10,000 രൂപയ്‌ക്ക് തുടങ്ങി ഇന്ന് കോടികളുടെ വിറ്റുവരവിൽ; 8-ാം ക്ലാസുകാരി വിജയക്കൊടി പാറിച്ചത് ഇങ്ങനെ...
2017 ൽ തുടക്കം കുറിച്ച ചെറുകിട പദ്ധതിയാണ് ഇന്ന് കോടികളുടെ വരുമാനത്തിൽ എത്തി നിൽക്കുന്നത്. ഇന്ന് ഏറെ ജനപ്രിയമായ 'ദീദി ചിപ്‌സ്' അതേ വിശ്വാസ്യതയോടെ നിലനിൽക്കുന്നു.

Published : March 4, 2026 at 12:55 PM IST
|Updated : March 4, 2026 at 3:54 PM IST
ഭോപ്പാൽ: എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ചിന്താമണിയുടെ വരുമാനം കേട്ടാൽ കണ്ണുതള്ളും. നിന്നെക്കൊണ്ടൊന്നും കഴിയില്ല എന്നൊക്കെപ്പറയുന്നത് കേട്ട് വിഷമിച്ചിരിക്കേണ്ട കാര്യമില്ല. ഈ കഥയൊന്നു വായിച്ചു നോക്കൂ... ഇതിലും വലിയ മോട്ടിവേഷൻ ഇനി കിട്ടാനില്ല.
മധ്യപ്രദേശിലെ ദേവദാസ് ജില്ലയിലെ ദത്തോതർ ഗ്രാമത്തിൽ നിന്നുള്ള ചിന്താമണി പതിദാർ ആണ് ഇവിടെ നായിക. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ചിന്താമണി ഇന്ന് 5.05 കോടി രൂപയുടെ വിറ്റുവരവുള്ള ഒരു കമ്പനിയാണ് മുന്നോട്ട് നയിക്കുന്നത്. നിലവിൽ ഏറെ ജനപ്രിയമായ ബ്രാൻഡുകളിലൊന്നായ 'ദീദി ചിപ്‌സ്' എന്ന സംരംഭത്തിന് പിന്നിൽ ചിന്താമണിയുടെ കഠിന പ്രയത്നങ്ങളുണ്ട്.
മധ്യപ്രദേശിന് പുറമെ കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ, ചെയർമാൻ കം മാനേജിങ് ഡയറക്‌ടറാണ് ഇന്ന് ചിന്താമണി. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദരങ്ങളും ഇവർ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ന് കമ്പനിക്ക് 608 ലധികം ഓഹരി ഉടമകളുണ്ട്. ചിന്താമണിക്ക് കേന്ദ്രത്തിൽ നിന്ന് 11.72 ലക്ഷം രൂപയുടെ സഹായവും ലഭിച്ചുവരുന്നു.
വിജയക്കൊടി പാറിച്ച സംരംഭം
ചിന്താമണിയുടെ ജന്മനാടായ ദത്തോതർ പ്രദേശത്ത് നല്ല ഉരുളക്കിഴങ്ങ് കൃഷിയുണ്ടായിരുന്നു. മുൻപ് കർഷകർ കിലോയ്ക്ക് 10 രൂപയ്ക്ക് ഉരുളക്കിഴങ്ങ് വിറ്റിരുന്നു. ഇത് ചിന്താമണിയുടെ ശ്രദ്ധയിൽപ്പെട്ടു. അന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശം തേടുകയുണ്ടായി. തുടർന്ന് ഒരു സംരംഭത്തെക്കുറിച്ച് ചിന്താമണി ചിന്തിച്ചു. ഉരുളക്കിഴങ്ങിൽ നിന്ന് ചിപ്‌സ് ഉണ്ടാക്കുന്നത് വരുമാനം ഗണ്യമായി വർധിപ്പിക്കുമെന്ന് ചിന്താമണി മനസിലാക്കി. അങ്ങനെ ആക്‌സസ് ഡെവലപ്‌മെൻ്റ് സർവീസസിൻ്റെ പിന്തുണയോടെ ഒരു ഉരുളക്കിഴങ്ങ് ചിപ്‌സ് യൂണിറ്റ് സ്ഥാപിച്ചു.
