മുടികൊഴിച്ചിലും താരനും അകറ്റാൻ സാംബ്രാണി പുക; മുത്തശ്ശിമാരുടെ സൗന്ദര്യരഹസ്യം ഇങ്ങനെ
തലമുറകളായി ദക്ഷിണേന്ത്യൻ കുടുംബങ്ങളാണ് ഈ രീതി കൂടുതലായും പിന്തുടരുന്നത്. സാംബ്രാണിയുടെ സുഗന്ധമുള്ള പുക വീടിനെ ശുദ്ധീകരിക്കുമെന്നും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുമെന്നുമാണ് വിശ്വാസം

Published : July 9, 2026 at 10:51 AM IST
നനഞ്ഞ മുടി പെട്ടെന്ന് ഉണക്കാൻ ഹെയർ ഡ്രയറുകൾ ഉപയോഗിച്ച് മുടികൊഴിച്ചിലും വരൾച്ചയും ക്ഷണിച്ചുവരുത്തുന്നവരാണോ നിങ്ങൾ?. എന്നാൽ യാതൊരുവിധ ആധുനിക സൗന്ദര്യവർധക വസ്തുക്കളുടെയും സഹായമില്ലാതെ നമ്മുടെ മുത്തശ്ശിമാർ ഇടതൂർന്ന കേശഭാരം കാത്തുസൂക്ഷിച്ചതിന് പിന്നിലൊരു വലിയ രഹസ്യമുണ്ട്. മുടി ഉണക്കുന്നതിനൊപ്പം തലയോട്ടിക്കും മാനസിക ഉന്മേഷത്തിനും ഗുണകരമാകുന്ന സാംബ്രാണി പുകയെന്ന ആ അത്ഭുതവസ്തുവാണ് അവരുടെ സൗന്ദര്യരഹസ്യം.
പുരാതന പാരമ്പര്യം
തലമുറകളായി ദക്ഷിണേന്ത്യൻ കുടുംബങ്ങളാണ് ഈ രീതി കൂടുതലായും പിന്തുടരുന്നത്. സാംബ്രാണിയുടെ സുഗന്ധമുള്ള പുക വീടിനെ ശുദ്ധീകരിക്കുമെന്നും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുമെന്നുമാണ് വിശ്വാസം. കുഞ്ഞുങ്ങളെ കുളിപ്പിച്ചശേഷവും പരമ്പരാഗതമായി സാംബ്രാണി ഉപയോഗിക്കാറുണ്ട്. പുക കുഞ്ഞുങ്ങൾക്ക് ചൂടുനൽകാനും ജലദോഷം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് കരുതുന്നത്. അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പമുള്ളതിനാൽ മുടി പൂർണമായും ഉണങ്ങാൻ ബുദ്ധിമുട്ടുള്ള മഴക്കാലത്താണ് ആളുകൾ ഈ രീതി കൂടുതലായി ഉപയോഗിച്ചിരുന്നത്.
തലയോട്ടി വരണ്ടതാക്കും, താരൻ കുറയ്ക്കും
മഴക്കാലത്തും ശൈത്യകാലത്തും മുടി കഴുകിയശേഷം തണുത്ത കാലാവസ്ഥ കാരണം തലയോട്ടിയിൽ കൂടുതൽ നേരം നനവ് നിൽക്കും. തുടർച്ചയായി നനഞ്ഞിരിക്കുന്ന തലയോട്ടി ഫംഗസ് വളർച്ചയ്ക്കും ചൊറിച്ചിലിനും താരനും കാരണമാകും. പരമ്പരാഗത രീതികളനുസരിച്ച് കഴുകിയ മുടിയിൽ സാംബ്രാണി പുക കൊള്ളിക്കുന്നത് തലയോട്ടിയിൽനിന്നും മുടിയുടെ വേരുകളിൽനിന്നും അധിക ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും. ഇത് മുടി വേഗത്തിൽ ഉണങ്ങാൻ കാരണമാകുന്നു. പല വീടുകളിലും വേപ്പിലയും തുളസിയും പോലുള്ള ഔഷധസസ്യങ്ങൾ ചേർത്താണ് സാംബ്രാണി കത്തിക്കുന്നത്. ആയുർവേദ പ്രകാരം ഈ ഔഷധസസ്യങ്ങൾക്ക് ആൻ്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ട്. തലയോട്ടിയെ ശുദ്ധിയാക്കാൻ പുക സഹായിക്കുമെങ്കിലും ഈ ഗുണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ പരിമിതമാണ്.
