ഇറാനെ എന്തുകൊണ്ട് അമേരിക്കയും ഇസ്രയേലും ആക്രമിച്ചു? അഞ്ച് കാരണങ്ങള്‍ ഇവയാണ്...
ഇറാൻ്റെ വലിയ തോതിലുള്ള ആണവ കേന്ദ്രങ്ങളും മിസൈൽ ശേഖരവും ആഗോള തലത്തിൽ ഭീഷണി ഉയർത്തുമെന്ന ആശങ്ക ഇരുരാജ്യങ്ങൾക്കുമുണ്ട്.

Published : February 28, 2026 at 7:12 PM IST
ടെഹ്റാൻ: ദീർഘകാലമായി തുടരുന്ന ഏറ്റുമുട്ടലിന് ആക്കം കൂട്ടിക്കൊണ്ട് ഇറാന് എതിരെ സംയുക്ത ആക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേലും അമേരിക്കയും. മാസങ്ങളായി തുടർന്ന സൈനിക പരിശീലനവും നയതന്ത്രവും ഇപ്പോൾ തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങിയിരിക്കുന്നു. ആക്രമണം മേഖലയെ ഒരു യുദ്ധ പൂർണ അന്തരീക്ഷത്തിലേയ്‌ക്ക് നയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫിസുകൾക്ക് സമീപമാണ് ആക്രമണം നടന്നത്. ഇത് ഖമനേനിയുടെ ഭരണകൂടത്തെ ദുർബലപ്പെടുത്താനും സാധ്യത ഏറെയാണ്.
ഇസ്രയേലും അമേരിക്കയും ഒരുപോലെ ഇറാൻ്റെ ആണവ സമ്പൂഷ്‌ടീകരണത്തേയും മിസൈൽ നിർമ്മാണത്തേയും ഭയക്കുന്നുണ്ട്. ഇറാൻ്റെ വലിയ തോതിലുള്ള ആണവ കേന്ദ്രങ്ങളും മിസൈൽ ശേഖരവും ആഗോള തലത്തിൽ ഭീഷണി ഉയർത്തുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുരാജ്യങ്ങളും വ്യോമാക്രമണത്തിന് തുനിഞ്ഞിറങ്ങിയത്. ഇറാൻ്റെ തുടർച്ചയായ ആക്രമണാത്മക പ്രവർത്തനങ്ങൾ തടയുന്നതിനും ഭീഷണികൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇറാൻ്റെ മിസൈൽ ശേഖരത്തിന് നേരെ ആക്രമണം നടത്തിയത്. ആക്രമണാത്മക പ്രവർത്തികൾക്ക് അറുതി വരുത്താൻ ഇറാനെതിരെ യുദ്ധം ചെയ്യണമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ആക്രമണം നിലനിൽപ്പിന് വേണ്ടിയാണ് നടത്തിയതെന്നും ഇത് ഒരു മുൻകരുതൽ നീക്കമാണെന്നുമാണ് ഇസ്രയേൽ പറയുന്നത്. ഇറാൻ്റെ പിന്തുണയോട് കൂടി വർഷങ്ങളായി നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇത് ചെയ്‌തതെന്നും ഇസ്രയേൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം ഇറാൻ തള്ളിക്കളഞ്ഞു. തങ്ങളുടെ പരമാധികാരത്തിനേറ്റ ക്ഷതമാണ് ഇതെന്നും തിരിച്ചടി ഉടൻ ഉണ്ടാകുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ വ്യോമാതിർത്തി അടച്ചിട്ടതിനാൽ ഗൾഫ് രാജ്യങ്ങൾക്ക് മുകളിലൂടെയായിരിക്കും മിസൈൽ ആക്രമണം ഉണ്ടാവുക.
പശ്ചിമേഷ്യയിലുടെ നീളം ഇറാൻ്റെ സൈന്യം ഇസ്രയേലിനെതിരേയും അമേരിക്കയ്‌ക്ക് എതിരേയും നിരന്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സൈനിക ലക്ഷ്യങ്ങൾക്കൊപ്പം, ആക്രമണങ്ങൾ ഇറാനിലെ ഖമേനി ഭരണകൂടത്തെ ദുർബലപ്പെടുത്തുമെന്നും ലോക നേതാക്കം അഭിപ്രായപ്പെടുന്നു. ഇറാൻ്റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ഇസ്രായേലിന് മാത്രമല്ല, അമേരിക്കൻ സേനയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണി ഉയർത്തുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ ആക്രമണം യുദ്ധത്തിൻ്റെ മുന്നോടിയാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധ സമാനമായ അന്തരീക്ഷമാണ് ഇപ്പോൾ ഇറാനിൽ കാണാൻ കഴിയുന്നത്.
ഇസ്‌ഫഹാൻ, ഖോം, തുടങ്ങി ഇറാനിലെ പല നഗരങ്ങളിലും ആക്രമണം നടന്നതായി ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇറാനിൽ വ്യോമ, കടൽ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. യുദ്ധ ഭീതി മൂലം ഇസ്രയേലിലും ഇറാനിലും ഉള്ളവർ അഭയം തേടുകയാണ്.
ഇറാനെ ആക്രമിക്കാനുള്ള അഞ്ച് കാരണങ്ങള്‍ ഇവ
1. ആണവായുധ ഭീഷണി
ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതായും ആണവായുധം നിർമ്മിക്കാൻ വളരെ അടുത്തെത്തിയതായും ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും അത് തടയാൻ ഏത് അറ്റകൈ പ്രയോഗിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
2. സംഘടനകള്‍ക്കുള്ള പിന്തുണ
ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസ് (ഗസ), ഹിസ്ബുള്ള (ലെബനൻ), ഹൂതികൾ (യമൻ) തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ പണവും ആയുധങ്ങളും നൽകുന്നു എന്നതാണ് മറ്റൊരു പ്രധാന കാരണം. മേഖലയിലെ സമാധാനം തകർക്കാൻ ഇറാൻ ഈ 'പ്രോക്സി' ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുവെന്ന് അമേരിക്കയും ഇസ്രയേലും വിശ്വസിക്കുന്നു.
3. നേരിട്ടുള്ള ആക്രമണങ്ങൾ
2024 ഏപ്രിലിലും ഒക്ടോബറിലും ഇറാൻ നേരിട്ട് ഇസ്രയേലിന് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് (ഫെബ്രുവരി 28) നടന്ന ആക്രമണം ഈ പ്രതികാര നടപടിയുടെ ഭാഗമാണ്.
4. മേഖലാ സുരക്ഷയും അമേരിക്കൻ താൽപ്പര്യങ്ങളും
ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളും അമേരിക്കയെ ചൊടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കാനും ഇറാൻ്റെ സ്വാധീനം കുറയ്ക്കാനും അമേരിക്കൻ സൈന്യം നേരിട്ട് യുദ്ധത്തിൽ പങ്കുചേരുന്നു.
5. ഭരണകൂട മാറ്റം
ഇന്നത്തെ പ്രസ്താവനയിൽ നെതന്യാഹു സൂചിപ്പിച്ചത് "ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കും" എന്നാണ്. അതായത്, ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കി തങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കുക എന്നതും ഈ ആക്രമണത്തിൻ്റെ ലക്ഷ്യമാണ്.


