള്‍ക്ക് എങ്ങനെയാണ് റാങ്ക് നല്‍കുന്നത്? ഇതിലെ പോരായ്‌മകളെ കുറിച്ച് ബംഗാളിലെ വിശ്വഭാരതി ശാന്തിനികേതൻ സര്‍വകലാശാലയിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫസര്‍ സൗമ്യദീപ് ചതോപാധ്യായ എഴുതുന്നു.

INDIA CITY RANKINGS PARADOX  INDORE CONTAMINATED WATER CRISIS  INDIA TOP CITIES  INDIAN CITIES RANKING INDEX
A man drinks water from a tanker amid the water crisis at Bhagirathpura, in Indore, on January 3, 2026. A public toilet without the mandatory septic tank, built on top of an ageing pipeline, was initially pinpointed as the source of contamination. (PTI)
author img

By Soumyadip Chattopadhyay

Published : January 24, 2026 at 6:42 PM IST

2 Min Read
Choose ETV Bharat

മീപകാലത്തായി രാജ്യത്തെ നഗരങ്ങളെ ശുചിത്വം, ജീവിതസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന രീതി വർധിച്ചുവരികയാണ്. സര്‍ക്കാര്‍ തലത്തിലും സ്വതന്ത്ര ഏജൻസികൾ വഴിയും നടത്തുന്ന ഈ റാങ്കിങ്ങുകൾ, നഗരഭരണത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കാനും നയരൂപീകരണത്തിനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

നഗരങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ അധികൃതരെ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാൽ, ഈ വിലയിരുത്തലുകൾ പലപ്പോഴും യഥാർത്ഥ പ്രശ്‌നങ്ങളെ മൂടിവയ്ക്കു‌ന്നു എന്നതാണ് വാസ്‌തവം. ഒരു നഗരത്തിന് എങ്ങനെയാണ് മികച്ച റാങ്കിങ് നല്‍കുന്നത് എന്നതിൻ്റെ മാനദണ്ഡങ്ങളും പരിശോധിക്കേണ്ടതുണ്ട്. നമുക്ക് ചില യഥാര്‍ഥ്യങ്ങളിലേക്ക് കടക്കാം.

ഇൻഡോറിലെ കുടിവെള്ള ദുരന്തം നൽകുന്ന പാഠം

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിലുണ്ടായ കുടിവെള്ള മലിനീകരണവും തുടർന്നുള്ള മരണങ്ങളും ഈ റാങ്കിങ്ങുകളുടെ പോരായ്‌മ വ്യക്തമാക്കുന്നു. അശാസ്ത്രീയമായി നിർമിച്ച ശുചിമുറിയിൽ നിന്നുള്ള മാലിന്യം കുടിവെള്ള പൈപ്പുകളിൽ കലർന്നതാണ് ഈ ദുരന്തത്തിന് കാരണമായത്. ജീവിതസൗകര്യങ്ങളുടെ സൂചികയിൽ മുൻപന്തിയിലുള്ള ഒരു നഗരത്തിന് പ്രാഥമികമായ ശുദ്ധജല വിതരണത്തിൽ പോലും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയുന്നില്ല എന്നത് റാങ്കിങ്ങുകളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ വിടവിനെയാണ് സൂചിപ്പിക്കുന്നത്.

2025 ഡിസംബർ അവസാന വാരം മുതൽ മധ്യപ്രദേശിലെ ഇൻഡോറിൽ ഉണ്ടായ ഗുരുതരമായ കുടിവെള്ള മലിനീകരണത്തെയാണ് ഇൻഡോർ കുടിവെള്ള ദുരന്തം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിൽ ഇത്തരമൊരു ദുരന്തം ഉണ്ടായത് രാജ്യമൊട്ടാകെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. ദുരന്തത്തില്‍ കുട്ടികള്‍ അടക്കം 23 ഓളം പേര്‍ മരിച്ചിരുന്നു.