സാംബ്രാണി പുകയിൽനിന്നുള്ള ഇളംചൂട് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുമെന്നാണ് വിശ്വാസം. മെച്ചപ്പെട്ട രക്തയോട്ടം രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കാൻ സഹായിക്കും. ഇത് മുടിയുടെ വേരുകൾക്കും ആരോഗ്യകരമായ വളർച്ചയ്ക്കും ഗുണകരമാകും. പരമ്പരാഗത രീതികളിൽ വേരൂന്നിയതാണ് ഈ വിശ്വാസങ്ങളെങ്കിലും മുടിവളർച്ചയിൽ സാംബ്രാണിക്കുള്ള സ്വാധീനം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ ഗവേഷണങ്ങൾ ആവശ്യമാണ്.
മനസ്സിന് ശാന്തത നൽകുന്ന സാംബ്രാണി
മഴ നനഞ്ഞശേഷമോ മുടി കഴുകിയശേഷമോ കൂടുതൽ നേരം മുടി നനഞ്ഞിരുന്നാൽ ചിലപ്പോൾ അസുഖകരമായ ദുർഗന്ധമുണ്ടാകാം. സാംബ്രാണി ഒരു പ്രകൃതിദത്ത സുഗന്ധമായി പ്രവർത്തിക്കുന്നതിനാൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന സുഗന്ധം മുടിയിൽ നിലനിർത്തും. പലരും ഇത് ഉപയോഗിക്കുന്നത് ഇതിൻ്റെ സുഗന്ധം ആസ്വദിക്കുന്നതുകൊണ്ടാണ്. സാംബ്രാണിയുടെ സുഗന്ധം മുടി സംരക്ഷണവുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. പലരും അതിൻ്റെ സുഗന്ധത്തിൽ വിശ്രമവും ആശ്വാസവും കണ്ടെത്തുന്നുണ്ട്. ശാന്തമായ അനുഭൂതി നൽകുന്നതിനാൽ പ്രാർഥനകളിലും ധ്യാനത്തിലും ഈ പുക പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇതിൻ്റെ സ്വാഭാവിക ആൻ്റിമൈക്രോബയൽ ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. എന്നിരുന്നാലും ഈ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.
മിതമായി ഉപയോഗിക്കുക
സാംബ്രാണി ഇപ്പോഴും ഒരു പരമ്പരാഗത രീതിയായി തുടരുന്നുണ്ടെങ്കിലും ഇത് ഇടയ്ക്കിടെ ഉപയോഗിക്കരുതെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പുക പതിവായി ശ്വസിക്കുന്നത് ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിന് നല്ലതല്ല. ഈ രീതി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ആയി ഇത് പരിമിതപ്പെടുത്തുന്നതാണ് സുരക്ഷിതം. ആസ്ത്മ, അലർജി അല്ലെങ്കിൽ മറ്റ് ശ്വാസകോശ പ്രശ്നങ്ങളുള്ളവർ പ്രത്യേകിച്ചും ജാഗ്രത പാലിക്കണം. ഇവർ പുകയുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. പല പരമ്പരാഗത രീതികളെയും പോലെ ഇടയ്ക്കിടെ ഉപയോഗിക്കുമ്പോൾ സാംബ്രാണി സുഖകരമായ ഒരു സ്വയം പരിചരണ രീതിയായി മാറും. എന്നിരുന്നാലും ഇത് മുടിയുടെ ശുചിത്വം, സമീകൃതാഹാരം, ശരിയായ തലയോട്ടി പരിചരണം എന്നിവയ്ക്ക് പകരമാകരുത്.
(അറിയിപ്പ്: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും ശിപാർശകളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുൻപ് ഒരു ഹെയർ പ്രൊഫഷണലിൻ്റെ ഉപദേശം തേടേണ്ടതാണ്).
Also read:മാങ്ങയുമല്ല ഇഞ്ചിയുമല്ല..അറിയാം കാന്‍സര്‍ പ്രതിരോധത്തിലെ പ്രധാനിയായ നാടന്‍വിളയെ