2017 ജൂലൈയിൽ വെറും പതിനായിരം രൂപയ്‌ക്ക് തുടങ്ങിയ ആ പദ്ധതിയാണ് ഇന്ന് കോടികളുടെ വിറ്റുവരവിൽ എത്തി നിൽക്കുന്നത്. യൂണിറ്റ് സ്ഥാപിച്ചതിന് ശേഷം ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഫാർമർ പ്രൊഡ്യൂസർ കമ്പനി പദ്ധതി പ്രകാരമാണ്, ഉരുളക്കിഴങ്ങ് ചിപ്‌സ് നിർമിക്കുന്ന ഒരു വാണിജ്യ സംരംഭത്തിലേയ്‌ക്ക് കടന്നത് എന്ന് ചിന്താമണി പറയുന്നു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം, ഉത്‌പ്പന്നം 'ദീദി ചിപ്‌സ്' എന്ന ബ്രാൻഡായി അഭിവൃത്തി പ്രാപിച്ചു. ഇന്ന് വിജയഗഞ്ച് മണ്ഡി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ ഉത്‌പ്പന്നങ്ങൾ ഇന്ത്യയിൽ വിറ്റഴിഞ്ഞ് പോകുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"2017 ജൂലൈയിൽ കൃഷ്‌ണ സ്വയം സഹായ ഗ്രൂപ്പിൽ ചേർന്നത് എൻ്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. അന്ന് വരെ ചെയ്‌തുകൊണ്ടിരുന്ന തൊഴിലുകൾ ഉപേക്ഷിച്ച് കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്നിട്ടും ഞാൻ ബിസിനസ് ലോകത്തേയ്‌ക്ക് പ്രവേശിച്ചിക്കുകയായിരുന്നു", - ചിന്താമണി ഇടിവി ഭാരതിനോട് പറഞ്ഞു.
ജീവിതത്തിൽ ഒരുപാട് പോരാടിയാണ് ചിന്താമണി ഇവിടെ വരെ എത്തിനിൽക്കുന്നത്. നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് തൻ്റെ ഗ്രാമമെന്ന് ചിന്താമണി പറയുന്നു. ദിവസവും ആറുകിലോമീറ്റർ നടക്കുമായിരുന്നു. സാമൂഹത്തിൽ നിന്നുള്ള കുത്തുവാക്കുകളും പരിമിതമായ വിദ്യാഭ്യാസവും വലിയ വെല്ലുവിളികളായിരുന്നു. പക്ഷേ കുടുംബം എപ്പോഴും അവർക്കൊപ്പം നിന്നു എന്ന് ചിന്താമണി അഭിമാനത്തോടെ പറയുന്നു.
ബ്രാൻഡിന് പിന്നിൽ സ്‌ത്രീകൾ
'ദീദി ചിപ്‌സ്' എന്ന പേര് ബ്രാൻഡിന് തെരഞ്ഞെടുത്തത് അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികളും സ്ത്രീകളായതുകൊണ്ടാണെന്ന് ചിന്താമണി പറയുന്നു. ഇന്ന് 20 മുതൽ 25 സ്‌ത്രീകൾ യൂണിറ്റിൽ ജോലി ചെയ്യുന്നു. ഇതിലൂടെ സംരംഭം അഭിവൃദ്ധിപ്പെടുത്താൻ ശ്രമിക്കുക മാത്രമല്ല, ലാഭകരമായ കൃഷിയിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുകയും നൂറുകണക്കിന് സ്ത്രീകളെ സ്വാശ്രയത്വത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതും ലക്ഷ്യമിടുന്നു എന്നാണ് ചിന്താമണി വ്യക്തമാക്കുന്നത്.
Also Read: ആരോഗ്യവും ആവേശവും നിറയ്ക്കാൻ 'സിനി മാജിക്കൽ ഗ്ലോ റൺ'; റാമോജി ഫിലിം സിറ്റിയിൽ ഈ മാസം 14-ന് മാരത്തോൺ