റാങ്കിങ്ങിലെ പോരായ്‌മകൾ

ശുചിമുറികളുടെ എണ്ണം, മാലിന്യശേഖരണ വാഹനങ്ങളുടെ വിന്യാസം തുടങ്ങിയ ഭൗതികമായ കണക്കുകൾക്കാണ് റാങ്കിങ്ങിൽ കൂടുതൽ മാർക്ക് നൽകുന്നത്. എന്നാൽ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണത്തേക്കാൾ ഉപരിയായി, നഗരം കാഴ്ചയിൽ വൃത്തിയായി ഇരിക്കുന്നതിനാണ് അധികൃതർ ഊന്നൽ നൽകുന്നത്.

അധികാരമില്ലായ്‌മയും ഉത്തരവാദിത്തവും: നഗരസഭകൾക്ക് പലപ്പോഴും പൂർണമായ അധികാരമില്ല. 74-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷവും പല നഗരസഭകൾക്കും സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമില്ല. വർഷങ്ങളായി നവീകരിക്കാത്ത പഴക്കമുള്ള പൈപ്പ് ലൈനുകൾ മാറ്റാൻ വൈകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായി. പൈപ്പ് ലൈൻ മാറ്റാനുള്ള ഫയൽ നേരത്തെ തന്നെ അധികൃതരുടെ പക്കൽ ഉണ്ടായിരുന്നുവെങ്കിലും നടപടികൾ വൈകിപ്പിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജനാധിപത്യപരമായ പങ്കാളിത്തത്തിൻ്റെ അഭാവം: വാർഡ് കമ്മിറ്റികൾ വഴിയുള്ള നേരിട്ടുള്ള ജനപങ്കാളിത്തത്തിന് പകരം മൊബൈൽ ആപ്പുകൾ വഴിയുള്ള ഫീഡ്‌ബാക്കിനാണ് റാങ്കിംഗിൽ പ്രാധാന്യം നല്‍കിയത്. സാങ്കേതിക സൗകര്യങ്ങളില്ലാത്ത സാധാരണക്കാരെയും ചേരിപ്രദേശങ്ങളിലെ താമസക്കാര്‍ക്കും ഇത്തരം സര്‍വേകളില്‍ പങ്കെടുക്കാൻ സാധിക്കില്ലയെന്നത് റാങ്കിങ്ങിനെ ബാധിക്കും.

പരിഹാരമാർഗങ്ങൾ

വസ്‌തുനിഷ്‌ഠമായ വിവരശേഖരണം നയരൂപീകരണത്തിന് അത്യാവശ്യമാണെങ്കിലും, റാങ്കിങ്ങുകൾ കൂടുതൽ അർത്ഥവത്താകാൻ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്:

യഥാർത്ഥ ഗുണനിലവാരം അളക്കുക: അടിസ്ഥാന സൗകര്യങ്ങളുടെ എണ്ണം നോക്കുന്നതിന് പകരം ശുദ്ധജലത്തിൻ്റെ ലഭ്യത, പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്കരണം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയ്ക്ക് മുൻഗണന നൽകണം.

വികേന്ദ്രീകൃത വിവരശേഖരണം: നഗരത്തിലെ ഓരോ വാർഡിലുമുള്ള ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ വ്യക്തമാക്കുന്ന തരത്തിലുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.

സ്വയം പുരോഗതി വിലയിരുത്തുക: മറ്റ് നഗരങ്ങളുമായുള്ള താരതമ്യത്തേക്കാൾ, ഓരോ നഗരവും മുൻവർഷങ്ങളെ അപേക്ഷിച്ച് എത്രത്തോളം പുരോഗതി കൈവരിച്ചു എന്ന് വിലയിരുത്തണം.

അധികാര വികേന്ദ്രീകരണം: നഗരസഭകൾക്ക് സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം ഉറപ്പാക്കിയാൽ മാത്രമേ അവർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ കഴിയൂ. കേവലം പ്രകടനപരതയിൽ ഊന്നിയുള്ള റാങ്കിങ്ങുകൾക്ക് പകരം, സാധാരണക്കാരൻ്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് നമ്മുടെ നഗരങ്ങൾക്ക് ആവശ്യം.

Also Read: